ചിക്കൻ ടിക്ക മസാലയെന്ന വിഭവത്തിന് ലോകമാസകലം ആരാധകരുണ്ടായതിന്റെ കഥ

HIGHLIGHTS
  • അലി അഹമ്മദിന്റെ പ്രയത്നത്താൽ ‘ബ്രിട്ടന്റെ ഏറ്റവും പ്രിയപ്പെട്ട കറി’ എന്നാണു ടിക്ക പിന്നീട് അറിയപ്പെട്ടത്.
chicken-tikka-masala
അലി അഹമ്മദ് അസ്‍ലമ്
SHARE

1970 ലെ പതിവ് സ്കോട്‌ലൻഡ് പ്രഭാതം. ഗ്ലാസ്ഗോയിലുള്ള ഷീഷ് മഹൽ റസ്‌റ്ററന്റിൽ ചിക്കൻ ടിക്ക കഴിച്ചുകൊണ്ടിരുന്ന ഒരാൾ ഹോട്ടലിന്റെ ഉടമയായ അലി അഹമ്മദ് അസ്‍ലമിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ' എനിക്ക് നിങ്ങളുടെ ടിക്ക ഏറെ ഇഷ്ടപ്പെട്ടു, പക്ഷേ, അൽപം ഗ്രേവി കൂടി ഒപ്പമുണ്ടായിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ' - അദ്ദേഹം അസ് ലമിനോടു പറഞ്ഞു. അതിൽ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നിയതുകൊണ്ടാവാം, അദ്ദേഹം ടിക്കയോടൊപ്പം ചേ൪ക്കാനായി ഒരു മസാലക്കൂട്ട് ഉണ്ടാക്കാൻ തീരുമാനിച്ചു. അങ്ങനെ തൈര്, ക്രീം, മറ്റു മസാലകൾ എന്നിവ അടങ്ങിയ സോസ് ഉപയോഗിച്ച് ചിക്കൻ ടിക്ക പാകം ചെയ്തു. ചൂടുള്ളതും എരിവു കൂടിയതുമായ ഗ്രേവി ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത നാട്ടുകാ൪ക്കായി ക്രീമം പരുവത്തിലുള്ള ഗ്രേവി പാകം ചെയ്തെടുത്തു. ആദ്യത്തെ ചിക്കൻ ടിക്ക മസാല അങ്ങനെ പിറവിയെടുത്തു. 

2009-ൽ, അന്നത്തെ ഗ്ലാസ്‌ഗോ സെൻട്രലിലെ ലേബർ എംപിയായിരുന്ന മുഹമ്മദ് സർവാർ, ചിക്കൻ ടിക്ക മസാലയുടെ ജന്മനഗരമായി  ഗ്ലാസ്‌ഗോയെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കറിക്ക് EU പ്രൊട്ടക്റ്റഡ് ഡെസിഗ്നേഷൻ ഓഫ് ഒറിജിൻ പദവി നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം  ഹൗസ് ഓഫ് കോമൺസിൽ ഒരു പ്രമേയം അവതരിപ്പിക്കുക വരെ  ചെയ്തു. 

ആദ്യം സ്വീകാര്യത ലഭിച്ചില്ലെങ്കിലും അലി അഹമ്മദിന്റെ പ്രയത്നത്താൽ ‘ബ്രിട്ടന്റെ ഏറ്റവും പ്രിയപ്പെട്ട കറി’ എന്നാണു ടിക്ക പിന്നീട് അറിയപ്പെട്ടത്. അലിയുടെ പാചകക്കൂട്ട് ലോകമാസകലം പെട്ടെന്നു പടർന്നുപിടിച്ചു. അൽപം എരിവും പുളിയും ഇല്ലാതെ എന്തു ചിക്കൻ എന്നു കരുതിയിരുന്നവർക്കു ചിക്കൻ ടിക്ക മസാല പ്രിയപ്പെട്ട ഭക്ഷണമായി മാറി ചിക്കൻ ടിക്ക മസാല കണ്ടുപിടിച്ച പാക്കിസ്ഥാൻകാരൻ അലി അഹമ്മദ് അസ്‍ലമിന്റെ വേർപാട് ഭക്ഷണപ്രേമികൾ വേദനയോടെയാണു വായിച്ചറിഞ്ഞത്. കഴിഞ്ഞവ൪ഷം ഡിസംബറിൽ അന്തരിച്ച അദ്ദേഹം സ്കോട്‌ലൻഡിലേക്കു കുടിയേറിയ പാചകക്കാരനായിരുന്നു. 

ടിക്ക ആരാധകർക്കായി വീട്ടിൽ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന റെസിപ്പി പങ്കുവയ്ക്കുകയാണ് ഷെഫ് സുരേഷ് പിള്ള.

ഷെഫ് സുരേഷ് പിള്ളയുടെ ചിക്കൻ ടിക്ക

ടിക്കയെന്നും കബാബെന്നുമൊക്കെ പേരുള്ള അഫ്ഗാനി വിഭവങ്ങൾ തന്തൂർ അടുപ്പിൽ കൽക്കരി വച്ചാണു തയാറാക്കേണ്ടത്. എന്നാൽ, വീട്ടിൽ  അവ്‌നിലും നമുക്കിത് തയാറാക്കാം. എന്നാൽ, ചിലർ എണ്ണയൊഴിച്ച് ഉണ്ടാക്കാറുണ്ട്. അത് ആരോഗ്യത്തിനു ഹാനികരമാണ്.

3 ചിക്കൻ ബ്രസ്റ്റ് പീസ് കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് അതിൽ ആവശ്യത്തിന് ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ എണ്ണ, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങാനീര്, എന്നിവ ചേർത്ത് യോജിപ്പിച്ച് 20 മിനിറ്റ് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ അൽപം പോലും വെള്ളമില്ലാത്ത ഒരു കപ്പ് കട്ടത്തൈരും, ഒരു ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി, 1 ടേബിൾ സ്പൂൺ തന്തൂരി മസാല, 3 ഉലുവ ഇല ഇവയെല്ലാം ചേർത്ത് കുഴമ്പ് പരുവത്തിൽ കുഴയ്ക്കുക. ശേഷം നേരത്തെ മാറ്റിവച്ച ചിക്കനിൽ ചേർത്തു കുഴച്ച് ഫ്രിജിൽ 4 മണിക്കൂർ വയ്ക്കുക. തലേന്നു രാത്രി ഫ്രിജിൽ വച്ച് തയാറാക്കുന്നതിനു 2 മണിക്കൂർ മുൻപ് എടുത്ത് പുറത്തുവച്ചു തണുപ്പ് മാറ്റി ഉപയോഗിച്ചാൽ രുചി കൂടും.

പ്രീ ഹീറ്റഡ് ഓവനിലാണ് പാചകം ചെയ്യേണ്ടത്. ഇതിനായി അവ്ൻ 180 ഡിഗ്രി ചൂടാക്കി വയ്ക്കണം. ട്രേയിൽ ബട്ടർ തേച്ച് ഇറച്ചി വച്ചു വേവിച്ചെടുക്കാം. ചിക്കന്റെ മുകളിലും അൽപം ബട്ടർ തേച്ചാൽ സ്വാദ് കൂടും. മല്ലിയില, പുതിനയില, ചാട്ട്മസാല, ഉപ്പ് ഇവ അരച്ചെടുത്ത് നാരങ്ങാനീര് ചേർത്തിളക്കിയ ചട്നിയോടൊപ്പം കഴിക്കാം.

Content Summary : Chicken tikka masala is a dish consisting of roasted marinated chicken chunks in a spiced sauce.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS