നോണ്‍സ്റ്റിക്ക് പാത്രങ്ങൾ എപ്പോൾ മാറ്റണം? അറിയാം ഇക്കാര്യങ്ങള്‍

Mail This Article
അടുക്കളയില്‍ ദിവസവും നോണ്‍സ്റ്റിക്ക് പാന്‍ ഉപയോഗിക്കുന്നവരാണ് നമ്മളിലേറെയും. എണ്ണയുടെ ഉപയോഗം കുറയ്ക്കാനും എളുപ്പത്തില്‍ പാചകം ചെയ്യാനും ഇത് സഹായിക്കുന്നു. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പാന്‍ കേടായിത്തുടങ്ങിയാല്‍ പിന്നെ ഇതിന്‍റെ ഉപയോഗം ശ്രദ്ധിച്ചുവേണം. എങ്ങനെയാണ് നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ എറിഞ്ഞുകളയാറായി എന്ന് നമുക്ക് മനസിലാകുന്നത്? ഇതേക്കുറിച്ച് കൂടുതല്‍ അറിയാം...
ഏറെയുണ്ട് ഗുണങ്ങള്‍
നോൺ സ്റ്റിക്ക് പാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം, അത് വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ്. അടുത്തടുത്തായി വെവ്വേറെ ഭക്ഷണങ്ങള്‍ പാകം ചെയ്യേണ്ടി വരുമ്പോള്‍ കഴുകേണ്ട ആവശ്യം തന്നെയില്ല, ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് തുടച്ചുകളഞ്ഞാല്‍ മാത്രം മതി.
പരസ്യത്തില്‍ പറയുന്നത് പോലെ, എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് അടുത്ത നേട്ടം. കലോറി ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് ഇത് എന്നതില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന ഭക്ഷണസാധനങ്ങള്‍ ഇങ്ങനെ ഉണ്ടാക്കാം.
ഒന്നു ശ്രദ്ധിച്ചേ പറ്റൂ
ചെമ്പ്, സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ സ്റ്റീൽ, കാസ്റ്റ് അയേൺ തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പരമ്പരാഗത അടുക്കളപ്പാത്രങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് നോൺ സ്റ്റിക്ക് പാത്രങ്ങള്‍ക്ക്. ഒട്ടുമിക്ക നോൺ സ്റ്റിക്ക് പാത്രങ്ങളും ടെഫ്ലോൺ എന്ന രാസവസ്തു കൊണ്ട് പൊതിഞ്ഞതാണ്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചില ബ്രാൻഡുകൾ അവരുടെ നോൺ സ്റ്റിക്ക് പാനുകളിൽ സെറാമിക് കോട്ടിംഗും ഉപയോഗിക്കുന്നു. പതിവായി ഉപയോഗിക്കുമ്പോള്‍ ഈ കോട്ടിംഗുകള്‍ ഇളകിപ്പോകും. അതിനു ശേഷം വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
എപ്പോള്‍ ഉപയോഗം നിര്‍ത്തണം?
അമിതമായ ചൂടില്‍ ഉപയോഗിക്കാന്‍ പറ്റുന്നവയല്ല നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. കുറേ നേരം അടുപ്പത്ത് വയ്ക്കുമ്പോള്‍ ഇതിന്‍റെ കോട്ടിംഗ് ഇളകിപ്പോകാം. അല്ലെങ്കില്‍ കഴുകുമ്പോഴും കാലപ്പഴക്കം കൊണ്ടുമെല്ലാം പാത്രങ്ങളില്‍ പോറലുകള്‍ വരാം. ഇങ്ങനെയുള്ള പോറലുകള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ആ പാത്രം ഉപയോഗിക്കുന്നത് നിര്‍ത്തണം.
ചിലപ്പോള്‍ പാത്രങ്ങളില്‍ പോറലുകള്‍ കണ്ടെന്നു വരില്ല. എന്നിരുന്നാലും ഓരോ അഞ്ച് വർഷത്തിലും നോൺ സ്റ്റിക്ക് പാനുകൾ മാറ്റണം. സമീപകാലത്തിറങ്ങിയ നോൺ സ്റ്റിക്ക് പാനുകൾ മിക്കവയും ദോഷകരമായ PFOA ഇല്ലാതെ നിർമിച്ചതാണ്. 2015 ന് മുമ്പ് നിർമിച്ച കുക്ക്‌വെയറുകളില്‍ PFOA അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യവും ശ്രദ്ധിക്കുക.
കൂടാതെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിന്‍റെ ആകൃതിയിലോ നിറത്തിലോ പെട്ടെന്ന് മാറ്റം വന്നാല്‍ പിന്നീട് അത് ഉപയോഗിക്കരുത്. കൂടാതെ ദോശയും ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ അവ പാത്രത്തില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍, ഇതും നോണ്‍ സ്റ്റിക്ക് മാറ്റാന്‍ സമയമായി എന്നതിന്‍റെ സൂചനയാണ്.
English Summary: Say Goodbye To Your Non-Stick Pan