ADVERTISEMENT

റസ്റ്ററെന്റുകളിൽ നിന്നും നമ്മൾ കഴിക്കുന്ന ഭക്ഷണം എങ്ങനെയാണ് തയാറാകുന്നതെന്നറിയാൻ ഭൂരിപക്ഷം പേർക്കും താൽപര്യമുണ്ടാകും എന്നാൽ ചില ഭക്ഷണശാലകൾ മാത്രമേ അവരുടെ അടുക്കളയിലേക്ക് അതിഥികളെ പ്രവേശിപ്പിക്കുകയുള്ളൂ. വൃത്തിയോടെ, ഭക്ഷണം പാകം ചെയ്യുന്ന കാഴ്ച തന്നെ ആഹാരം ആസ്വദിച്ചു കഴിക്കാൻ പ്രേരിപ്പിക്കുമെന്ന കാര്യത്തിൽ രണ്ടാമതൊരു അഭിപ്രായം ആർക്കുമുണ്ടാകാനിടയില്ല. എന്നാൽ, നമ്മുടെ രാജ്യത്തെ കാര്യമെടുത്താൽ, പലയിടങ്ങളിലും വൃത്തി എന്നത് ലവലേശമില്ലെന്നു മാത്രമല്ല, മായം കലർത്തിയ ഭക്ഷണമാണ് കഴിക്കാനായി നൽകുന്നതും. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ കാര്യത്തിൽ യാതൊരു കരുതലുമില്ലാത്ത ഇത്തരം പ്രവർത്തികളുടെ പട്ടികയിലേക്ക് ഇതാ ഒരെണ്ണം കൂടി. 

 

സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഈ വിഡിയോയിൽ ചോക്ലേറ്റ് ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായി തന്നെ കാണാം. ഒട്ടും തന്നെയും വൃത്തിയില്ല എന്നത് മാത്രമല്ല, ചോക്ലേറ്റ് സിറപ്പ് ഉണ്ടാക്കുന്നത് ധാരാളം എണ്ണ കൂടി ചേർത്താണെന്നു കാണുമ്പോൾ, ഇനി ഇത് കഴിക്കണോ വേണ്ടയോ എന്ന് ആരായാലും ചിന്തിച്ചു പോകും. ''ഐസ്ക്രീം കഴിക്കുക എന്നത് നിങ്ങൾ മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും'' എന്ന തലക്കെട്ടോടെയാണ് പ്ലാനറ്റ്ആശിഷ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഐസ്ക്രീം നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ പാലിനെ പ്രോസസ്സ് ചെയ്തു, ഐസ്ക്രീമിന്റിന്റെ ബേസിനു വേണ്ടി  കട്ടിയുള്ളതാക്കി മാറ്റുന്നു. ആ മിശ്രിതത്തെ മൗൾഡിങ് ട്രേയിലേക്ക് ഒഴിച്ച് സ്റ്റിക്കുകൾ സ്ഥാപിക്കുന്നു. ശേഷം ഫ്രീസ് ചെയ്യാൻ വെയ്ക്കുന്നു. ഉയർന്ന തണുപ്പിൽ ഐസ്ക്രീമിന്റെ രൂപത്തിലെത്തിയവ ശേഖരിക്കുന്നതാണ് അടുത്തപടി. ഇവിടെ നിന്നുമാണ് കഥാഗതിയിൽ പാടെ മാറ്റം വരുത്തിക്കൊണ്ട് ചോക്ലേറ്റ് സിറപ്പ് തയാറാക്കുന്നത്. വളരെ കുറച്ചു മാത്രം ചോക്ലേറ്റ്  ഉരുക്കിയതിന് ശേഷം ആ മിശ്രിതത്തിലേക്ക് ധാരാളമായി എണ്ണ ഒഴിക്കുന്നു. ദ്രവ രൂപത്തിലായ അതിലേക്ക് തയാറാക്കിയ ഐസ്ക്രീം മുക്കി, പിന്നെയും തണുപ്പിക്കാൻ വെയ്ക്കുന്നു. 

 

ഐസ് ക്രീം തയാറാക്കുന്ന വിഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ ലോകത്തു വൈറലായത്. ചോക്ലേറ്റിനു പകരമായി എണ്ണ ചേർക്കുന്നത് കണ്ടവർ രോഷത്തോടെ പ്രതികരിച്ചപ്പോൾ മറ്റുചിലർ ആശങ്ക പങ്കുവച്ചു കൊണ്ട് വിഡിയോയുടെ താഴെ കമെന്റുകൾ രേഖപ്പെടുത്തുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ഏതു കമ്പനിയുടെ ഐസ്ക്രീം ആണ് ഇത്തരത്തിൽ തയാറാക്കുന്നത് എന്നായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത്. തദ്ദേശീയമായി നിർമിക്കുന്നവർ ഇത്തരത്തിൽ എണ്ണ ചേർത്ത് ചോക്ലേറ്റ് സിറപ്പ് തയാറാക്കുമെന്നാണ് ഈ കാര്യത്തിൽ ചിലരുടെ അഭിപ്രായം. ഇത് ഐസ്ക്രീം അല്ലെന്നും ഓയിൽ ക്രീം ആണെന്നും ഇത്തരം നിലവാരമില്ലാത്തവ വാങ്ങി ഉപയോഗിക്കരുതെന്നും ചിലർ വിഡിയോയുടെ താഴെ പ്രതികരിച്ചിട്ടുണ്ട്. എന്തായാലും ഐസ്ക്രീമിലും മായം ചേർക്കുന്നത് കണ്ടെത്തിയ സോഷ്യൽ ലോകം ആകെ അങ്കലാപ്പിലാണ്. 

English Summary: Viral Video Of Chocolate Ice Cream Angers Foodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com