ADVERTISEMENT

അസം, ത്രിപുര, ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ തീൻമേശകളിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവിഭവമാണ് ഹിൽസ മത്സ്യം. വറുത്താലും മസ്റ്റാർഡ് സോസിൽ പാചകം ചെയ്താലും അതീവ രുചികരമായ ഈ മത്സ്യത്തിന് കിലോയ്ക്ക് 3000 രൂപയ്ക്കടുത്താണു വില.

ഭൂമധ്യരേഖാപ്രദേശത്തെ സമുദ്രജലത്തിൽ ജീവിക്കുന്ന ഈ മത്സ്യം പക്ഷേ മുട്ടയിടാനായി ശുദ്ധജല സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. മഴക്കാലമാകുന്നതോടെ ബംഗാൾ ഉൾക്കടലിൽനിന്നു ഗംഗ, ബ്രഹ്മപുത്ര നദികളിലേക്കു മുട്ടയിടാനായി നീന്തിയെത്തിയിരുന്ന ഹിൽസ, ഈ നദികളിലെ ഉയർന്ന മലിനീകരണത്തോതു മൂലം ക്രമേണ അപ്രത്യക്ഷമായിത്തുടങ്ങി.

സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2017 ൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കാലവർഷം ശക്തി പ്രാപിക്കുന്ന ജൂലൈയോടെ ഹിൽസ മുട്ടയിടാനായി നദികളിലേക്ക് യാത്ര തുടങ്ങു. ഇടവപ്പാതി അവസാനിക്കുന്ന ഒക്ടോബർ– നവംബർ വരെ ഇത് തുടരുമായിരുന്നു.

എന്നാൽ 1971- 72 കാലത്ത് ബറാക്ക ബാരേജിന്റെ പണി തുടങ്ങിയതോടെ മുട്ടയിടാനുള്ള ഹിൽസയുടെ യാത്രയും അവസാനിച്ചു. ഇതോടെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് അടക്കമുള്ള പ്രദേശങ്ങളിലെ മത്സ്യ പ്രേമികൾക്ക് ഹിൽസ സ്വപ്നമായി മാറുകയും ചെയ്തു

എന്നാൽ അടുത്തിടെ ബാരേജിന്റെ താഴ്ഭാഗങ്ങളിൽനിന്നു പിടികൂടിയ 30000 ത്തോളം ഹിൽസ കുഞ്ഞുങ്ങളെ അധികാരികൾ ഗംഗാനദിയിൽ തുറന്നു വിട്ടിരുന്നു. മാത്രമല്ല കഴിഞ്ഞദിവസം ചില ഹില്‍സ മത്സ്യങ്ങളെ ഉത്തർപ്രദേശിലെ മിർസാപുരിൽ കണ്ടെത്തുകയും ചെയ്തു.

അതിവേഗം യാത്ര ചെയ്യുന്ന ഹിൽസ, ജീവിക്കാൻ ഏറെ ഓക്സിജൻ ആവശ്യമായ ഇനമാണ്. അതുകൊണ്ടുതന്നെ മിർസാപുരിൽ ഗംഗയിൽ ഹിൽസയെ കണ്ടെത്തിയത്, ഗംഗാനദിയിലെ മലിനീകരണം കുറഞ്ഞു വരുന്നതിന്റെ സൂചനയാണെന്ന് ജലശക്തി മന്ത്രാലയത്തിന്റെ ദേശീയ ഗംഗ ശുചീകരണ യജ്ഞ ഉപദേഷ്ടാവ് സന്ദീപ് ബഹ്റ അഭിപ്രായപ്പെടുന്നു.

മിർസാപുരിൽ ഹിൽസാ തിരികെയെത്തിയതിന് പിന്നിലെ ശാസ്ത്രമെന്തുമാകട്ടെ, ഗംഗാനദിയിലൂടെ നീന്തിത്തുടിക്കുന്ന ഹിൽസക്കുഞ്ഞുങ്ങൾ അധികം വൈകാതെ തങ്ങളുടെ തീൻമേശകളിൽ എത്തും എന്ന പ്രതീക്ഷയിലാണ് ഉത്തർപ്രദേശിലെ ഭക്ഷണ പ്രേമികൾ.

ഹിൽസ ഫിഷ് കറിയുടെ രുചിക്കൂട്ട്

ഹിൽസ ഫിഷ് – 500 ഗ്രാം
ജീരകം – 1 ടീസ്പൂൺ
ഉപ്പ് – 2 നുള്ള്
കടുക് എണ്ണ – അര കപ്പ്
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
പച്ചമുളക് – 4
തിളപ്പിച്ച വെള്ളം – 2 കപ്പ്

തയാറാക്കുന്ന വിധം

  • മീൻ കഷ്ണങ്ങളിൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി കുറച്ചു സമയം വയ്ക്കുക.
  • ശേഷം മീൻ കഷ്ണങ്ങൾ ഷാലോ ഫ്രൈ ചെയ്ത് എടുക്കാം.
  • ഫ്രൈയിങ് പാനിൽ കടുക് എണ്ണ ഒഴിച്ച് അതിൽ ജീരകവും പച്ചമുളകും വഴറ്റി എടുക്കാം. ഇതിലേക്കു വറുത്ത മീൻ കഷ്ണങ്ങളും തിളച്ച വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കാം. കറിക്ക് കൊഴുപ്പ് ആവശ്യമെങ്കിൽ പോപ്പി സീഡ്സ് അരച്ചു ചേർത്തു വേവിക്കാം.

Content Summary : Hilsa fish is so popular in Bengal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com