ഇനി പാല്‍ തിളച്ചു തൂവില്ല! ഇത് തീർച്ചയായും പരീക്ഷിക്കാം
Mail This Article
എത്ര വലിയ പാചകക്കാരന്‍ ആണെന്ന് പറഞ്ഞാലും, പാല്‍ തിളപ്പിക്കുക എന്ന് പറയുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അല്‍പ്പം ശ്രദ്ധ തെറ്റിപ്പോയാല്‍, പാല്‍ മുഴുവന്‍ അടുപ്പില്‍ കിടക്കും! ഇത് ഒഴിവാക്കാനും, തിളച്ചു തൂവി പോകാതെ പാല്‍ തിളപ്പിക്കാനും ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
വലിയ പാത്രം ഉപയോഗിക്കുക
പാല്‍ പുറത്തേക്ക് തിളച്ചുതൂവാതിരിക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യം അത്യാവശ്യം വലുപ്പമുള്ള പാത്രം തിരഞ്ഞെടുക്കുക എന്നതാണ്. അങ്ങനെ, ചൂടാക്കുമ്പോൾ പാലിന് വികസിക്കാൻ ധാരാളം ഇടം ലഭിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യും.
കനമുള്ള അടിഭാഗത്തോട് കൂടിയ പാത്രം തിരഞ്ഞെടുക്കുക
പാത്രത്തിന്‍റെ കട്ടിയുള്ള അടിഭാഗം ചൂട് തുല്യമായി വിതരണം ചെയ്യുകയും പാല്‍ പെട്ടെന്ന് തിളച്ചു തൂവിപ്പോകാതിരിക്കാന്‍ സഹായിക്കും.
മരം കൊണ്ടുള്ള തവി
പാല്‍ കവിഞ്ഞൊഴുകാതിരിക്കാനുള്ള മറ്റൊരു ട്രിക്ക്, പാത്രത്തിനു കുറുകെ മരം കൊണ്ടുള്ള തവി വയ്ക്കുക എന്നതാണ്. ഓരോ തവണ പാല്‍ തിളച്ച് മുകളിലേക്ക് വരുമ്പോഴും, അത് ഈ തവിയില്‍ തട്ടി താഴേയ്ക്ക് തന്നെ തിരിച്ചു പൊയ്ക്കോളും.
ഒരു നുള്ള് ഉപ്പ് ചേർക്കുക
പാലിൽ ഒരു ചെറിയ നുള്ള് ഉപ്പ് ചേർക്കുന്നത് തിളച്ചുതൂവാതിരിക്കാന്‍ വളരെ ഫലപ്രദമാണ്. എന്നാല്‍ അധികം ചേര്‍ക്കാതിരിക്കുക.
ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കുക
ഗ്യാസ് സ്റ്റൗ ഉപയോഗിക്കുന്നവര്‍ക്ക് ഹീറ്റ് ഡിഫ്യൂസർ ഉപയോഗിക്കാം. ഇത് ചൂട് തുല്യമായി വിതരണം ചെയ്യുകയും, പെട്ടെന്നുള്ള തിളച്ചുതൂവല്‍ ഒഴിവാക്കുകയും ചെയ്യുന്നു.
ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്
എന്തൊക്കെ പൊടിക്കൈകള്‍ പരീക്ഷിച്ചാലും, പാല്‍ അടുപ്പത്ത് വച്ച ശേഷം അടുക്കളയില്‍ നിന്നും ഒരിക്കലും പുറത്തേക്ക് പോകരുത്. തീ ഇടയ്ക്ക് കൂട്ടുകയും കുറയ്ക്കുകയും ചെയ്യേണ്ടതിനാല്‍, പുറത്ത് പോയി വരുമ്പോഴേക്കും പാല്‍ മുഴുവനും തിളച്ചു തൂവി പോകാനുള്ള സാധ്യത വളരെയധികമാണ്.
English Summary: smart tricks to prevent milk from spilling out of the pan