ADVERTISEMENT

പല നിറത്തിൽ കണ്ണാടി കൂടുകളിൽ ഇരുന്നു മാടി വിളിക്കുന്ന ലഡുവെന്ന പലഹാരത്തെ ഇഷ്ടപ്പെടാത്ത  മധുരപ്രിയർ കുറവായിരിക്കും. അങ്ങനെയുള്ളവർ അറിയാതെ പോകരുത് അണ്ണാമയ്യ ലഡു എന്താണെന്ന്....വാങ്ങണമെന്നു വിചാരിച്ചാൽ 15 ദിവസം മുൻപ് തന്നെ ഓർഡർ കൊടുക്കേണ്ടേ നാവിൽ അലിഞ്ഞു ചേരുന്ന ആ ലഡു മധുരം നുകരാൻ ആന്ധ്രാപ്രദേശ് വരെ പോകണം. കൃത്യമായി പറഞ്ഞാൽ ആന്ധ്രയിലെ ബാപാട്ല ജില്ലയിലെ നാഗരാജുപള്ളിയിലെ ശ്രീനിവാസ സ്വീറ്റ്‌സ് ആൻഡ് ബേക്കറിയിൽ എത്തിയാൽ ഈ ലഡുവിന്റെ സ്വാദറിയാം. നാഗരാജുപള്ളി എന്ന  നാട് അറിയപ്പെടുന്നത് തന്നെ ആ ലഡുവിന്റെ പേരിലെന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ ആ മധുരം നാടിന്റെ അതിർത്തികൾ കടന്നും പോയിട്ടുണ്ടെന്ന്. 

 

200 തരം മധുരപലഹാരങ്ങൾ വാങ്ങാൻ കിട്ടുന്ന ബേക്കറിയാണ് ശ്രീനിവാസ. കശ്മീരി, മൈസൂർ പാക്ക്, കലാഖണ്ഡ്, ബാദുഷ, മാൽപുരി, വിവിധയിനം ബംഗാളി സ്വീറ്റ്സ് എന്നിവയെല്ലാം ഇവിടെയുണ്ട്. തൊട്ടടുത്ത ജില്ലകളായ പ്രകാശം, പാൽനാട്, ഗുണ്ടുർ തുടങ്ങിയ ജില്ലകളിൽ നിന്നെല്ലാം ലഡു വാങ്ങുന്നതിനായി ആളുകൾ ശ്രീനിവാസയിൽ എത്താറുണ്ട്. തിരുപ്പതിയിലെ പ്രശസ്തമായ വെങ്കിടാചലപതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ രുചിയോടു സാമ്യമുണ്ട് അണ്ണാമയ്യ ലഡുവിനു എന്നാണ് ഇവിടുത്തുകാർ പറയുന്നത്.

 

വർഷങ്ങളായി ഒരേ രുചിയിൽ ലഡു നൽകാൻ കഴിയുന്നു എന്നതു തന്നെയാണ് ശ്രീനിവാസ ബേക്കറിയുടെ വിജയത്തിന്റെ പ്രധാന കാരണം. ആ ക്രെഡിറ്റ് മുഴുവനും ഉടമയായ ശ്രീനിവാസ റാവുവിന് ഉള്ളതാണ്. ദശാബ്ദങ്ങളായി ആ ബേക്കറിയുടെ അമരക്കാരൻ ശ്രീനിവാസ റാവു ആണ്. അണ്ണാമയ്യ ലഡുവിന്റെ രുചിയ്ക്കു പുറകിൽ യാതൊരു തരത്തിലുള്ള രഹസ്യക്കൂട്ടുകളുമില്ല. വൃത്തിയുള്ള അന്തരീക്ഷത്തിൽ, ഉയർന്ന നിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ, ഡയറി ഫാമിൽ നിന്നും നേരിട്ട് വാങ്ങുന്ന പാൽ, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ലഡു തയാറാക്കുന്നത്. തയാറാക്കി വെച്ചിരിക്കുന്ന ലഡുവിന്റെ മണത്തിൽ ആകൃഷ്ടരായി, രുചിച്ചു നോക്കാൻ വാങ്ങുന്നവരാണ് ബേക്കറിയിലെത്തുന്നവരിൽ ഏറെയും. ദിവസവും രണ്ട് മുതൽ മൂന്നു ക്വിന്റൽ വരെ ലഡു തയാറാക്കും. നേരത്തെ ഓർഡർ നൽകിയവർക്കാണ്‌ അതിലധികവും നൽകുന്നത്. പതിനഞ്ചു ദിവസം മുൻപ് ഓർഡർ നൽകിയാൽ ഒരു മുടക്കവും കൂടാതെ ലഡു കയ്യിലെത്തും.  

English Summary: This Village in Andhra Pradesh Attracts Laddu Lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com