‘മുതലയ്ക്ക് ആദരാഞ്ജലി നേരട്ടെ’; 100 കിലോ ഭാരമുള്ള മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ
Mail This Article
നിരത്തി ഇട്ടിരിക്കുന്ന വാഴയിലയിൽ നൂറ് കിലോഭാരമുള്ള മുതല, നല്ല സ്പൈസി മസാലയൊക്കെ പുരട്ടി ഗ്രിൽ ചെയ്താലോ? ഭക്ഷണപ്രേമികൾക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. രുചിക്കൂട്ടൊരുക്കാനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഫിറോസിന് ക്ഷണമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ ചില രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിരോധനമുള്ള ജീവികളെ ഉപയോഗിച്ച് തയാറാക്കുന്ന വിഡിയോകള്‍ കേരളത്തില്‍ വിവാദത്തില്‍ പെട്ടിട്ടുമുണ്ട്. ഈ വിഡിയോ തായ്‌ലന്‍ഡില്‍ നിന്നുള്ളതാണെന്നും അവിടെ ഇത് നിയമവിധേയമാണെന്നും എന്നാല്‍ ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവിടെ ആരും ഇത് പരീക്ഷിക്കരുതെന്നും വിഡിയോയില്‍ മുന്നറിയിപ്പുണ്ട്. ഏതായാലും മുതലയ്ക്ക് ആദരാഞ്ജലി നേര്‍ന്നുള്ള കമന്റുകളാണ് വിഡിയോയ്ക്കു കിട്ടിയിരിക്കുന്നത്.
ഒട്ടകം, ഓട്ടകപക്ഷി, മയിൽ, പെരുമ്പാമ്പ്...റോസ്റ്റും ഗ്രില്ലും കണ്ട് ഭക്ഷണപ്രേമികൾ അമ്പരന്നിട്ടുണ്ട്. ഏതായാലും ഇത്തവണ 100 കിലോ ഭാരമുള്ള ഒരു ഭീമന്‍ മുതലയെ ഗ്രില്‍ ചെയ്തെടുക്കുന്ന വിശേഷമാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഭാരമേറിയ മുതലയെ ഫിറോസും സുഹൃത്തുക്കളും ചേര്‍ന്നാണ് ഗ്രില്‍ ചെയ്യാന്‍ ചുമന്നുകൊണ്ടുവയ്ക്കുന്നത്. നന്നായി കഴുകി വൃത്തിയാക്കിയ മുതല ഭീമനുമേല്‍ തായ് മസാലയ്ക്കൊപ്പം നാട്ടിലെ മസാലക്കൂട്ടും ചേര്‍ത്താണ് പാചകം. അടിപൊളി ടേസ്റ്റ് എന്നാണ് മുതലയെ രുചിച്ചുനോക്കിയ ഫിറോസിന്റെയും കൂട്ടുകാരുടെയും അഭിപ്രായം. രുചിച്ചുനോക്കിയശേഷം ബാക്കി മുഴുവന്‍ മുതലയെയും തായ്ലൻഡുകാർക്കു കൊടുക്കാമെന്നും പറയുന്നുണ്ട്.
Content Summary : 100 Kg Biggest crocodile grilled video by Firoz Chuttipara.