ADVERTISEMENT

വെജിറ്റേറിയൻ പ്രേമികളെയും നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിഭവങ്ങൾ പാകം ചെയ്യുന്നവരാണ് ഇന്ത്യക്കാർ. പനീറിലും കോളിഫ്ലവറിലും മഷ്‌റൂമിലും തീർക്കുന്ന രുചികൾ അതുപോലെ തന്നെ ചിക്കനിലേക്കും മട്ടനിലേക്കുമെല്ലാം പകർത്താൻ നമുക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അതുകൊണ്ടു തന്നെയാകണം ലോകത്തെവിടെയും ആരാധകരുണ്ട് ഇന്ത്യൻ വിഭവങ്ങൾക്ക്. അതിൽ തന്നെ ചിക്കൻ കൊണ്ടുള്ള കറികൾക്ക് ഒരു വലിയ ഫാൻബേസ് തന്നെയുണ്ട്. നമ്മുടെ ഈ തനതുരുചികൾ ലോകത്തിന്റെ ഇഷ്ടം നേടിയെടുക്കുന്നു എന്നത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. ഇത്തവണയും ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള നാല് ചിക്കൻ രുചികൾക്കു സ്ഥാനം ലഭിച്ചിട്ടുണ്ട്. ബട്ടർ ചിക്കനും ചിക്കൻ ടിക്കയുമാണ് രുചിയിലെ കേമന്മാരായി ആദ്യ അഞ്ചു സ്ഥാനങ്ങളിൽ രണ്ടെണ്ണം കരസ്ഥമാക്കിയിരിക്കുന്നത്.

chicken-tikka
Image Credit: Deivukas999/shutterstock

 

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് ആയ ടേസ്റ്റ് അറ്റ്ലസിന്റെ പട്ടികയിലാണ് ഇന്ത്യയിൽ നിന്നുള്ള രണ്ടു വിഭവങ്ങൾ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ രണ്ട് സ്ഥാനങ്ങൾ നേടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക ഇൻസ്റ്റാഗ്രാമിലൂടെയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്. അതിൽ  മുർഗ് മഖാനി എന്ന നമ്മുടെ സ്വന്തം ബട്ടർ ചിക്കനാണ്  മൂന്നാം സ്ഥാനം. ചിക്കൻ ടിക്ക നാലാം സ്ഥാനത്തെത്തി. ഈ പട്ടികയിലെ ആദ്യ സ്ഥാനം ലഭിച്ചിരിക്കുന്നത് ഇറാനിയൻ വിഭവമായ ജൂജെഹ് കബാബിനാണ്. ദക്ഷിണ കൊറിയൻ വിഭവമായ ഡാക് ഗല്ബി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബട്ടർ ചിക്കനും ചിക്കൻ ടിക്കയും മാത്രമല്ല, തന്തൂരി മുർഗും ചിക്കൻ 65 ഉം യഥാക്രമം 19, 25 റാങ്കുകൾ നേടി ഈ പട്ടികയിലുണ്ട്.

 

ജൂജെഹ് കബാബിനു 4.8 ഉം ഡാക് ഗല്ബി യ്ക്ക് 4.7 റേറ്റിങ് ലഭിച്ചപ്പോൾ ബട്ടർ ചിക്കനും ചിക്കൻ ടിക്കയും 4.6  റേറ്റിങ് നേടിയാണ് മൂന്നും നാലും സ്ഥാനങ്ങൾ നേടിയെടുത്തത്. അതുപോലെ തന്നെ തന്തൂരി മുർഗിനും ചിക്കൻ 65 നും 4. 4 റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ചിക്കൻ 50 വിഭവങ്ങളുള്ള ഈ പട്ടിക ലോകത്തിലെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടേത് ആണെന്നാണ് ടേസ്റ്റ് അറ്റ്ലസ്  പറയുന്നത്. 

English Summary: Butter Chicken, Tikka Crowned Champions In World's Chicken Delight Rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com