ADVERTISEMENT

കടലില്‍ പോയി വലയെറിഞ്ഞു മീന്‍ പിടിച്ചു കഴിക്കുന്ന കാലം അധികം വൈകാതെ തന്നെ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോകുമോ? പ്രിന്‍റ് ചെയ്തെടുത്ത ഫിഷ്‌ ഫ്രൈ കഴിച്ചാലോ? കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടല്ലേ. ലബോറട്ടറിയിൽ വളർത്തിയ മൃഗകോശങ്ങൾ ഉപയോഗിച്ച്, ആദ്യമായി റെഡി ടു കുക്ക് ഫിഷ് ഫില്ലറ്റ് 3D പ്രിന്‍റ് ചെയ്തതായി ഇസ്രായേലി ഫുഡ്‌ടെക് കമ്പനിയായ സ്റ്റീക്ക് ഹോൾഡർ ഫുഡ്‌സ് അവകാശപ്പെട്ടു.  

സിംഗപ്പൂർ ആസ്ഥാനമായുള്ള ഉമാമി മീറ്റ്‌സുമായി സഹകരിച്ചാണ് ഇത്തരത്തില്‍ കൃത്രിമമായി ഫിഷ് ഫില്ലറ്റുകൾ നിർമിക്കുന്നത്. ഇതിന് യഥാര്‍ഥ മത്സ്യവുമായി കാഴ്ചയിലോ രുചിയിലോ വലിയ വ്യത്യാസമില്ലെന്ന് കമ്പനി പറയുന്നു. എന്നിരുന്നാലും പൂര്‍ണമായും ഒറിജിനല്‍ മീനിന്‍റെ രുചി ഉണ്ടാവില്ല. 

ജീവികളില്‍ നിന്ന് എടുത്തതും ബയോ റിയാക്ടറുകളിൽ വളർത്തിയതുമായ സ്റ്റെം സെല്ലുകളിൽ നിന്നാണ് ഇത്തരത്തില്‍ മാംസത്തിന്റെ പ്രക്രിയ ആരംഭിക്കുന്നത്. പൂര്‍ണ വളര്‍ച്ച ആയ ശേഷം, ഇവ പ്രിന്‍ററില്‍ ഇട്ട്  പ്രത്യേകരീതിയില്‍ മുറിച്ചെടുക്കും. ആഗോള സമുദ്രമത്സ്യസംഖ്യയുടെ ഏതാണ്ട് 90 ശതമാനവും അമിതമായ മത്സ്യബന്ധനം കാരണം ശോഷണത്തില്‍ ആണെന്നാണ് യുഎൻ കണക്കാക്കുന്നത്. കന്നുകാലികളെ വളർത്തുന്നതാവട്ടെ, മൊത്തം ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്‍റെ 15% സംഭാവന ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്‍റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച് , ലാബിൽ പരിപാലിക്കുന്ന മാംസം, ഭൂമി, ജലം, പോഷകങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ കുറയ്ക്കാൻ സഹായിക്കും.

കഴിഞ്ഞ ദശകത്തിൽ ആറ് ഭൂഖണ്ഡങ്ങളിലായി 150 ലധികം കമ്പനികൾ ചിക്കൻ നഗറ്റുകളും ഫിഷ് സ്റ്റിക്കുകളുമെല്ലാം ഇത്തരത്തില്‍ വികസിപ്പിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. അടുത്തിടെ യുഎസിൽ, ലാബില്‍ വളർത്തിയ ചിക്കൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍, ഇങ്ങനെ ചെയ്ത മാംസ ഉൽപന്നങ്ങൾ വാണിജ്യപരമായി ലഭ്യമായ ലോകത്തിലെ ഏക രാജ്യമാണ് സിംഗപ്പൂർ.

English Summary: From petri dish to dinner plate: This is the world’s first 3D-printed fish fillet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com