ഉറക്കം ശരിയാകുന്നില്ലേ? രാത്രി ഈ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കി നോക്കൂ
Mail This Article
ആരോഗ്യകരമായ ജീവിതത്തിന് ശരിയായ ഉറക്കം വളരെ പ്രധാനമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍, നന്നായി ഉറങ്ങാന്‍ പറ്റുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉറക്കത്തിന്‍റെ ഗുണനിലവാരം കൂട്ടാനാവും. രാത്രി കഴിക്കുന്ന ഭക്ഷണമാണ് മികച്ച ഉറക്കത്തിനായി ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ട കാര്യം. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഒരിക്കലും കഴിക്കരുതാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ അറിയാം.
1. കഫീൻ അടങ്ങിയ പാനീയങ്ങൾ
കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവയിലെല്ലാം കാണപ്പെടുന്ന ഉത്തേജകവസ്തുവാണ് കഫീൻ. തലച്ചോറിനെ ഉണർവിലും ജാഗ്രതയിലും നിലനിർത്തുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കഫീൻ കഴിക്കുന്നത് സ്വാഭാവിക ഉറക്കം തടസ്സപ്പെടുത്തും. ഇടയ്ക്കിടെ ഉറക്കത്തില്‍ ഉണരാനും ഇത് കാരണമാകും.
2. എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോള്‍, അവ ശരിയായി ദഹിപ്പിക്കാൻ ശരീരത്തിന് ആവശ്യമായ സമയം നൽകുന്നതിനായി, പകല്‍സമയത്ത് തന്നെ അവ കഴിക്കാൻ ശ്രമിക്കുക.
3. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ
ഫാസ്റ്റ് ഫുഡ്, വറുത്ത ഭക്ഷണസാധനങ്ങള്‍, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും. രാത്രി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാന്‍ ബുദ്ധിമുട്ടാവുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യും. മാത്രമല്ല, ഇതിന്‍റെ ദഹനപ്രക്രിയ ഉറക്കത്തെ തടസ്സപ്പെടുത്തുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തിന്‍റെ നിലവാരം കുറയുകയും ചെയ്യും.
4. മധുരപലഹാരങ്ങള്‍
കുക്കികൾ, കേക്കുകൾ, ഐസ്ക്രീം തുടങ്ങിയ മധുര പലഹാരങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള മാറ്റം ഉറക്കത്തെ തടസ്സപ്പെടുത്തുകയും രാത്രിയിൽ കൂടുതൽ നേരം ഉണര്‍ന്നിരിക്കാന്‍ കാരണമാവുകയും ചെയ്യും. രാത്രി വൈകിയുള്ള ലഘുഭക്ഷണം വേണമെങ്കില്‍, ആരോഗ്യകരമായതും പഞ്ചസാര കുറഞ്ഞതുമായ ഭക്ഷണവസ്തുക്കള്‍ തിരഞ്ഞെടുക്കുക.
English Summary: Better Sleep by Avoiding These Types of Foods