അതിശയിക്കേണ്ട! ഇൗ കപ്പ് മതി കത്തിയുടെ മൂർച്ച കൂട്ടാൻ

Mail This Article
മൂർച്ചയില്ലാത്ത കത്തി ഉപയോഗിച്ച് പച്ചക്കറികളും മൽസ്യ മാംസാദികളുമൊക്ക ചെറു കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. നല്ല മൂർച്ചയുള്ള കത്തിയുണ്ടെങ്കിൽ കറിയ്ക്ക് അരിയുക എന്നത് അനാസായമാകുമെന്നു മാത്രമല്ല, സമയ നഷ്ടം കുറയ്ക്കുകയും ചെയ്യാം. മൂർച്ച കുറവുള്ളതോ, ഇല്ലാത്തതോ ആയ കത്തികൾ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടാൻ ഒരു വഴിയുണ്ട്. ഇതറിഞ്ഞിരുന്നാൽ അടുക്കളയിലെ കത്തിയെന്ന സഹായിയെ പിന്നീട് ഒരിക്കലും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരില്ല.
നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാപ്പി കപ്പ് ഉണ്ടാകുമല്ലോ. കത്തിയുടെ മൂർച്ച കൂട്ടാൻ ആ കാപ്പി കപ്പ് മതിയെന്ന് കേട്ടാൽ അദ്ഭുതപ്പെടുമല്ലേ? കപ്പ് എന്നല്ല, സെറാമിക് പ്ലേറ്റുകളോ ബൗളുകളോ എന്തുവേണമെങ്കിലും കത്തിയുടെ മൂർച്ച കൂട്ടാനായി എടുക്കാം. കപ്പിന്റെയോ പാത്രങ്ങളുടെയോ അടിഭാഗത്തു മിനുസപ്പെടുത്താത്ത ഒരു റിങ് ഉണ്ട്. മൂർച്ചയില്ലാത്ത കത്തികൾ ഉപയോഗശൂന്യമായി വെറുതെ ഇരിക്കുന്നുണ്ടെങ്കിൽ ഈ റിങ്ങിൽ ഉരച്ചു മൂർച്ച വർധിപ്പിക്കാം. ഒരു പരന്ന പ്രതലത്തിൽ കപ്പോ പാത്രമോ കമിഴ്ത്തി വച്ചതിനു ശേഷം കത്തി നല്ലതുപോലെ ഉരച്ചെടുക്കാം. ഓരോ തവണ ചെയ്തതിനു ശേഷവും മൂർച്ചയായോ എന്ന് പരിശോധിക്കാനും മറക്കണ്ട.
ഇങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഭക്ഷണമുണ്ടാക്കി വച്ചിരിക്കുന്ന പാത്രത്തിനു സമീപത്തു വച്ചോ കറിക്കു അരിഞ്ഞു വെച്ചതിനു അടുത്തുവെച്ചോ കത്തി മൂർച്ച കൂട്ടരുത്. സൂക്ഷമമായ ചെറിയ സെറാമിക് തരികൾ പറന്നു ഭക്ഷണങ്ങളിൽ വീഴാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, മൂർച്ച കൂട്ടിയതിനു ശേഷം കത്തി നല്ലതു പോലെ കഴുകുകയും ചെയ്യണം. സെറാമിക് പാത്രങ്ങളിൽ ഉരച്ചുള്ള ഈ വിദ്യ ഇടയ്ക്കിടെ ചെയ്യേണ്ടി വരും. കാരണം ഒരുപാട് നാളുകൾ കത്തിയുടെ മൂർച്ച നിലനിൽക്കുകയില്ല.
English Summary: Sharpen a Knife on a Coffee Mug