ADVERTISEMENT

ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് തുടക്കം കുറിച്ചിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം സുരേഷ് റെയ്ന. പുതിയ മേഖല ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ളതല്ല എന്നുള്ളതു തന്നെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. തന്റെ പുതിയ ചുവടുവെയ്പ്പിനെ കുറിച്ച് താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രത്തിലൂടെയാണ് താൻ ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന ഒരു ഭക്ഷണ ശാല ആരംഭിച്ച വിവരം റെയ്ന അറിയിച്ചത്. റസ്റ്ററന്റിന് മുമ്പിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന റെയ്‌നയുടെ ചിത്രം ആരാധകരും സുഹൃത്തുക്കളും നിറഞ്ഞ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. 

 

തികഞ്ഞ ഒരു ഭക്ഷണ പ്രേമിയായ റെയ്‌ന തന്റെ ആദ്യ റസ്റ്ററന്റ്ആരംഭിച്ചിരിക്കുന്നത് ഹോളണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലാണ്.  ''റെയ്ന കൾനറി ട്രെഷേർസ് ഓഫ് ഇന്ത്യ'' എന്ന് പേരിട്ടിരിക്കുന്ന റസ്റ്ററന്റിൽ ഭാരതത്തിന്റെ പല ഭാഗത്തു നിന്നുമുള്ള രുചികരമായ, പരമ്പരാഗത വിഭവങ്ങളെല്ലാം തന്നെ ലഭിക്കുമെന്നാണ് സുരേഷ് റെയ്ന ഉറപ്പ് പറയുന്നത്. ഭക്ഷണശാലയ്ക്ക് മുമ്പിൽ നിൽക്കുന്ന ചിത്രത്തിനോടൊപ്പം പങ്കുവച്ച കുറിപ്പിൽ പുതിയ വിഭവങ്ങൾ പരീക്ഷിക്കാനുള്ള തന്റെ താല്പര്യത്തെക്കുറിച്ചും ഭക്ഷണത്തോടുള്ള തന്റെ പ്രിയത്തെക്കുറിച്ചുമെല്ലാം താരം വിശദമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുമുള്ള തനതു രുചികൾ യൂറോപ്പിന് പരിചയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും  മസാലയുടെ സമ്പന്നത നിറഞ്ഞു നിൽക്കുന്ന വടക്കേ ഇന്ത്യയുടെ വിഭവങ്ങളും ഗന്ധം കൊണ്ട് ആരെയും ആകർഷിക്കുന്ന തെക്കേ ഇന്ത്യൻ വിഭവങ്ങളും ഭക്ഷണശാലയിൽ വിളമ്പും. തന്റെ രാജ്യത്തിന്റെ വൈവിധ്യമാർന്ന രുചികൾക്കുള്ള ആദരവ് കൂടിയാണ് ഈ റസ്റ്ററന്റ് എന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം തന്റെ പുതുസംരംഭത്തെ പരിചയപ്പെടുത്തി കൊണ്ട് കുറിച്ചു.

 

ക്രിക്കറ്റ് താരങ്ങളും സുഹൃത്തുക്കളുമടക്കം ധാരാളം പേരാണ് സുരേഷ് റെയ്‌നയ്ക്കു ആശംസകളുമായി എത്തിയത്. ''അഭിനന്ദനങ്ങൾ ബ്രദർ, ഞാൻ അവിടെ കഴിക്കാനെത്തുമെന്നു'' ഹർഭജൻ സിങ് കമെന്റ് ചെയ്തപ്പോൾ ''നന്ദി ബാജി, വരൂ'' എന്ന് മറുപടി കൊടുക്കാനും റെയ്ന മറന്നിട്ടില്ല. ദീപക് ചാഹറും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്ററും ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരവുമായിരുന്ന ബ്രാവോയും സൈന നെഹ്‌വാളും കുൽദീപ് യാദവും പീയുഷ് ചൗളയുമടക്കമുള്ളവർ അഭിനന്ദങ്ങളും ആശംസകളും അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ നിന്നും ബോബി ഡിയോളും നമ്മുടെ സ്വന്തം ടോവിനോ തോമസുമടക്കമുള്ളവർ ആശംസകൾ അറിയിക്കുകയും അതിനെല്ലാം റെയ്ന നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English Summary: Suresh Raina Opens New Restaurant In Amsterdam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com