87 വയസ്സിലും സ്വന്തമായി നെല്ലു പുഴുങ്ങി കുത്തിച്ചെടുക്കുന്ന അരിയുടെ ചോറുണ്ട് ത്രേസ്യാമ്മ

HIGHLIGHTS
  • കുട്ടനാട്ടിൽ ഇങ്ങനെ നെല്ലു പുഴുങ്ങി കുത്തിച്ചെടുക്കുന്നവർ വിരളമാണ്.
pachakam-nallaprayam-tresssiamma-mathew
ത്രേസ്യാമ്മ മാത്യു
SHARE

കാലം എത്ര മാറിയാലും എടത്വ പടിഞ്ഞാറേ ഉലക്കപ്പാടിൽ ത്രേസ്യാമ്മ മാത്യുവിന് പഴമ വിട്ടൊഴിയാൻ മനസ്സനുവദിക്കുന്നില്ല. 87 വയസ്സു കഴിഞ്ഞ ത്രേസ്യാമ്മയ്ക്ക് അക്കാര്യത്തിൽ പ്രായത്തെ വെല്ലുന്ന ചെറുപ്പമാണ്. ഇന്നും സ്വന്തമായി നെല്ലു പുഴുങ്ങി കുത്തിച്ചെടുക്കുന്ന ഇരുപ്പുഴുക്കിന്റെ ചോറു മാത്രമാണ് കഴിക്കുന്നത്. കുട്ടനാട്ടിൽ ഇങ്ങനെ നെല്ലു പുഴുങ്ങി കുത്തിച്ചെടുക്കുന്നവർ വിരളമാണ്. 15 പറ നെല്ലു കൊള്ളുന്ന ചെമ്പിൽ നെല്ലു നിറച്ച് വെള്ളവും ഒഴിച്ച് ഉണക്കോലയും വാഴക്കച്ചിയും തൂത്തുവാരിക്കൂട്ടുന്ന ഇലകളും ഉപയോഗിച്ച് നെല്ലു തിളപ്പിക്കും. പിറ്റേദിവസം നെല്ലു കോരി വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും നെല്ലു പുഴുങ്ങും.

നെല്ല് വെന്ത് വാ പിളരുന്ന പരുവത്തിൽ കോരിയെടുത്ത് വെയിലത്ത് ചിക്കുപായിൽ ഇട്ട് ഉണക്കിയെടുക്കും. ഉണക്കുന്നതിനുമുണ്ട് പ്രത്യേകത. ഒറ്റയടിക്ക് ഉണക്കിയെടുക്കില്ല. രണ്ടു ദിവസം കൊണ്ടു മാത്രമേ നല്ല രീതിയിൽ ഉണക്കിയെടുക്കൂ. അല്ലാതെയെടുത്താൽ അരി കുത്തിച്ചെടുക്കുമ്പോൾ പൊടിഞ്ഞുപോകും. വെയിലത്തിടുന്ന നെല്ല് പലവധത്തിൽ ചിക്കിയാണ് ഉണക്കുന്നത്. തലങ്ങും വിലങ്ങും ചിക്കിയുണക്കും. കൊയ്ത്തു കഴിഞ്ഞ് ഒരു വർഷത്തേക്കുള്ള നെല്ല് പുഴുങ്ങി അറയിൽ സൂക്ഷിക്കും. 

ആവശ്യാനുസരണം കുത്തിച്ചെടുക്കും. പ്രായം ചെന്നതോടെ നെല്ലു പുഴുങ്ങുന്നതിനും ഉണക്കുന്നതിനും സഹായിക്കുന്നത് മകൻ സാജു ജെ. മാത്യുവാണ്. പുഴുങ്ങിക്കുത്തുന്നതിനു മാത്രം 30 സെന്റ് (മൂന്നു പറ നിലം) കൃഷി ചെയ്യുന്നുണ്ട്. വിൽപനയ്ക്കുള്ള നെല്ലിന് 10 ഏക്കറോളം കൃഷി വേറെ ചെയ്യുന്നുണ്ട്. ഡി വൺ (ഉമ) നെല്ലാണ് ഇപ്പോൾ കൂടുതലും വിതയ്ക്കുന്നത്. അതാകുമ്പോൾ പെട്ടെന്ന് കൊഴിഞ്ഞുപോകില്ല. കുട്ടനാട്ടിൽ സപ്ലൈകോ നെല്ല് സംഭരിക്കുന്നതിനു മുൻപുവരെ എല്ലാവരും സ്വന്തമായി നെല്ലു പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല കുട്ടനാട്ടിലുടനീളം നൂറുകണക്കിനു പുഴുക്കുശാലകളും ഉണ്ടായിരുന്നു. അതിനൊത്ത മില്ലുകളും ഉണ്ടായിരുന്നു. 

Content Summary : Tressiamma Mathew, traditional way of cooking.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA