ADVERTISEMENT

ആരോഗ്യസംരക്ഷണത്തില്‍ ലോകത്തിന് തന്നെ മലയാളി നല്‍കിയ സംഭാവനയാണ് പോഷകസമൃദ്ധമായ കഞ്ഞി. മലയാളത്തിന്റെ ഇഷ്ടഭക്ഷണം. പലവിധത്തിലുള്ള രുചിക്കൂട്ടില്‍ ദിവസം മുഴുവനും കഞ്ഞീം കറീം കിട്ടുന്ന നെല്ലിക്കയിലെ കഞ്ഞിവിശേഷങ്ങള്‍ കാണാം. ഭക്ഷണവൈവിധ്യം കൊണ്ട് സമ്പന്നമാണെങ്കിലും മലയാളിയുടെ ഇഷ്ടരുചിക്കൂട്ടാണ് കഞ്ഞീം ചമ്മന്തിയും. പുതുതലമുറയ്ക്ക് കഞ്ഞിയുടെ രുചിപ്പെരുമ പരിചയപ്പെടുത്തുകയാണ് നെല്ലിക്ക ബുത്തീക് റസ്റ്ററന്റ്. കൊച്ചി കാക്കനാട് ഇന്‍ഫോ പാര്‍ക്കിനും രാജഗിരികോളജിനും ഇടയ്ക്കാണ് നെല്ലിക്ക റസ്റ്ററന്റ്.

 

നെല്ലിക്കയുടെ കഞ്ഞി വെറൈറ്റികള്‍ ഇതൊക്കെയാണ്. നെല്ലിക്ക സ്പെഷല്‍ കഞ്ഞി, തൈര് കഞ്ഞി, പഴങ്കഞ്ഞി, പയര്‍ കഞ്ഞി, പിന്നെ പലതരം ധാന്യങ്ങള്‍ കൊണ്ടുള്ള മില്ലെറ്റ്കഞ്ഞി. കഞ്ഞിക്ക് കൂട്ടൊരുക്കുന്ന വിഭവങ്ങളറിഞ്ഞാല്‍ നാവില്‍ കപ്പലോടും. തേങ്ങ ചമ്മന്തി, ഉണക്കമീന്‍ ചമ്മന്തി, കടല റോസ്റ്റ്, ചെറുപയര്‍ തോരന്‍, ബീഫ് ഫ്രൈ,കക്ക ഫ്രൈ, നത്തൊലി വറുത്തത്, മത്തി വറുത്തത്, മീന്‍ കറി പിന്നെ കഞ്ഞിയുടെ സ്വന്തം കൂട്ടായ കപ്പ. പാലക്കാട്ടുകാരനായ ഹരിദാസാണ് കൊച്ചിയുടെ പുതുതലമുറയെ കഞ്ഞികുടിപ്പിക്കുന്നത്. 2019ല്‍ ഏറെ പ്രതീക്ഷയോടെയാണ് ഹരിദാസ് നെല്ലിക്ക തുടങ്ങിയത്. കളം പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും കോവിഡ് സ്വപ്നങ്ങള്‍ ലോക്ക് ഡൗണാക്കി. എന്നാല്‍ കോവിഡ് രക്ഷയായതാണ് പിന്നത്തെ അനുഭവം.

 

തന്റെ കസ്റ്റമേഴ്സിലധികവും പുതുതലമുറക്കാരാണെന്നാണ് ഹരിദാസിന്റെ പക്ഷം. നെല്ലിക്ക സ്പെഷല്‍ കഞ്ഞിക്കും, പഴങ്കഞ്ഞിക്കുമാണ് ആവശ്യക്കാരേറെ. ചെറിയ തുകയ്ക്ക് കഞ്ഞി അണ്‍ലിമിറ്റഡായി കിട്ടുമെന്നത് നെല്ലിക്കക്ക് ആരാധകരെക്കൂട്ടി. നെല്ലിക്കയിലെത്തി കഞ്ഞികുടിക്കുന്നവരും പാഴ്സല്‍ ഒാര്‍ഡറുകളും ധാരാളം. രാവിലെ 11 മണി മുതല്‍ രാത്രി ഒന്‍പതര വരെ സജീവമാണ് നെല്ലിക്ക. കീശകാലിയാകാതെ വയറുനിറയെ രുചിയും പോഷകവും സമം ചേര്‍ന്ന ഭക്ഷണം നല്‍കുക എന്നതാണ് നെല്ലിക്കയുടെ ലക്ഷ്യം. പഴമയുടെ പിഞ്ഞാണത്തില്‍ പുതുതലമുറയെ വയറുനിറയെ ഗൃഹാതുരത്വമൂട്ടുകയാണ് നെല്ലിക്ക.

 

Content Summary : Nellikka boutique restaurant kakkanad Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com