ADVERTISEMENT

മൈക്രോവേവ് ഓവന്‍ പോലെയുള്ള പുതുതലമുറ പാചകരീതികള്‍ ഒരുപാട് സമയം ലാഭിക്കാനും പാചകം കൂടുതല്‍ എളുപ്പമാക്കാനും സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ്‌ ആക്കി തരുന്നു എന്നതാണ് ഇതിന്‍റെ പ്രധാന മേന്മകളില്‍ ഒന്ന്. മാത്രമല്ല, പച്ചക്കറികള്‍ വേവിക്കാനും ചിക്കൻ ടിക്ക,വെജിറ്റബിൾ പുലാവ്,ഹൽവ, കേക്ക്, ബിസ്ക്കറ്റ് തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍  അനായാസകരമായി ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. എന്നാല്‍, ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും അറിയുക എന്നത് പ്രധാനമാണ്. മൈക്രോവേവിൽ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ നോക്കാം.

 

1. പ്ലാസ്റ്റിക്കും ലോഹങ്ങളും

ലോഹങ്ങള്‍ കൊണ്ടുള്ള പ്ലേറ്റുകളും പാത്രങ്ങളും കപ്പുകളും ഒരിക്കലും മൈക്രോവേവിൽ ഭക്ഷണം ചൂടാക്കാൻ ഉപയോഗിക്കരുത്. ലോഹം താപചാലകമായതിനാൽ കൈകൾ പൊള്ളുകയോ പാത്രം വളഞ്ഞു കേടായിപ്പോവുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. മൈക്രോവേവിനായി പ്രത്യേകം വാങ്ങാന്‍ കിട്ടുന്ന ഗുണനിലവാരമുള്ള പ്ലാസ്റ്റിക്, ഗ്ലാസ് പാത്രങ്ങൾ മാത്രം ഉപയോഗിക്കുക. 

 

2. വെള്ളവും ഭക്ഷണവും

മൈക്രോവേവിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ പോഷകമൂല്യം നഷ്ടപ്പെടില്ല എന്ന് പറയാറുണ്ട്‌. എന്നാൽ പാചകം ചെയ്യുന്നതിനേക്കാൾ കൂടുതല്‍, ഭക്ഷണസാധനങ്ങള്‍ വീണ്ടും ചൂടാക്കാനാണ് മൈക്രോവേവ് കൂടുതലും ഉപകാരപ്രദം. മാംസവിഭവങ്ങള്‍ പോലെ കട്ടിയേറിയ ഭക്ഷണം ഉള്ളു വേവുന്ന വിധത്തില്‍ മൈക്രോവേവില്‍ പാചകം ചെയ്ത് കിട്ടാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

 

മൈക്രോവേവിൽ വെള്ളം ചൂടാക്കുന്നതും അല്‍പ്പം ശ്രദ്ധിക്കണം. പരമാവധി 2 മിനിറ്റ് മാത്രമേ വെള്ളം ചൂടാക്കാവൂ. അല്ലെങ്കില്‍ അമിതമായി ചൂടാവാനും ഉള്ളില്‍ തിളച്ചു തൂവാനും ഇടയാക്കും.

 

3. അലൂമിനിയം ഫോയില്‍ ഉപയോഗിക്കുമ്പോള്‍

ഭക്ഷണം വളരെ നേരം അമിതമായി ചൂടാക്കാത്തിടത്തോളം കാലം അലുമിനിയം ഫോയിൽ മൈക്രോവേവില്‍ ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. എന്നാല്‍  ഫോയിൽ ഉപയോഗിക്കുമ്പോള്‍ പരമാവധി 2 മിനിറ്റിൽ താഴെ മാത്രം ചൂടാക്കാന്‍ ശ്രദ്ധിക്കുക.

 

 

4.മാംസം പാചകം ചെയ്യുമ്പോള്‍ 

ബീഫ്, മട്ടന്‍ തുടങ്ങിയ ചുവന്ന മാംസങ്ങള്‍ പാകം ചെയ്യുമ്പോള്‍

സ്ലോ കുക്കിംഗ് അഥവാ സാവധാനമുള്ള പാചകം ആണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ ഭാഗവും ഒരേപോലെ വെന്തു കിട്ടാന്‍ ചൂട് കുറച്ച്, കുറേ നേരം പാചകം ചെയ്യേണ്ടത് പ്രധാനമാണ്. ഇങ്ങനെയുള്ള പാചകത്തിന്, സാധാരണ മൈക്രോവേവിനെക്കാള്‍, കണ്‍വെക്ഷന്‍ മൈക്രോവേവ് ആണ് നല്ലത്. 

 

5. വൃത്തിയാക്കല്‍  

മൈക്രോവേവിന്‍റെ ഉള്‍വശം കൂടുതൽ വെള്ളം ഉപയോഗിച്ച് കഴുകുന്നത് ഒഴിവാക്കുക. പകരം,  നനഞ്ഞ ടിഷ്യൂ പേപ്പറും നേരിയ തോതിൽ സോപ്പും ഉപയോഗിക്കാം. പിന്നീട് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച്, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ലിഡ് തുറന്നിടണം.  അല്ലെങ്കില്‍ വിനാഗിരിയും നാരങ്ങയും ഉപയോഗിച്ചും ഉള്‍വശം തുടയ്ക്കാം.

English Summary: Safety Tips on Using a Microwave Oven

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com