മധുരപ്രിയര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡെസേർട്ടുകളിലൊന്നാണ് പായസം. ഒാണക്കാലത്ത് പല രുചിയിലും ഭാവത്തിലും പായസം തയാറാക്കാറുണ്ട്. ഏലയ്ക്കയും നെയ്യിൽ വറുത്തു കോരിയ കശുവണ്ടിയും മുന്തിരിയുമൊക്കെ ചേർത്ത പായസം ഒാർക്കുമ്പോൾ തന്നെ വായിൽ കൊതിയുടെ ഉറവപ്പൊട്ടും. പാലടയെയും പാൽപായസത്തെയും സേമിയയെയും കടത്തിവെട്ടി ഒരു കിടിലൻ പായസം ഈ ഒാണത്തിൻ തയാറാക്കാം. വാഴകൂമ്പും ബീറ്റ്റൂട്ടും ഒരുമിച്ച പായസം. കാഴ്ചയിൽ പാലടയോട് സാമ്യം ഉണ്ടെങ്കിലും രുചി ഗംഭീരമാണ്.

വാഴകൂമ്പ്, കുടപ്പൻ, വാഴപൂവ്, വാഴചുണ്ട് അങ്ങനെ പല നാടുകളിലും പല പേരുകളിലാണ് ഇൗ കേമൻ അറിയപ്പെടുന്നത്. ആരോഗ്യത്തിന് ബെസ്റ്റാണ്. ഇനി തോരനും മാത്രമല്ല പായസത്തിനും വാഴകൂമ്പ് സൂപ്പറാണ്. ബീറ്റ്റൂട്ടിനെ കുറിച്ച് പിന്നെ പറയുകയേ വേണ്ട, ആരെയും ആകർഷിക്കുന്ന നിറം പോലെ ശരീരത്തിന് വേണ്ട എല്ലാ ഗുണങ്ങളും നിറഞ്ഞതാണ് ഈ താരം. വാഴകൂമ്പും ബീറ്റ്റൂട്ടും ചേർന്ന പായസരുചി ആരും പരീക്ഷിക്കേണ്ടതാണ്. ഇത്തവണത്തെ ഒാണത്തിന് ഈ വെറൈറ്റി പായസം തയാറാക്കാം.
ബീറ്റ്റൂട്ട് വാഴകൂമ്പ് പായസം
ചേരുവകൾ :
ബീറ്റ്റൂട്ട് – 1( ചെറുതായി അരിഞ്ഞത്)
വാഴകൂമ്പ്: 1( ചെറുതായി അരിഞ്ഞത്)
നെയ്യ് – ആവശ്യത്തിന്
പശുവിൻ പാൽ – 1ലിറ്റർ
കശുവണ്ടി – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി – ആവശ്യത്തിന്
പാചകരീതി:
ഉരുളിയിൽ നെയ്യ് ചൂടാക്കി ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി അരിഞ്ഞത് രണ്ട് മിനിറ്റ് വേവിക്കുക. ബീറ്റ്റൂട്ട് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞു കറപോകുവാനായി വെള്ളത്തിലിട്ട് വച്ച വാഴകൂമ്പ് , വെള്ളം മാര്റി പിഴിഞ്ഞ് ബീറ്റ്റൂട്ടിനൊപ്പം ചേർത്ത് നന്നായി വേവിച്ചെടുക്കണം. ശേഷം പാൽ ചേർത്തു കൊടുക്കാം. നന്നായി മിക്സ് ചെയ്ത് ചെറിയ തീയിൽ വേവിച്ചെടുക്കണം. പാൽ തിളയ്ക്കുമ്പോൾ തീ കുറച്ച് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറു തീയിൽ 20 - 30 മിനിറ്റ് വരെ കുക്ക് ചെയ്യാം.
പാൽ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. പാനിൽ നെയ്യ് ചൂടാക്കി കശുവണ്ടിയും, ഉണക്കമുന്തിരിയും ചുടാക്കി പായസത്തിൽ ഒഴിച്ച് ഏലയ്ക്കാപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക. രുചിയൂറും വാഴകൂമ്പ് ബീറ്റ്റൂട്ട് കോമ്പിനേഷൻ പായസം റെഡി. കാഴ്ചയിൽ പാലടയോട് സാമ്യം തോന്നും. രുചിയും ഗംഭീരമാണ്.
English Summary: Vazhakoomb and Beetroot Special payasam Recipe