ADVERTISEMENT

കാലത്തു എഴുന്നേൽക്കുന്ന ഉടനെ ചൂടോടെ ഒരു ഗ്ലാസ് ചായ നിർബന്ധമുണ്ടായിരിക്കും നമ്മളിൽ പലർക്കും. മിക്കവരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഈ 'എനർജി ഡ്രിങ്കി'ൽ നിന്നായിരിക്കും. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളെയും ഉണർത്താനും ആ ദിവസം മുഴുവൻ ഉന്മേഷപ്രദമാക്കാനും ചായക്ക്‌ കഴിയുമെന്നാണ് സ്ഥിരമായി ഈ പാനീയം കുടിക്കുന്നവർ പറയാറ്. ചായ കുടിച്ചില്ലെങ്കിൽ തലവേദന വരുന്നവർ പോലും നമ്മുടെ ചുറ്റിലുമുണ്ട്. അത്രയധികം നമ്മളെയൊക്കെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ പാനീയത്തിന്. ചായക്ക്‌ നിറവും മണവുമൊക്കെ നൽകുന്ന, തേയില കൊണ്ട് വേറെയും ചില ഉപയോഗങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ? 

 

കറികൾക്ക് നിറം നൽകാം

 

സാധാരണയായി വടക്കൻ സംസ്ഥാനങ്ങളിൽ തയാറാക്കുന്ന പിണ്ടി ചോലെ അല്ലെങ്കിൽ ബട്ടൂരയ്ക്കു ഒപ്പം കഴിക്കാൻ കിട്ടുന്ന ചോലെ കറിക്കു നിറം നൽകുന്നതിൽ തേയിലയ്ക്കു വലിയ പങ്കുണ്ട്. അതിനുവേണ്ടി ആദ്യം ഒരു കോട്ടൺ തുണിയെടുക്കണം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേയില ഇട്ടതിനുശേഷം കിഴികെട്ടി കടല വേവിക്കുന്നതിലേയ്ക്ക് വെയ്ക്കാം. മുപ്പത്-നാല്പത് മിനിറ്റിനുശേഷം ഇതെടുത്തു മാറ്റാവുന്നതാണ്.  കടലയിൽ ചേർത്ത വെള്ളത്തിന് തവിട്ടു നിറം കൈവന്നിരിക്കുന്നത് കാണുവാൻ സാധിക്കും. കറിയ്ക്കു  തേയിലയുടെ മണം വരുമോ എന്നൊരു സംശയം ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ അങ്ങനെ സംഭവിക്കുകയില്ല. മറ്റുള്ള മസാലകൾ കൂടി ചേരുമ്പോൾ കടല കറിയുടെ രുചിയേറുക തന്നെ ചെയ്യും.

 

റൂം സ്പ്രേ 

 

മഴക്കാലത്ത് ചിലപ്പോൾ മുറികളിൽ അസാധാരണമായ ചീത്ത ഗന്ധങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിലെ സിങ്കിൽ നിന്നുമായിരിക്കും ദുർഗന്ധം ഉയരുക. എന്നാൽ ഇനി അങ്ങനെയൊരു പേടി വേണ്ട, മുറികളിലെ ചീത്ത ഗന്ധങ്ങളെ ഒഴിവാക്കാൻ തേയില ഉപയോഗിച്ച് ഒരു റൂം സ്പ്രേ തന്നെ തയാറാക്കിയെടുക്കാം. അതിനായി മൂന്നോ നാലോ ചെറിയ കഷ്ണം വൃത്തിയുള്ള തുണികളെടുക്കണം. അതിലേയ്ക്ക് ഒരു ടീസ്പൂൺ തേയില വീതം ഇട്ടതിനു ശേഷം രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീരോ മറ്റു എസ്സെൻഷ്യൽ ഓയിലുകളോ ചേർത്ത് കൊടുത്ത്  ഈ തുണികൾ കെട്ടി അടുക്കളയുടെ വിവിധ ഭാഗങ്ങളിൽ വെയ്ക്കാവുന്നതാണ്. അടുക്കളയിലെ സിങ്കിനടുത്തും ജനലരികിലും വെയ്ക്കാൻ മറക്കരുത്. അടുക്കളയിലെ ദുർഗന്ധം പാടെ മാറ്റാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.

 

ചോപ്പിങ് ബോർഡ് ക്ലീൻ ചെയ്യാം

 

ചോപ്പിങ് ബോർഡിലെ കറകൾ എല്ലാവർക്കും തലവേദന തന്നെയാണ്. ഇനി അതിനെ കുറിച്ചോർത്തു വിഷമിക്കണ്ട. തേയില ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് മാറ്റാവുന്നതാണ്. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേയിലയിട്ടതിനു ശേഷം നല്ലതു പോലെ ചൂടാക്കുക. ചൂടായ ആ വെള്ളത്തിലേക്ക് നാരങ്ങ നീര് കൂടി ചേർത്തുകൊടുക്കണം. ഒരു ടേബിൾ സ്പൂൺ ഡിഷ് വാഷും ഈ ലായനിയും കൂടെ ചേർത്ത് നല്ലതുപോലെ  കഴുകിയെടുക്കാം. തേയില ഒരു സ്ക്രബ്ബ്‌ പോലെ പ്രവർത്തിച്ച് ബോർഡിലെ ബാക്ടീരിയകളെ നീക്കം ചെയ്യും. അതിനു ശേഷം ചോപ്പിങ് ബോർഡ് നന്നായി കഴുകിയെടുത്തു ഉപയോഗിക്കാവുന്നതാണ്.

 

മധുര പലഹാരമുണ്ടാക്കാം 

 

തേയില ഉപയോഗിച്ച് എങ്ങനെ ഒരു മധുര പലഹാരം ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നുണ്ടാകുമല്ലേ. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഒരു ടേബിൾ സ്പൂൺ ഗോതമ്പു പൊടി, ഉപ്പ്, തേയില എന്നിവ നന്നായി ബ്ലെൻഡ് ചെയ്തതിനു ശേഷം അതിലേയ്ക്ക് പഞ്ചസാര പൊടിച്ചതും വാനില എസ്സെൻസും ബട്ടറും ചേർത്തതിനു ശേഷം നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കുക. ഈ മിശ്രിതം രണ്ടിഞ്ച് കനത്തിൽ ഒരു ഷീറ്റിൽ പരത്തുക. ഷീറ്റ് നല്ലതുപോലെ ചുരുട്ടിയതിനുശേഷം മുകൾ, അടി ഭാഗങ്ങൾ പൊതിഞ്ഞു അര മണിക്കൂർ നേരം ഫ്രിജിൽ വെയ്ക്കാം. അതിനുശേഷം190 ഡിഗ്രിയിൽ ചൂടാക്കിയ ഓവനിലേയ്ക്ക്  കട്ടിയായ ഈ മിശ്രിതം മുറിച്ച്, കഷ്ണങ്ങളാക്കി ഒരു ബേക്കിങ് ട്രേയിൽ വെച്ച്  12 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. തണുത്തതിനു ശേഷം കഴിക്കാവുന്നതാണ്.

English Summary: 4 ways to recycle the used tea leaves at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com