ADVERTISEMENT

തിരുവല്ല ∙ അർഹമായ സ്വത്തുക്കൾ തട്ടിയെടുക്കപ്പെട്ടെന്ന് പ്രശസ്ത പാചകവിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ ഏക പുത്രി നശ്വ നൗഷാദ്. മാതാപിതാക്കളെ അടുത്തടുത്ത ദിനങ്ങളിൽ നഷ്ടമായ നശ്വയുടെ പുതിയ സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം.  ബന്ധുക്കളുടെ സംരക്ഷണയിൽ കഴിയുന്ന തന്റെ എല്ലാ സ്വത്തുക്കളും അവർ സ്വന്തമാക്കി എന്നാണ് പരാതി. 2021 ഓഗസ്റ്റിലായിരുന്നു നൗഷാദിന്റെ മരണം. വിയോഗത്തിനു രണ്ടാഴ്ച മുൻപ് ഭാര്യ ഷീബയും വിടപറഞ്ഞു. ഇരുവരുടെയും അകാല മരണം നശ്വയുടെ ജീവിതത്തിന്റെ താളം  തെറ്റിച്ചുവെന്ന് കുറിപ്പിൽ പറയുന്നു.

പിതാവിന്റെ സ്വത്തുക്കൾ ബന്ധുക്കൾ കയ്യടക്കി വച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസചെലവിനുള്ള പൈസ പോലും തരുന്നില്ലെന്നുമാണ് നശ്വ ആരോപിച്ചിരിക്കുന്നത്. ബന്ധുക്കൾക്കെതിരെ പൊലീസിലും കോടതിയിലും പരാതിയും നൽകിയിട്ടുണ്ട്. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർക്കു നൽകിയ പരാതിയുടെ കോപ്പിയും പങ്കുവയ്ക്കുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ കോടതിയിൽ നിന്നു സംരക്ഷണ ഉത്തരവാദിത്തം സ്വന്തമാക്കിയ മാതാവിന്റെ സഹോദരൻ, സഹോദരി,  അവരുടെ ഭർത്താവ്  എന്നിവർ സ്വത്തുക്കൾ കൈവശം വച്ച് ലക്ഷങ്ങൾ സമ്പാദിക്കുകയാണെന്നും  തന്റെയും പിതാവിന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച്  അവരുമായി ബിസിനസ് നടത്തുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ നിന്നു പിന്മാറുന്നതിനും  ഭീഷണിപ്പെടുത്താനുമായി സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തുന്നുണ്ടെന്നും കേസിൽ കോടതി തീരുമാനം ഉണ്ടാകുന്നതു വരെ തന്നെ സംരക്ഷിക്കണമെന്നും പറയുന്നു.

നിലവിൽ ഇളയമ്മമാരുടെ സംരക്ഷണയിൽ കഴിയുന്ന നശ്വ, സ്വത്തുക്കൾ അനധികൃതമായി കൈവശം വെച്ച് അനുഭവിക്കുന്ന തന്റെ ബന്ധുക്കൾക്കെതിരെ പത്തനംതിട്ട ജില്ലാ കോടതിയിൽ കേസുണ്ട്. ആ കേസ് കോടതിയുടെ പരിഗണയിലാണെന്നും തിരുവല്ല സർക്കിൾ ഇൻസ്പെക്ടർക്കു നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്വത്തും കേറ്ററിങ്ങും  ബന്ധുക്കൾ കയ്യടക്കിയെന്നും ബിസിനസ് നടത്തി അവരുടെ മക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുമ്പോൾ  തന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സ്കൂളുകളിൽ കയറിയിറങ്ങുകയാണെന്നും നശ്വ പറയുന്നു. തന്നെ ഇങ്ങനെ വളർത്താനല്ല മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെന്നും വാപ്പയുടെ എല്ലാമായ കേറ്ററിങ് തനിക്കു സംരക്ഷിക്കണമെന്നും ആ വഴി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്നും  കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്!! 

ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ..എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.... 

എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബിസിനെസ്സും കയ്യടക്കി വെച്ച് കൊണ്ടിരിക്കുകയാണ്. ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ എന്റെ ചെറിയ ആവിശ്യങ്ങൾക്ക് പോലും എന്താണ് ചെയ്യേണ്ടത്? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ്ഞ് വച്ചിരിക്കുകയാണ്... കാറ്ററിങ്ങിൽ  നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വന്തം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുബോൾ..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ്ഞ് സ്കൂളിൽ കേറി ഇറങ്ങുന്നു.  ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.....  

ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..എന്റെ ഒരു അനുവാദവും ഇല്ലാതെ,  എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു..എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം..  എനിക്കും ആ  വഴി മുന്നോട്ട് പോണം... അതുകൊണ്ട് ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്... ഇൻശാ അള്ളാ..എനിക്ക് നീതികിട്ടും..

എനിക്ക് ആഹാരം വാങ്ങി തന്നിട്ട്  എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവച്ചിട്ട്  എന്റെ ഫോട്ടോ വച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ, ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച്ച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ  നടക്കും എന്ന മോഹം വേണ്ട!എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ല...  എന്നോട്

English Summary: Chef Naushads daughter Nashwa Naushads facebook post against her relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com