ADVERTISEMENT

കേക്കുകൾ ആർക്കാണ് ഇഷ്ടമില്ലാത്തത്? വിശേഷാവസരം ഏത് തന്നെയായാലും കേക്ക് കൂടിയേ തീരു എന്നാണ് ഇപ്പോൾ എല്ലാവരുടെയും തന്നെ തീരുമാനം. മധുരത്തിന്റെ അകമ്പടിയുള്ള ചെറുതും വലുതുമായ ആഘോഷങ്ങൾക്കെല്ലാം കേക്കുമിപ്പോൾ നിർബന്ധമാണ്. ഹോം മെയ്ഡ് കേക്കുകൾ നമ്മുടെ നാട്ടിൽ സുലഭമായത് കൊണ്ടുതന്നെ അവ വാങ്ങി കഴിക്കുന്നതിൽ യാതൊരു മടിയും വിചാരിക്കേണ്ട കാര്യമില്ല. എന്നാൽ ചിലയിടങ്ങളിലെ കാഴ്ചകൾ കണ്ടാൽ പിന്നീട് ഒരിക്കൽ പോലും കേക്ക് കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമില്ല. ഒട്ടും വൃത്തിയില്ലാത്തയിടത്തു വെച്ച് ഉണ്ടാക്കുന്ന ഒരു കേക്ക് വിഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകമിപ്പോൾ. 

 

വിഡിയോ ആരംഭിക്കുന്നത് വ്യാവസായികമായി കേക്കുകൾ തയാറാക്കുന്ന ഒരിടത്തു നിന്നുമാണ്. വൃത്തി ഹീനമായ ചുറ്റുപാടുകൾ എന്നതു മാത്രമല്ല, ഗ്ലൗസുകൾ ഉപയോഗിക്കാതെ, കൈകൾ കഴുകാതെയാണ് കേക്കിനുള്ള മുട്ടകൾ പൊട്ടിക്കുന്നത്. മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുന്നതുമൊക്കെ ആ കൈകൾ ഉപയോഗിച്ച് തന്നെയാണ്. ഒട്ടും വൃത്തിയില്ലാത്ത പാത്രങ്ങളും ബേസ് തയാറാക്കിയതിനു ശേഷം അത് ട്രേയിൽ പരത്തുന്നത് പോലും കൈകൾ ഉപയോഗിച്ചാണ്. ബേക്ക് ചെയ്തതിനു ശേഷം അവ കൊണ്ട് വന്നു വെയ്ക്കുന്നതും വിവിധ രൂപങ്ങളിലാക്കി മുറിക്കുന്നതുമൊക്കെ കണ്ടാൽ തന്നെ അറപ്പുളവാക്കുന്ന പരിസരങ്ങളിൽ വച്ച്, വളരെ അശ്രദ്ധയോടെയും അലസവുമായാണ്. 

 

''കേക്ക് ഉണ്ടാക്കുന്നത് ഇങ്ങനെയാണെന്നു എനിക്ക് അറിഞ്ഞുകൂടായിരുന്നു'' എന്ന ക്യാപ്ഷനോടെ ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ട വിഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത് മറ്റുള്ള മനുഷ്യരോട് യാതൊരു തരത്തിലുള്ള പ്രതിബദ്ധതയുമില്ലാതെ എങ്ങനെ ഇപ്രകാരം ആഹാരസാധനങ്ങൾ തയാറാക്കി വിൽക്കാൻ സാധിക്കുന്നു എന്നാണ്. പല ഫുഡ് വ്ലോഗർമാരുടെയും വിഡിയോകൾ കാണാറുണ്ടായിരുന്നു. അതെല്ലാം കണ്ടപ്പോഴാണ് നമ്മൾ പുറത്തു നിന്നും വാങ്ങി കഴിക്കുന്ന പലതും കഴിക്കരുതാത്തത് ആയിരുന്നുവെന്ന് മനസിലാകുന്നതെന്നാണ് വിഡിയോ കണ്ട ഒരാൾ റീട്വീറ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാന ശുചിത്വം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ, പക്ഷേ അത് പോലും ഉറപ്പാക്കാൻ ഇവിടുത്തെ ഫാക്ടറികളും തൊഴിലാളികളും ശ്രമിക്കുന്നില്ലല്ലോ എന്നാണ് മറ്റൊരാളുടെ കുറിപ്പ്. വിഡിയോ കണ്ടവരെല്ലാം തന്നെ രോഷത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്.

English Summary: 'So Unhygienic!' Viral Video Shows Cakes Being Made in Gross Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com