ADVERTISEMENT

വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വീട്ടമ്മമാർക്കാണ് ടെൻഷൻ. ഒരു നേരമാണെങ്കിൽ വലിയ കുഴപ്പമില്ലാതെ ഭക്ഷണം ഒരുക്കാമെങ്കിലും ഒന്നിലധികം ദിവസം വിരുന്നുകാർ താമസിച്ചാലോ? ഓരോ ദിവസവും വ്യത്യസ്തമായി എന്ത് ഒരുക്കുമെന്ന ചിന്തയായിരിക്കും വീട്ടമ്മമാർക്ക്. പ്രാതൽ മുതൽ അത്താഴം വരെ മെനുവിൽ പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വരും. മകളും മരുമകനും വീട്ടിൽ വിരുന്നിനെത്തിയപ്പോഴുണ്ടായ അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് തൃപ്പൂണിത്തുറയിൽനിന്നു ബിന്ദു രാമചന്ദ്രൻ.

മൂന്നാലു മാസം മുൻപാണ്. ഒന്നര വർഷത്തിനു ശേഷം മകളും മരുമകനും ആദ്യമായി‌ വീട്ടിലെത്തി. ഉത്തർപ്രദേശിൽ ജനിച്ച് കുട്ടിക്കാലം ബെൽഗാമിലെ ആർമി സ്‌കൂൾ ഹോസ്റ്റലിൽ കഴിച്ചു കൂട്ടിയ വ്യക്തിയാണ് മരുമകൻ. കേരളീയ വിഭവങ്ങൾ അത്രയ്ക്ക് പരിചയമില്ലാത്ത മരുമകന് പുതുമയുള്ള എന്ത് വിഭവം ഒരുക്കുമെന്ന ചിന്തയായിരുന്നു എനിക്ക്. 

‘‘അമ്മേടെ കൈ കൊണ്ടുള്ള ബിരിയാണി, അമ്മേടെ വക സാമ്പാർ, നൂൽപ്പുട്ട്, ആഹാ ഓഹോ...’’ – വന്ന ദിവസം മുതൽ മകൾ വിവരിക്കാൻ തുടങ്ങി. മോളുടെ ‘ഹൈ ഡെസിബൽ’ അഭിപ്രായ പ്രകടനം എനിക്കൊരു ചാലഞ്ചായി. ഓരോ നേരവും ഓരോ മെനുവെന്ന കണക്കിൽ ഞാൻ പാചകം ചെയ്തു. അങ്ങനെ അ‍ഞ്ചു ദിവസം കഴിഞ്ഞപ്പോൾ കളി മാറി. 

പുതുമയുള്ള എന്തു വിഭവം ഇനി തയാറാക്കും? – ഞാൻ സ്വയം ചോദിച്ചു.

അങ്ങനെ തലേന്നത്തേ നൂൽപ്പുട്ടു പിറ്റേന്ന് ഉപ്പുമാവായും ഉരുണ്ട കൊഴുക്കട്ട പരന്ന പത്തിരിയായും രൂപാന്തരപ്പെട്ടു. 

പിന്നെ ദോശ വാരം. 

രാവിലത്തെ സാമ്പാർ ഉച്ചയ്ക്കും പറ്റിയാൽ വൈകിട്ടും വിട്ടു പിരിയാതെ കൂട്ടിനുണ്ട്. കട്ട ചമ്മന്തിക്ക് നീളം കൂടി കൂടി അവസാനം ‘ച’ ഇവിടെയും ‘മ്മത്തി’ അവിടെയുമായി.

അങ്ങനെ പത്താം നാൾ തലയിൽ കൈവച്ചു പോയി. 

രാവിലെ എന്തുണ്ടാക്കും എന്നായിരുന്നു ചിന്ത.

തലേന്നത്തെ ചോറ് ബാക്കിയുണ്ട്. തൈരും അച്ചാറും കൂട്ടി പഴങ്കഞ്ഞി ആക്കിയാലോ?

