ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് ഫ്രൈഡ് ചിക്കൻ. ലോകത്ത് പലയിടത്തും ഫ്രൈഡ് ചിക്കൻ ഉണ്ടാക്കാന്‍ പല രീതികളാണ്. ഇവയ്ക്ക് ഓരോന്നിനും ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ലോകമെമ്പാടുമുള്ള ഫ്രൈഡ് ചിക്കന്‍റെ ജനപ്രീതി തിരിച്ചറിഞ്ഞ് , അടുത്തിടെ ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ” ഒരു ലിസ്റ്റ് പുറത്തിറക്കി.
ഇന്തൊനീഷ്യയുടെ അയാം ഗോറെംഗാണ് ഈ പട്ടികയില്‍ ഒന്നാമത്. സമ്പൽ പേസ്റ്റും സോയാ സോസും ചേര്‍ത്ത് പച്ചക്കറികളോടൊപ്പം പൊരിച്ചെടുക്കുന്ന ചിക്കനാണിത്. തായ്‌വാനിൽ നിന്നും തെക്കൻ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നിന്നും, യഥാക്രമം തായ്‌വാനീസ് പോപ്‌കോൺ ചിക്കനും സതേൺ ഫ്രൈഡ് ചിക്കനും അയാം ഗോറെങ്ങിന് പിന്നാലെയുണ്ട്. അതുമാത്രമല്ല. ഇന്ത്യയുടെ സ്വന്തം ചിക്കൻ 65 (Chicken 65) പട്ടികയിൽ പത്താം സ്ഥാനത്തെത്തി രാജ്യത്തിന് അഭിമാനമായി.ടേസ്റ്റ് അറ്റ്‌ലസ് അനുസരിച്ച്, ലോകത്തെ ഏറ്റവും മികച്ച പത്തു ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ ഇനിപ്പറയുന്നവയാണ്.
∙ അയാം ഗോറെങ്, ഇന്തൊനീഷ്യ
∙ തായ്‌വാനീസ് പോപ്‌കോൺ ചിക്കൻ, തായ്‌വാൻ
∙ സതേൺ ഫ്രൈഡ് ചിക്കൻ, തെക്കൻ യുഎസ്എ
∙ ക്രിസ്പി ഫ്രൈഡ് ചിക്കൻ, ഗുവാങ്‌ഡോംഗ്, ചൈന
∙ ചിക്കൻ കൈവ്, ഉക്രെയ്ൻ
∙ അയം പെന്യെറ്റ്, ഈസ്റ്റ് ജാവ്, ഇന്തോനേഷ്യ
∙ പോഹാർസ്കയ കോട്ട്ലെറ്റ, റഷ്യ
∙ ബാക്ക്ഹെൻഡൽ, വിയന്ന
∙ ചൂടുള്ള ചിക്കൻ, നാഷ്‌വില്ലെ, യുഎസ്എ
∙ ചിക്കൻ 65, ചെന്നൈ, ഇന്ത്യ
ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് ഉത്ഭവിച്ച ഒരു ക്ലാസിക് കോഴി വിഭവമാണ് ചിക്കൻ 65 എന്ന് ടേസ്റ്റ് അറ്റ്‌ലസ് കുറിച്ചു. “ചിക്കൻ 65 ന്‍റെ ഉത്ഭവത്തെക്കുറിച്ച് ചില സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും പ്രചാരമുള്ള സിദ്ധാന്തം പറയുന്നത്, 1965 ൽ എ എം ബുഹാരിയാണ് ഇത് തമിഴ്‌നാട്ടിൽ ആദ്യമായി ഉണ്ടാക്കിയത് എന്നാണ്. മറ്റൊന്ന് പറയുന്നത്, പൗരുഷത്തിന്‍റെ പ്രതീകമായി, നല്ല എരിവുള്ള 65 മുളകുകള്‍ ഉപയോഗിച്ചാണ് ആദ്യം ഈ വിഭവം ഉണ്ടാക്കിയതെന്നാണ്. ചിക്കൻ 65 കഷണങ്ങളായി മുറിച്ചിട്ട് ഉണ്ടാക്കിയതാണ് എന്നും,വിഭവം തയ്യാറാക്കുമ്പോൾ കോഴിക്ക് 65 ദിവസം പ്രായമായിരുന്നു എന്നുമൊക്കെയുള്ള തരത്തിലുള്ള സിദ്ധാന്തങ്ങളും ഉണ്ട്, ”അതിൽ പറയുന്നു.
എന്നിരുന്നാലും, ദക്ഷിണേന്ത്യയിൽ ഉടനീളം, ഓരോ സംസ്ഥാനത്തും ഇത് ഉണ്ടാക്കുന്ന രീതി വ്യത്യസ്തമാണ്. “കർണ്ണാടകയിൽ ഇത് ചിരകിയ തേങ്ങ കൊണ്ടാണ് അലങ്കരിക്കുന്നത്, ആന്ധ്രാപ്രദേശിൽ വറുക്കുന്നതിന് പകരം ചിക്കൻ പാകം ചെയ്യുന്നു. ചിക്കൻ 65 സാധാരണയായി എരിവുള്ള ചുവന്ന ചട്‌നികള്‍ക്കൊപ്പമാണ് നൽകുന്നത്, ”ടേസ്റ്റ് അറ്റ്‌ലസ് പറയുന്നു.
English Summary: India's 'Chicken 65' Ranked Among World's 10 Best Fried Chicken Dishes