ADVERTISEMENT

ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങിയ അന്ന്  മുതൽ ഇൻഡോറിലെ പിച്ചിനെ ചൊല്ലിയുള്ള  വിവാദങ്ങളും തലപൊക്കി തുടങ്ങി. ടീം ഇന്ത്യയുടെ കിടിലൻ ബാറ്റിങ് കാണാനായി ആദ്യ ദിനം  എത്തിയവരെ വരവേറ്റത് ബാറ്റർമാരുടെ ഡ്രസിങ് റൂമിലേക്കുള്ള ഘോഷയാത്രയാണ്. ബാറ്റേഴ്സിന്റെ പേടിസ്വപ്നമായി മാറിയ പിച്ചിൽ കളി തുടങ്ങി 30 മിനിറ്റിൽ തന്നെ പന്തിൽ വലിയ ടേൺ വന്നിരുന്നു. ഫലമോ അന്നൊരു ദിവസം കൊണ്ട് വീണത്  14 വിക്കറ്റുകളാണ് !

 

ഒരു വിഷയം നോക്കി ഇരുന്ന ട്രോളർമാർക്ക് ഇതോടെ ചാകരയായി.   ഇൻഡോറിലെ പിച്ചിനെ മീമുകളിലൂടെ നൂറുകണക്കിന് പേരാണ് ഇതോടെ കൊന്നു കൊലവിളിക്കാൻ തുടങ്ങിയത്. സ്പിന്നർമാരെ മാത്രം തുണയ്ക്കുന്ന  ഇൻഡോറിലെ ഈ പിച്ചിനെതിരെ ഇന്ത്യൻ മുൻ താരം ദിലിപ് വെങ്സർക്കാർ ഉൾപ്പെടെയുള്ളവരും രംഗത്ത് എത്തി.

മോശം പിച്ചൊരുക്കിയതിന് ഐസിസിയുടെ നടപടി ബിസിസിഐ നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. അതിനിടയിലാണ്  മുറിവിൽ മുളകു പുരട്ടുന്ന പോലെ സൊമാറ്റോയും സ്വിഗ്ഗിയും  കൂടി പിച്ചിനെ ട്രോളി രംഗത്ത് എത്തിയിരിയ്ക്കുന്നത്.

 

പോരേ പൂരം ...!

ഇൻഡോർ പിച്ചിൽ ഒരു ജിലേബിയിൽ ഉള്ളതിനേക്കാൾ വളവും തിരിവും ഉണ്ടെന്നായിരുന്നു സൊമാറ്റോയുടെ പരിഹാസം. ഒരു ജിലേബിയുടെ ചിത്രവും അവർ ഈ ട്വീറ്റിനൊപ്പം ചേർത്തിരുന്നു. സ്വിഗിയാകട്ടെ ചരിത്രത്തിന്റെ കൂട്ടുപിടിച്ചാണ് പിച്ചിനെ ട്രോളുന്നത്. ഇൻഡോറിലെ തനതു വിഭവമായ പോഹയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അവർ ഈ പിച്ചിനെ കൊന്നു കൊലവിളിക്കുന്നത്.

 

സൊമാറ്റോയുടെ ജിലേബി ട്വീറ്റിനെ അഭിനന്ദിച്ചു  നിരവധിപ്പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. കമ്പനിയുടെ വിപണതന്ത്രങ്ങളെ നമിച്ചു എന്നാണ് ഒരു വിരുതന്റെ പക്ഷം. ചിലരാകട്ടെ ആരാധകരുടെ  വിഷമതകളെ വിശപ്പാക്കി  മാറ്റാനുള്ള കച്ചവട തന്ത്രത്തെ അഭിനന്ദിക്കുന്നു. ഈ ട്വീറ്റിലെ ചിത്രം കണ്ടതോടുകൂടി ജിലേബി കഴിക്കാൻ പൂതി കൂടി എന്ന് കുമ്പസാരിക്കുന്നു വേറെ ചിലർ.

 

സംഭവം എന്തായാലും രണ്ടു ട്വീറ്റുകളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏറെ ആരാധകരെ നേടിക്കഴിഞ്ഞു.

ഇൻഡോറിലെ പിച്ചൊരുക്കിയവർ ആരാണോ, അവരിപ്പോൾ പറയുന്നുണ്ടാവും സൊമാറ്റോ, സ്വിഗ്ഗി... ; യൂ ടൂ ബ്രൂട്ടസ്!

 

Content Summary : Internet divided over zomato's foodie spin on India vs. Australia Test Match.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com