ചൂടുചോറിന് മുകളിലേക്ക് മുളകിട്ട മീൻകറി ചേർത്ത് കഴിക്കണം. ഒാർക്കുമ്പോൾ തന്നെ നാവിൽ കൊതിയൂറും. മുളകിട്ട് മീൻകറി ഉണ്ടെങ്കിൽ ഉച്ചയൂൺ ഗംഭീരമാക്കാം. കുറുകുറാന്ന് കൊഴുത്ത മീൻകറി തയാറാക്കണോ? ഇതാ ഇങ്ങനെ തയാറാക്കിനോക്കൂ.
ചേരുവകൾ
∙മീൻ - 750 ഗ്രാം
∙ഇഞ്ചി - 1 ടീസ്പൂണ് ചതച്ചത്
∙വെളുത്തുള്ളി - 1 ഉണ്ട വെളുത്തുള്ളി ചതച്ചത്
∙കറിവേപ്പില
∙മുളകുപൊടി - 1 ടീസ്പൂണ് നിറച്ചു
∙കശ്മീരി മുളകുപൊടി - 5 ടീസ്പൂണ് നിറച്ചു
∙മല്ലിപ്പൊടി - 1 ടീസ്പൂണ് നിറച്ചു
∙മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
∙തക്കാളി - 1 ഇടത്തരം വലുപ്പം
∙പുളി - ഒന്നര കപ്പ് വെള്ളത്തിൽ കുതിർത്ത നെല്ലിക്കയുടെ വലുപ്പം ഉള്ള പുളി
∙വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ +1 ടീസ്പൂൺ
∙കടുക് - 1/4 ടീസ്പൂണ്‍
∙ഉലുവ - 10 എണ്ണം
∙ഉപ്പ് – ആവശ്യത്തിന്
ഒരു മൺപാത്രം ചൂടാക്കി 4 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ചൂടായ വെളിച്ചെണ്ണയിൽ കടുക് ഇട്ട് പൊട്ടുമ്പോൾ ഉലുവ ചേർക്കുക. ഉലുവ മൂത്ത് വന്നാൽ ചതച്ച വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കാം. ഇടത്തരം തീയിൽ 2 മിനിറ്റ് നേരം വഴറ്റുക. മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ച രുചി മാറുന്നതുവരെ വഴറ്റാം.
ഇതിലേക്ക് അരിഞ്ഞ തക്കാളി ചേർത്ത് ഒരു മിനിറ്റ്നേരം ഇളക്കികൊടുക്കാം. ഇനി പുളി പിഴിഞ്ഞത് ചേർത്ത് തിളപ്പിക്കാം. തിളച്ചുകഴിഞ്ഞാൽ വൃത്തിയാക്കിയ മീനുകൾ ചേർത്ത് 10 മിനിറ്റ് നേരം ഉയർന്ന തീയിൽ വേവിക്കാം. അടപ്പ് തുറന്നാൽ കറിയുടെ മുകളിൽ എണ്ണ തെളിഞ്ഞ് കാണാം. അവസാനമായി ഒരു തണ്ട് കറിവേപ്പില ചേർത്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. തീ ഓഫ് ചെയ്ത് 10 മുതൽ 15 മിനിറ്റ് വരെ മീൻകറി അടച്ചു വയ്ക്കാം. ചൂട് ചോറിന്റെ കൂടെ രുചിയൂറും മീൻകറി കഴിക്കാം.
English Summary: simple fish curry recipe