ADVERTISEMENT

കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാൻ പോയിട്ട് കടം പറയേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ? തുക ചെറുതോ വലുതോ ആയാലും, കടയുടമയുടെ നോട്ടം എത്രകാലം കഴിഞ്ഞാലും മറക്കാനാവില്ല. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ മനോജ് കുമാർ ധർമടം.

 

വർഷങ്ങൾക്കു മുൻപ്, പെട്ടിക്കടകളുടെ മുൻപിൽ സ്ഥാനം പിടിച്ചിരുന്ന ഗോലി സോഡ കുപ്പികളായിരുന്നു കൊച്ചു കുട്ടികളുടെ ശ്രദ്ധ നേടിയിരുന്നത്. നീല നിറമുള്ള ചില്ലുകുപ്പിയുടെ കഴുത്തു ഭാഗത്ത് തെളിഞ്ഞു കണ്ടിരുന്ന ഗോലി കടക്കാരൻ പ്രത്യേക രീതിയിൽ ചലിപ്പിക്കുമ്പോൾ ശൂൂൂൂ...എന്ന ശബ്ദത്തിൽ പതയോടെ സോഡ പതയും. കുടിച്ചു കഴിയുമ്പോൾ മൂക്കിൽനിന്നോ തൊണ്ടയിൽനിന്നോ പുറത്തു വരുന്ന ‘ഗ്യാസ്’ വല്ലാത്തൊരു അനുഭവമാണ്. 

 

അവധിക്കാലത്ത് അമ്മയുടെ വീട്ടിൽ പോയി നിൽക്കുക പതിവായിരുന്നു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തായിരുന്ന ഇൗ സംഭവം. കുട്ടിക്കാലത്തുണ്ടാക്കിയ ആ ‘ടെൻഷൻ’ പീന്നിട് ഒാർക്കുമ്പോൾ ചിരിവരും. ആ അവധിക്കാലത്തും പതിവുപോലെ സ്റ്റീൽ പാത്രത്തിൽ കരിങ്ങാലി ചൂടാക്കിയ വെള്ളം അച്ചാച്ചന്റെ കടയിൽ കൊണ്ടു കൊടുക്കുക പതിവായിരുന്നു. അതിനു ശേഷം അച്ചാച്ചന്റെ സ്വർണപ്പണിശാലയിൽ സഹായിക്കും. ശനിയാഴ്ച വൈകുന്നേരം വല്ലതും തടയും. അന്നു വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോൾ കവലയിലെ തട്ടുകടയിൽ നിന്ന് ‘ഗോലി സോഡ’ കുടിക്കാൻ ആഗ്രഹം തോന്നി. 50 പൈസയാണ് അന്നത്തെ വില എന്നാണ് എന്റെ ഓർമ. പൈസ കൊടുക്കാൻ നോക്കിയപ്പോൾ കീശയിൽ 20 പൈസ മാത്രം. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ തോന്നി. ഒരുവിധം ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു – ചേട്ടാ... രാവിലെ കൊണ്ടുവന്നു തരാം.

 

അതിനു ശേഷം നടന്നത് കടക്കാരന്റെ വിസ്താരമായിരുന്നു – നീ ഏതു വീട്ടിലാണ്, അച്ചാച്ചന്റെ വീട്, അമ്മാവന്റെ പേര് തുടങ്ങിയ ചോദ്യങ്ങൾ. 

വിക്കി വിക്കിയാണെങ്കിലും മറുപടി കൃത്യമായി പറഞ്ഞു. കടക്കാരന് അച്ചാച്ചനെ അറിയാവുന്നതുകൊണ്ട് നാളെ മതി എന്ന് പറഞ്ഞ് എന്നെ വിട്ടു.

Manorama Online Pachakam Ruchikadha Series - Manoj Kumar Memoir

തിരികെ നടക്കുമ്പോൾ ഞാനിടയ്ക്കു തിരിഞ്ഞ് കടക്കാരനെ നോക്കി. ‘മുപ്പത് പൈസയ്ക്ക്’ ഞാൻ ആദ്യമായി കടക്കാരനായി.

 

പിറ്റേ ദിവസം രാവിലെ തന്നെ അച്ചാച്ചനോട് ചോദിച്ചു ഞാൻ ബാക്കി പൈസ കൊടുത്തു ‘കടം’ തീർത്തു. 

 

ആ മുപ്പത് പൈസ കടം ഒാർമയിൽ തങ്ങി നിൽക്കുന്നതു കൊണ്ട്, ഇപ്പോഴും ഹോട്ടലിൽ ചായയോ ഭക്ഷണമോ കഴിക്കാൻ കയറുന്നതിനു മുൻപ് പഴ്സിൽ ആവശ്യത്തിനു പണമുണ്ടോ എന്ന് ഉറപ്പു വരുത്താറുണ്ട്. മൊബൈൽ പേമെന്റ് ആപ്പുകളുണ്ടെങ്കിലും നെറ്റ്‌വർക്കോ ഫോൺ ചാർജോ പണിമുടക്കിയാൽ പണി പാളിയാലോ എന്ന ഭയം.

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Pachakam Ruchikadha Series - Manoj Kumar Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com