ADVERTISEMENT

വെളുത്ത നിറമുള്ള ഭക്ഷണവസ്തുക്കള്‍ പലപ്പോഴും ശരീരത്തിന് അത്ര നല്ലതല്ല എന്ന് പറയാറുണ്ട്. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, വൈറ്റ് പാസ്ത തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. എന്നാല്‍ ഇതിനൊരപവാദമാണ് കൂണ്‍. സെലിനിയം, എർഗോതിയോൺ, ഗ്ലൂട്ടാത്തിയോൺ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകളും, ചുവന്ന രക്താണുക്കളുടെ വളർച്ചയെ സഹായിക്കുന്ന ബി വിറ്റാമിനുകളും കൂടാതെ, പൊട്ടാസ്യം, ചെമ്പ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിങ്ങനെയുള്ള ധാതുക്കളുമെല്ലാം കൊണ്ട് പോഷക സമ്പുഷ്ടമാണ് കൂണ്‍.   

 

 ചെറുപ്പം നിലനിര്‍ത്താനും സ്മൃതിനാശത്തില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കാനും ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലത്തിനുമെല്ലാം കൂണ്‍ സഹായിക്കും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത്രയേറെ പോഷകഗുണങ്ങള്‍ ഉണ്ടായിരുന്നിട്ടും കൂണിനോട്‌ പലര്‍ക്കും വലിയ താല്പര്യം ഉണ്ടാകാറില്ല. അതിന്‍റെ പ്രത്യേക രുചി തന്നെയാണ് കാരണം. എന്നാല്‍ കോഴിയിറച്ചിയുടെ രുചിയുള്ള കൂണ്‍ ഉണ്ടെന്നു പറഞ്ഞാലോ?

 

 ലെറ്റിപോറസ് സൾഫ്യൂറിയസ് എന്ന് പേരുള്ള പ്രത്യേകയിനം കൂണ്‍ ആണിത്. വറുത്ത ചിക്കന്‍റെ രുചിയായതിനാല്‍, സാധാരണയായി 'ചിക്കൻ ഓഫ് വുഡ്സ്' എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള ഓക്ക് മരങ്ങളിലാണ് ഇവ വളരുന്നത്. കൂടാതെ, യൂ, ചെറി, മധുരമുള്ള ചെസ്റ്റ്നട്ട് മരങ്ങള്‍ എന്നിവയിലും ഇത് കാണാം. തിളക്കമുള്ള നിറവും ചിക്കനെപ്പോലെ മാംസളമായ മധ്യഭാഗവുമാണ് ഇതിനുള്ളത്. 

 

 സള്‍ഫര്‍ അടങ്ങിയതിനാല്‍ ഇതിന് ശക്തമായ ഫംഗസ് ഗന്ധമുണ്ട്. മറ്റു വിഷക്കൂണുകളുമായി രൂപത്തിലും ഗന്ധത്തിലും സാമ്യമുള്ളതിനാല്‍, ഒരു വിദഗ്ധനു മാത്രമേ ഈ കൂണ്‍ തിരഞ്ഞുപിടിച്ച് പറിച്ചെടുക്കാന്‍ കഴിയൂ. 2 മുതൽ 20 ഇഞ്ച് വരെ വലുപ്പത്തിൽ വളരുന്ന ഈ കൂണിന്, 45 കിലോ വരെ ഭാരമുണ്ടാകും.

 

 1789 ൽ ഫ്രഞ്ച് മൈക്കോളജിസ്റ്റ് ആയ പിയറി ബുള്ളിയാർഡ് ആണ് ലെറ്റിപോറസ് സൾഫ്യൂറിയസ് ആദ്യമായി കണ്ടെത്തിയത്. പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവയും വിവിധ വിറ്റാമിനുകളും ധാതുക്കളും ഇതില്‍ ധാരാളമുണ്ട്. സസ്യാഹാരികള്‍ക്ക് വളരെ മികച്ച ഒരു പോഷകാഹാരമാണ് ഇത്. അധികം മൂക്കാത്ത, ഇളംപ്രായത്തിലുള്ള കൂണ്‍ ആണ് കഴിക്കാന്‍ കൂടുതല്‍ സുരക്ഷിതം.

English Summary: This mushroom tastes like chicken, read on to know more

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com