ADVERTISEMENT

ദോശയും പുട്ടും അപ്പവും ഇടിയപ്പവും വാഴുന്ന നമ്മുടെ പ്രഭാതങ്ങളിലെ നായിക ആരെന്നു ചോദിച്ചാൽ അത് ഇഡ്‌‍‍ഡലിയാണ്. ഗൺ പൗഡറും നെയ്യും ചമ്മന്തിയും സാമ്പാറുമൊക്കെ ചേരുമ്പോൾ ഇഡ്‌‍‍ഡലിയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയുണ്ട്. അതുകൊണ്ടു തന്നെ മല്ലിപ്പൂവ് അഥവാ മുല്ലപ്പൂ പോലിരിക്കുന്ന ഇഡ്‌ലി, തമിഴന്റെയും മലയാളിയുടെയും എന്നുവേണ്ട തെക്കേ ഇന്ത്യയുടെ മുഴുവൻ ഹൃദയം കവർന്ന സൂപ്പർ താരമാണ്. ഏതൊരു ഭക്ഷണപ്രേമിയും ഇഡ്‌‍‍ഡലിയും സാമ്പാറും ചമ്മന്തിയുമൊക്കെ ചേരുന്ന രസക്കൂട്ടിന്റെ ആരാധകർ തന്നെയായിരിക്കും. അത്രയും ''ഫാൻബേസ്'' ഉള്ള ഇഡ്‌‍‍ഡലിയെ എണ്ണയിലിട്ട് പൊരിച്ചു തന്നാൽ എങ്ങനെയുണ്ടാകും. അതുകുറച്ചു കടന്ന കൈ അല്ലേ എന്ന് തന്നെയാണ് കണ്ടവരെല്ലാം ചോദിക്കുന്നത്. 

 

മുഹമ്മദ് ഫ്യുച്ചെർവാല എന്ന ട്വിറ്റർ ഉപയോക്താവാണ് വളരെ വിചിത്രമായ ഈ വിഭവം സോഷ്യൽ ലോകത്തിനു പരിചയപ്പെടുത്തിയത്. ഒരു തെരുവ് കച്ചവടക്കാരാണ് ഇതുണ്ടാക്കുന്നതും വിൽപന നടത്തുന്നതും. ഇഡ്‌‍ഡ‍ലി വട എന്നാണ് പുതിയ വിഭവത്തിന്റെ പേര്. എങ്ങനെയാണ് ഇത് തയാറാക്കുന്നതെന്നു കാണിച്ചിട്ടുള്ള വിശദമായ വിഡിയോയും ട്വിറ്ററിലുണ്ട്. രണ്ട് ഇഡ്‌ലിയാണ് ഈ വിഭവത്തിലെ പ്രധാനികൾ. ഒരെണ്ണത്തിന്റെ  മുകളിൽ ഉരുളക്കിഴങ്ങു കൊണ്ട് തയാറാക്കിയ മസാല പുരട്ടിയതിനു ശേഷം അതിനു മുകളിലായി വേറൊരു ഇഡ്‌ലി കൂടി വെച്ച്, നേരത്തെ തയാറാക്കിയ കടലമാവിന്റെ കൂട്ടിൽ മുക്കി എണ്ണയിൽ വറുത്തുകോരി എടുക്കുന്നു. ഇഡ്‌ലി വട തയാറായി കഴിഞ്ഞു. സാമ്പാറും ചമ്മന്തിയും എല്ലാം ചേർത്താണ് ഈ പുതുവിഭവം ആവശ്യക്കാർക്ക് നൽകുന്നത്.

 

ആദ്യത്തെ കാഴ്ചയിൽ വലിയ തെറ്റൊന്നും പറയാനില്ലെങ്കിലും സോഷ്യൽ ലോകത്തിനു ഈ വിചിത്ര വിഭവം അത്രയ്ക്കങ്ങു പിടിച്ചിട്ടില്ലെന്നു കമെന്റുകൾ പറയുന്നുണ്ട്. ആവിയിൽ തയാറാക്കിയെടുക്കുന്ന വളരെ ആരോഗ്യകരമായ ഒരു വിഭവത്തിനു അനാരോഗ്യകരമായ ഒരു മാറ്റം കൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നില്ല എന്നുതന്നെയാണ് എല്ലാവരും ഒറ്റക്കെട്ടിൽ പറയുന്നത്.  വട പാവിൽ ഉരുളക്കിഴങ്ങ് വടയ്ക്കു പകരം ഇനി ഈ വട വച്ചാൽ മതിയെന്നു പ്രതികരിച്ചിരിക്കുന്നവരെയും ''വട ആത്മഹത്യ ചെയ്തോ?'' എന്നത് പോലുള്ള രസകരമായ കമെന്റുകളും വിഡിയോയുടെ താഴെ കാണാവുന്നതാണ്.

English Summary: Idli Vada is Here to Replace Aloo Vada But Desi Foodies Choose 'Health First'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com