'എന്താ കുട്ടി ഈ അടുത്തകാലത്ത് ഭക്ഷണമൊന്നും കഴിച്ചില്ലേ', ഇതൊന്നും എന്നെ ബാധിക്കില്ല; അനുമോൾ

Mail This Article
ഓരോരുത്തർക്കും അവർക്കിഷ്ടപ്പെട്ട രുചിയേറും വിഭവങ്ങൾ ഉണ്ടാകും. ചിലർ വീട്ടിലെ വിഭവങ്ങൾ ഇഷ്ടപ്പെടുമ്പോൾ, മറ്റുചിലർ വിവിധ രുചികൾ പരീക്ഷിക്കാനും ആസ്വദിക്കാനും ഇഷ്ടപ്പെടും. മലയാളികളുടെ പ്രിയ താരം അനുമോളെ സംബന്ധിച്ച് ലോകത്തിലെ ഏറ്റവും രുചിയേറിയ വിഭവം കൊണ്ടുവന്ന് കൊടുത്താലും അതുക്കും മേലെയാണ് സദ്യയും ബിരിയാണിയും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വേറിട്ടുനിൽക്കുന്ന യുവനടിയാണ് അനുമോൾ. യാത്രയ്ക്കൊപ്പം ഭക്ഷണപ്രിയ കൂടിയായ താരം, മിക്കവാറും എല്ലാത്തരം ഫൂഡും പരീക്ഷിച്ചുനോക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. പക്ഷേ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം എന്താണെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി അനുമോൾ പറയും സദ്യയും ബിരിയാണിയുമെന്ന്.
സദ്യയും ബിരിയാണിയും എന്റെ ” സ്ട്രെസ്ബസ്റ്റർ “

സദ്യ കഴിക്കുക എന്നുപറഞ്ഞാൽ എന്നെ സംബന്ധിച്ച് ഒരുതരം സ്ട്രെസ് റിലീസാണ്. ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് കഴിക്കുന്ന ഒന്നാണ് സദ്യ. ഓരോ കറിയും കൂട്ടി ഓരോ ഉരുള കഴിക്കണം. ശരിക്കുപറഞ്ഞാൽ പല രുചികൾ ഒരേസമയം നമുക്ക് ആസ്വദിക്കാൻ പറ്റുന്ന മറ്റൊന്നുണ്ടാകുമോ എനിക്ക് തോന്നുന്നില്ല. പണ്ട് മുത്തശ്ശൻ പറഞ്ഞുതന്നിട്ടുണ്ട് ഇലയിൽ ഒന്നും ബാക്കി വയ്ക്കരുതെന്ന്. ആ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കും ഞാൻ. കാരണം ഞാൻ കഴിച്ച ഇലയിൽ വേണമെങ്കിൽ വീണ്ടും വിളമ്പാം, അത്ര ക്ലീനായിരിക്കുമത്. എന്റെ സദ്യ കഴിക്കൽ കാണുന്നവർ ചോദിക്കും, എന്താ കുട്ടി ഈ അടുത്തകാലത്തൊന്നും ഭക്ഷണമൊന്നും കഴിച്ചില്ലേ എന്ന്. പക്ഷേ അതൊന്നും എന്നെ ബാധിക്കുകയേയില്ല. സദ്യയോളം നമുക്ക് മനസിന് സുഖവും സന്തോഷവും നൽകുന്ന മറ്റൊന്നില്ല.


തന്റെ സദ്യപ്രേമം കൂടെയുള്ളവർക്കെല്ലാം അറിയാമെന്ന് അനുമോൾ. എപ്പോൾ വീട്ടിൽ ചെന്നാലും അമ്മ അവിയലും കാളനും മകൾക്ക് ഉണ്ടാക്കികൊടുക്കും. അമ്മയുടെ നോൺ വെജ് ഐറ്റംസ് ഒക്കെ ഫാമിലിയിൽ ഭയങ്കര ഫെയ്മസാണ്. അമ്മ നല്ല പാചക്കാരിയാണെന്നും തനിക്ക് പാചകത്തേക്കാൾ കൂടുതൽ ഫൂഡ് ആസ്വദിക്കാനാണ് ഇഷ്ടമെന്നും അനുമോൾ. പിന്നെ അമ്മ ഒരു ഗംഭീര അച്ചാറുണ്ടാക്കും. മാങ്ങകൊണ്ടാണ് അതുണ്ടാക്കുന്നത്. ഭയങ്കര രുചിയാണതിന്. മാങ്ങാകഷ്ണങ്ങൾ ഒന്നും ഉണ്ടാകില്ല, എല്ലാം കൂടി പേസ്റ്റ് പോലെയായിരിക്കും ഇരിക്കുക, പക്ഷേ ഭയങ്കര ടേസ്റ്റാണ്. അനുമോൾ തുടർന്നു.
കൊച്ചിയിൽ ഫ്ലാറ്റിൽ താമസിക്കുന്നതിനാൽ അത്യാവശ്യം പാചകം ഇപ്പോൾ താൻ ചെയ്യാറുണ്ടെന്നും കൂടെ സഹായിക്കാൻ ഒരാൾ ഉള്ളതിനാലാണ് വല്യ കുഴപ്പമില്ലാതെ പോകുന്നുമെന്നും അനുമോൾ. എന്റെ കൂടെ എപ്പോഴും ഷൂട്ടിനും മറ്റുമെല്ലാം വരുന്നത് രാജിയാണ്. പുള്ളിക്കാരിയാണ് എന്റെ പാചകപരീക്ഷണങ്ങളുടെ കൂട്ടുപ്രതി. ഞങ്ങൾ രണ്ടുപേരും കൂടി എന്തെങ്കിലുമൊക്കെ ഉണ്ടാക്കും, ആവശ്യമുള്ളതെല്ലാം അരിഞ്ഞും അടുപ്പിച്ചുമെല്ലാം വച്ചതിനുശേഷം അവൾ വിളിക്കുമ്പോൾ പോയി കുക്ക് ചെയ്യാൻ എനിക്ക് വലിയ ഉത്സാഹമാണ്.
നല്ല ഭക്ഷണങ്ങൾ കഴിച്ചാസ്വദിക്കാനാണ് എനിക്ക് താൽപര്യം, സദ്യ പോലെ തന്നെയാണ് എനിക്ക് ബിരിയാണിയും. ചിലർ പറയില്ലേ ഏത് ഉറക്കത്തിൽ വിളിച്ചെഴുന്നേൽപ്പിച്ച് തന്നാലും ഞാൻ അത് കഴിക്കും എന്നൊക്കെ, എതാണ്ട് അതുപോലെയാണ് എനിക്ക് ബിരിയാണി. എപ്പോൾ കിട്ടിയാലും കഴിക്കും. ഇത്രയൊക്കെയാണെങ്കിലും ഒരു കാര്യത്തിൽ അൽപം സങ്കടമുണ്ടെന്ന് അനുമോൾ. ഇഷ്ടമുള്ള ഭക്ഷണങ്ങൾ നിറയെ കഴിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പെട്ടെന്ന് വയറുനിറഞ്ഞുപോകുന്നത് എന്നെ സംബന്ധിച്ച് ഭയങ്കര വിഷമമുള്ള കാര്യമാണ്. തമാശയ്ക്കാണ് അനുമോൾ അത് പറഞ്ഞതെങ്കിലും നമ്മളിൽ പലർക്കുമുള്ള ഒരു സങ്കടം തന്നെയല്ലേ അത്.
English Summary: Anumol Shares About her Favorite Food