ADVERTISEMENT

കൊച്ചി ∙ നവ വത്സര ദിനത്തിലെ ലഞ്ചിനായുള്ള അടുക്കളയിലെ കൂട്ടപ്പൊരിച്ചിലിനിടയിൽ നിന്ന് ഷെഫുമാരെയും മാനേജർന്മാരെയും സർവീസിലുള്ളവരെയും എല്ലാവരെയും ഷെഫ് സുരേഷ് പിളള അടുത്തേക്ക് വിളിച്ചു. സമയം 12 മണി , അതിഥികൾ വന്ന് ഇരുന്നു തുടങ്ങി , പതിവില്ലാത്ത നേരത്തെ വിളികേട്ട് ജീവനക്കാർ എല്ലാവരും ഒന്നമ്പരന്നു. മനോരമ ബുക്സ് പുറത്തിറക്കുന്ന തന്റെ ജീവിത കഥ ‘രുചി നിർവാണ’ യുടെ കവർ അവരുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. ‘‘നിങ്ങളാണ് ഇന്നത്തെ വിശിഷ്ടാതിഥികൾ, പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്യുന്നത് നിങ്ങളാണ്.’’ ഷെഫ് സുേരഷ് പിള്ളയുടെ ജീവിത കഥ ‘രുചി നിർവാണ’ യുടെ കവർ പ്രകാശന ചടങ്ങായിരുന്നു അത്ര ലളിതമായി നടന്നത്.  പരസ്പരം പുതുവത്സരാശംസകൾ നേർന്ന് അവർ അടുക്കളയിലേക്ക് മടങ്ങി. പുസ്തകത്തിന്റെ രചനയും ചിത്രങ്ങളും മലയാള മനോരമ ചീഫ് ഫൊട്ടോഗ്രാഫർ റസൽ ഷാഹുലാണ്.

 

 

‘രുചി നിർവാണ’ എന്റെ ജീവിത കഥ

 

പുതുവർഷത്തിൽ ഏറെ ആഹ്ലാദത്തോടെ നിങ്ങളുമായി പങ്കു വയ്ക്കട്ടെ, എന്റെ ജീവിത കഥ മലയാള മനോരമ പുസ്തകമാക്കുകയാണ്. ‘രുചി നിർവാണ’ – എന്റെ രുചിക്കൂട്ടിനെ നിങ്ങളിലേക്ക് ഏറ്റവും അടുപ്പിച്ച നിർവാണയിൽ നിന്നു തന്നെ അതിന് പേരു കണ്ടെത്തി. എന്നെക്കുറിച്ച് മലയാള മനോരമ ഞായറാഴ്ച്ചയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അതേ പേരു തന്നെ. 

 

കൂലി വേലക്ക് പോകുന്ന അച്ഛനും അമ്മയും വൈകിട്ട് തെക്കുംഭാഗം ചന്തയിൽ നിന്ന് ജോലി കഴിഞ്ഞ് കൈ നിറയെ മീനുമായി വരും. സ്നേഹം ചാലിച്ച് അമ്മയത് കറിവെക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിൽക്കും. അത്താഴത്തിന് ചേട്ടനും ചേച്ചിയും എല്ലാവരും കൂടി നിലത്തിരുന്ന്  ചോറു തിന്നുന്നതിനിടെ അന്നത്തെ വിശേഷങ്ങൾ എല്ലാം പറഞ്ഞ് തീർക്കും. എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ വൈകിട്ട് തുറക്കുന്ന ചായക്കടയിൽ വിളമ്പുകാരനായി നിന്നും പ്രീ ഡിഡ്രി പൂർത്തിയാക്കാതെ പതിനേഴാം വയസ്സിൽ സെക്യൂരിറ്റി ജോലി ചെയ്തും ജീവിതത്തിന്റെ ഒഴുക്ക് ഞാൻ ആസ്വദിച്ചു തുടങ്ങി. ഇങ്ങനെ ചെറുപ്പം തൊട്ടുള്ള എന്റെ ഓർമകളെല്ലാം അക്ഷര രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മനോരമ ബുക്സ്.. മലയാള മനോരമയോട് എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

 

ഇന്ന് ഈ പുതുവർഷത്തിന്റെ പ്രഭാതത്തിൽ ‘രുചി നിർവാണ’യുടെ കവർ പ്രകാശിപ്പിക്കുകയാണ്. ആർസിപിയുടെ കരുത്തും അഭിമാനവുമായ ജീവനക്കാരാണ് ആ വിശിഷ്ടാതിഥികൾ. എന്റെ എല്ലാ വിജയത്തിന്റെയും ക്രെഡിറ്റിന് അവകാശികളായ പാചകപ്പോരാളികളാണ് ഇന്നത്തെ  താരങ്ങൾ...

 

മനോരമ ഏജന്റുമാരിൽ നിന്നും ഓഫിസുകളിൽ നിന്നും പ്രമുഖ ബുക് സ്റ്റാളുകളിൽ നിന്നും പുസ്തകം ഉടൻ ലഭിക്കും..

 

Content Summary : Chef Suresh Pillai's autobiographical book under the name of “Ruchi Nirvana” will soon be released by Malayala Manorama.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com