ADVERTISEMENT

സമ്പന്നരുടെ ദേശീയ വിഭവം എന്നൊക്കെ കാര്യമായും അല്ലാതെയും  വിളിക്കപ്പെടുന്ന  ദൗലത് കി ചാട്ടിനെപ്പോലെ ഇത്രയധികം മിത്തുകളുടെ പേരിൽ അറിയപ്പെടുന്ന മറ്റൊരു മധുരം ഉണ്ടോ എന്നു സംശയമാണ്. മുത്തശ്ശി കഥകളിലും യക്ഷി കഥകളിലും  നാം കേട്ടു പരിചയിച്ച ചില ഭക്ഷണപദാർത്ഥങ്ങൾ ഇല്ലേ?. ചില പ്രത്യേക സമയങ്ങളിൽ മാത്രം തയാറാക്കാൻ സാധിക്കുന്ന, ദേവന്മാരോ അസുരന്മാരോ മാത്രം കഴിക്കുന്ന, അമർത്യത  സമ്മാനിക്കുന്ന ചില വിഭവങ്ങൾ..!

 

ഏതാണ്ട് അതുപോലെ തന്നെ ഇന്ത്യയുടെ വടക്കൻ ബെൽറ്റുകളിൽ മിത്തുകളുടെയും നാടോടി കഥകളുടെയും സമ്പന്നമായ പൈതൃകം അവകാശപ്പെടുന്ന  ഒരു മധുരമാണ് ദൗലത്ത് കി ചാട്ട്. നിലാവുള്ള, തണുപ്പ് നിറഞ്ഞ രാത്രികളിൽ മാത്രം പാകം ചെയ്യാൻ കഴിയുന്ന വിഭവം, സമ്പന്നതയും ഐശ്വര്യവും സമ്മാനിക്കുന്ന വിഭവം എന്നിങ്ങനെ ദൗലത് കീ  ചാട്ടിന് പേരും പെരുമയും ഏറെയാണ്..!

 

അംബാനിയുടെ വിരുന്നിൽ ഇടം പിടിച്ചതെന്ന വാർത്ത വന്നതോടെയാണ് ഈ വിഭവം അടുത്തിടെ ചർച്ചാവിഷയമായി മാറിയത്. എന്നാൽ  സമ്പന്നരിൽ ഒരാളുടെ തീൻമേശയിൽ ഇടംപിടിച്ചു എന്നതിന്റെ പേരിൽ മാത്രമല്ല ഇത് ചർച്ച ചെയ്യപ്പെടേണ്ടതല്ല  എന്നതാണ് യാഥാർത്ഥ്യം. ഉത്തരേന്ത്യ സന്ദർശിക്കുന്ന എല്ലാവരും ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട ഒരു വിഭവമാണ് ദൗലത്ത് കി ചാട്ട്.

 

അത് പക്ഷേ ഒരിക്കലും സമ്പന്നതയും ഐശ്വര്യവും സമ്മാനിക്കും എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ അല്ല മറിച്ച്  ഇതിന്റെ മാത്രം അഹങ്കാരമായ രുചിയുടെ പെരുമയുടെ പേരിലാണ് എന്നു മാത്രം. കൊഴുപ്പു നിറഞ്ഞ പാലിൽ നിന്നും പത  പ്രത്യേകമായി   വേർതിരിച്ചാണ് ഈ വിഭവം തയാറാക്കുന്നത്. കൊഴുപ്പുനിറഞ്ഞ പാൽ തിളപ്പിച്ച ശേഷം തണുപ്പിച്ച് എടുക്കുന്നു. അതിൽ നിന്നും പത വേർതിരിക്കുന്നു. തുടർന്ന് അതിലേക്ക് അൽപം കുങ്കുമം കലർത്തിയ പാലിൽ നിന്നുള്ള പത, ചെറുതായി മുറിച്ച കശുവണ്ടി കഷ്ണങ്ങൾ, ഒരു നുള്ള് പഞ്ചസാര അല്പം കുങ്കുമം എന്നിവ ചേർക്കാം. തുടർന്നു തണുപ്പിച്ചു  വിളമ്പുന്നു. ഇതാണ് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന ദൗലത്ത് കീ  ചാട്ട്.

കുറഞ്ഞ അന്തരീക്ഷ താപനില ഇവ തയ്യാറാക്കാൻ ആവശ്യമാണ്. അതുകൊണ്ടുതന്നെ റഫ്രിജറേറ്ററുകളും എയർ കണ്ടീഷനറുകളും വ്യാപകമല്ലാതിരുന്ന ഒരുകാലത്ത് സ്വാഭാവികമായും നിലാവുള്ള രാത്രികളും തണുപ്പുകാലവും ഇതിനായി തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് ദീപാവലിക്കും ഹോളിക്കും ഇടയിലുള്ള കാലത്താണ് ഈ വിഭവം  ഉണ്ടാക്കിയിരുന്നത്. ശൈത്യകാലത്തെ കുറഞ്ഞ താപനില  തന്നെ പ്രധാന കാരണം. എന്നാൽ കാലക്രമത്തിൽ  കൃത്രിമ ശീതീകരണ സംവിധാനങ്ങൾ വന്നതോടുകൂടി ഏതു കാലാവസ്ഥയിലും നിർമിക്കാവുന്ന ഒരു വിഭവമായി ഇത് മാറി എന്ന് മാത്രം...!

Content Summary : Daulat ki chaat, Old Delhis famous sweet dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com