ADVERTISEMENT

‘പുട്ട് സം കൊക്കനട്ട് ഓയിൽ..
പുട്ട് സം കടുക് മണീസ്..
ലിറ്റിൽ കറിവേപ്പിലാസ്...
കടുക് വറ.. കടുക് വറ..കടുക് വറ..’

എന്ന  'അച്ചുവിന്റെ അമ്മ'യിലെ ഉർവശിയുടെ പാചകം ഓർമയുണ്ടോ? അതുപോലൊരു കടുകു വറുക്കലിന്റെ വിഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്റെ ട്വിറ്റർ ഹാൻഡിൽ കഴിഞ്ഞദിവസം പങ്കുവയ്ക്കുകയുണ്ടായി.

ഉത്തരേന്ത്യൻ വിഭവമായ ഖിച്ടിക്കു വേണ്ടി സ്മൃതി ഇറാനി കടുകു വറുക്കുകയാണ് വിഡിയോയിൽ.

പക്ഷെ അവർക്കൊരു സഹായി കൂടെയുണ്ട്. മൊബൈലിൽ നോക്കി റെസിപ്പി പഠിച്ചു കേന്ദ്രമന്ത്രിക്കൊപ്പം  കടുക് വറുക്കുന്ന ഈ ആൾ പക്ഷേ ചില്ലറക്കാരനല്ല. വർഷങ്ങളോളം ലോക കോടീശ്വരൻ പദവി അലങ്കാരമായി കൊണ്ട് നടന്ന, മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്.

'പോഷണത്തിലൂടെ ശാക്തീകരണം'  എന്ന പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനായിട്ടാണ് കോവിഡിന് ശേഷം  ആദ്യമായി ബിൽ ഗേറ്റ്സ്  ഇന്ത്യയിലെത്തുന്നത്. അടുപ്പിൽ  വച്ചിരിക്കുന്ന തവയിലേക്കു സ്മൃതി ഇറാനി എണ്ണ പകരുന്നതും തുടർന്ന് അവരുടെ നിർദ്ദേശപ്രകാരം ശ്രദ്ധയോടുകൂടി അതിൽ ബിൽഗേറ്റ്സ് കടുക് താളിച്ചെടുക്കുന്നതും വിഡിയോയിൽ കാണാം.

തന്റെ കംഫർട്ട് സോൺ  വിട്ട്  ഇങ്ങനെ ഒരു ശ്രമത്തിന് മുതിർന്ന ബിൽഗേറ്റ്സിനെ അഭിനന്ദിച്ച കേന്ദ്രമന്ത്രി വനിതാ – ശിശു – ശാക്തീകരണത്തിനു  ഗുണകരമായ വിധത്തിൽ  എന്തും ചെയ്യാൻ തയ്യാറായ ഒരു പങ്കാളിയെ കിട്ടിയതിലുള്ള സന്തോഷവും മറച്ചു വെച്ചില്ല.

കടുക് വറുത്തിടുക എന്ന പ്രയോഗത്തിനു രണ്ടു അർഥങ്ങളുണ്ട് 

. പാചകത്തിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് കറികളും മറ്റും തയ്യാറാക്കിയതിനുശേഷം, മുകളിൽ താളിക്കുന്നതിനായി വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് എടുക്കുക എന്നതാണെങ്കിൽ, ഭാഷയിലേക്ക് വരുമ്പോൾ, ഏതോ കാലത്ത് നടന്ന സംഭവങ്ങളെ കുറച്ചുകൂടി നാടകീയമാക്കുന്നതിനായി അല്പം പൊടിപ്പും തൊങ്ങലുമൊക്കെ ചേർക്കുന്നതിനെ ആണ് കടുക് വറുക്കുക എന്നത് കൊണ്ടു അർത്ഥമാക്കുന്നത്.

സംഭവം എന്തായാലും ഈ വിഖ്യാതമായ കടുകു വറ ഇന്റർനെറ്റിൽ തരംഗമായി, ലൈക്കുകളും കമന്റുകളും നിരവധിയാണ്. അല്ലേലും കടുക് വറുത്തിടൽ സായിപ്പിനു പണ്ടേ ശീലം ഉള്ളതാണല്ലോ! ... നൂറുകണക്കിന് പേരാണ് രസകരമായ കമന്റുകളുമായി ട്വീറ്റിനു താഴെ എത്തിയത്. ചിലരാകട്ടെ  പാചകവാത വില വർധനയെപ്പറ്റി വിമർശന രൂപത്തിലുള്ള  ചില കമന്റുകളും കേന്ദ്രമന്ത്രിയുടെ ട്വീറ്റിനു താഴെ ചേർത്തിട്ടുണ്ട്.

Content Summary : Bill Gates learns how to give tadka to khichdi from Smriti Irani, Viral Video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com