ആണ്ടിലൊരിക്കൽ വിരുന്നു വരുന്ന മരുമകന് പഴങ്കഞ്ഞി കൊടുക്കുന്ന ആദ്യത്തെ അമ്മായിയമ്മ ഞാനാകുമോ? 

വാക്കുകളിലൂടെ തലച്ചോറിന് മോഹന വാഗ്ദാനം നൽകിയാൽ നാക്കിലെ രസമുകുളങ്ങൾ ഉത്തേജനം ചെയ്യപ്പെട്ടാലോ... എല്ലാം മായയല്ലേ? 

അവതരണം ഗംഭീരാക്കി വായിൽ കപ്പലിറക്കി നോക്കാം. 

ഞാൻ പറഞ്ഞു തുടങ്ങി..

‘ Dear Son...Today I’m going to make a special dish for you. Soaked rice with special ingredients. It may taste some what like rice. But....it’s different. it’s called Pazham Kanji...’

ഇത് കേട്ടതും മൊബൈലിൽ മുഴുകിയിരുന്ന മരുമകൻ എല്ലാം തലകുലുക്കി ശരിവച്ചിട്ട് വീണ്ടും മൊബൈലിൽ നോക്കി ഇരിപ്പായി.

ഇത് കേട്ടതും മോൾ അടുത്തു വന്നു ചെവിയിൽ?‍ പറഞ്ഞു – ‘ഓരോ ഉടായിപ്പ് ഡയലോഗ്.. തലേന്നത്തെ ചോറിൽ തൈര് ഒഴിച്ചതാണെന്നു മര്യാദയ്ക്ക് പറഞ്ഞൂടേ അമ്മേ...’

‘എടീ... ജീവിതകാലം മുഴുവൻ ഹോസ്റ്റലിൽ കഴിഞ്ഞവനാ. പഴങ്കഞ്ഞി കുടിച്ചിട്ടില്ലെന്നുറപ്പ്. നമ്മളായിട്ടു നമ്മുടെ വില കളയണ്ട. ഇതെന്തോ സംഭവം ആണെന്ന് കരുതി കഴിച്ചോട്ടെ....’

മനോഹരമായ കണ്ണാടിപ്പാത്രത്തിൽ കുറച്ചു പഴങ്കഞ്ഞിയും കൂടെ കാൽകപ്പ് തൈരും അച്ചാറും ഇട്ടു കലക്കി ഡെക്കറേഷന് ഉപ്പരിയും മുൻപിൽ വച്ചുകൊടുത്തു.   

ഉണക്ക ചപ്പാത്തി പോലും രുചിച്ചാസ്വദിച്ചു തിന്നുന്നവനെ പറ്റിച്ച മനഃസ്താപത്തിൽ ഞാൻ കളം കാലിയാക്കി. പത്തു മിനിറ്റ് കഴിഞ്ഞു പ്രദക്ഷിണം വച്ചൊന്നു പാളി നോക്കി..

സംഭവം അവിടെത്തന്നെയുണ്ട്., മരുമകൻ തൊട്ടിട്ടില്ല. അതു പഴങ്കഞ്ഞി ആണെന്ന് അവനു മനസ്സിലായിട്ടുണ്ടാവും. മര്യാദയ്ക്ക് ഉള്ളത് പറഞ്ഞാൽ മതിയായിരുന്നു. ശോ... ഈ ബിൽഡ്പ്പ് ഒക്കെ വേണ്ടായിരുന്നു.. 

‘മോനെ....’

Yes....Amma

എന്താ കഴിക്കാത്തേ...’

I’m waiting....

ഹെന്തിന്....?

You said Pazham Kanji Na? Kanji is here. Where is Pazham?

Manorama Online Pachakam Ruchikadha Series - Bindhu Ramakrishnan Memoir
ബിന്ദു രാമചന്ദ്രൻ

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Bindhu Ramakrishnan Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com