തേങ്ങ വറുക്കാന്‍ ഇനി ഇളക്കി സമയം കളയേണ്ട, ഇതാ ഒരു എളുപ്പവഴി

coconut
Image Credit:Sajesh K/Istock
SHARE

വറുത്തരച്ച കറികൾ നമ്മുടെ ഭക്ഷണത്തിലെ പ്രധാനികളാണ്. ഉള്ളിയും പാവയ്ക്കയുമൊക്കെ വറുത്തരച്ചു  വച്ചാൽ രുചിയുടെ കാര്യം പറയുകയേ വേണ്ട. ചില ജില്ലകളിൽ കായവും ഉലുവയും ചെറിയുള്ളിയുമൊക്കെ ചേർത്ത് തേങ്ങയും കൂടെ വറുത്തരച്ചാണ് സാമ്പാർ തയാറാക്കുന്നത്. ആ സാമ്പാറിന്റെ തട്ട് സ്വാദിൽ എപ്പോഴും താഴ്ന്നു തന്നെ ഇരിക്കുമെന്നാണ് ആ ജില്ലക്കാരുടെ അവകാശവാദം. ചിക്കനും ബീഫും മീനും വരെ വറുത്തരക്കാറുണ്ട്. അവയെല്ലാം രുചിയിൽ ഏറെ മുമ്പിൽ തന്നെയാണ്. എന്നാൽ സമയമേറെ ചെലവഴിക്കണം എന്നത് ചിലരെയെങ്കിലും തേങ്ങ വറുത്തരക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്. ഇനി ആ കാര്യമോർത്തു ഒട്ടും തന്നെയും ആശങ്കപ്പെടേണ്ടതില്ല. വളരെ എളുപ്പത്തിൽ, നിമിഷങ്ങളിക്കുള്ളിൽ തേങ്ങ വറുത്തെടുക്കാം. റെസ്‌മീസ് കറി വേൾഡ് എന്ന യുട്യൂബ് ചാലിലാണ്‌ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

ചിരവിയെടുക്കുന്ന ഒരു തേങ്ങ മിക്സിയുടെ ജാറിലിട്ടു ചെറുതായൊന്നു ഒതുക്കിയെടുക്കണം. ഇങ്ങനെ ചെയ്യുന്നത് തേങ്ങ മുഴുവനും ഒരേപോലെ ചെറുതായി ലഭിക്കാൻ സഹായിക്കും. ഒരുമിച്ചു നന്നായി വറുത്തുകിട്ടാനും ഇങ്ങനെ ചെയ്താൽ മതി. സാധാരണയിൽ നിന്നും വ്യത്യസ്തമായി കുക്കറിലാണ് തേങ്ങ വറുക്കുന്നത്. അതിനായി ആദ്യമേ, കുക്കർ നന്നായി ചൂടാക്കി ജലാംശമെല്ലാം കളഞ്ഞതിനുശേഷം രണ്ടു മുതൽ മൂന്നു ടേബിൾ സ്പൂൺ വരെ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം. എണ്ണ നന്നായി ചൂടായതിനുശേഷം ഒതുക്കിവെച്ചിരിക്കുന്ന തേങ്ങ കുക്കറിലേയ്ക്ക് ഇട്ടു നന്നായി ഇളക്കി മിക്സ് ചെയ്യാം. അതിനുശേഷം കുക്കർ അടച്ചു വെയ്ക്കാം. ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. കുക്കർ അടക്കുമ്പോൾ വിസിൽ ഉപയോഗിക്കരുത്. രണ്ടുമിനിറ്റ് കഴിയുമ്പോൾ അടപ്പ് തുറക്കാതെ തന്നെ നല്ലതുപോലെ കുലുക്കാം. അടിയിലെ തേങ്ങ മുകൾഭാഗത്തേയ്ക്കു വരുന്നതിനു വേണ്ടിയാണു ഇങ്ങനെ ചെയ്യുന്നത്. രണ്ടോ മൂന്നോ സെക്കൻഡുകൾ കൂടി കഴിയുമ്പോൾ വിസിലിന്റെ ഭാഗത്തു നിന്നും പ്രഷർ പുറത്തേയ്ക്ക് വരുന്നത് കാണാം. ഇനി കുക്കർ തുറക്കാം. തേങ്ങ ഒരു തവണ കൂടി ഇളക്കി കൊടുക്കണം. തേങ്ങ ഒരു അമ്പത് ശതമാനം വറുത്തതായി ഇപ്പോൾ തന്നെ കാണുവാൻ സാധിക്കും. നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തതിനുശേഷം കുക്കർ വിസിൽ ഇല്ലാതെ അടച്ചു വയ്ക്കാം. ഇടയ്ക്കൊന്നു കുലുക്കി കൊടുക്കുന്നത് നല്ലതാണ്. രണ്ടോ മൂന്നോ സെക്കൻഡുകൾ കൂടി കഴിഞ്ഞതിനു ശേഷം കുക്കർ തുറന്നു നോക്കാം. തേങ്ങ ഒരു എൺപത് ശതമാനത്തോളം വറുത്തു വന്നിട്ടുള്ളതായി കാണാൻ സാധിക്കും. 

മേൽപറഞ്ഞ രീതിയിൽ തയാറാക്കുന്ന തേങ്ങയിൽ മസാലകളൊന്നും തന്നെയും ചേർത്തിട്ടില്ല. ചൂടാറിയതിനുശേഷം എത്ര ദിവസങ്ങൾ വേണമെങ്കിലും ഈ വറുത്ത തേങ്ങ ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ കറി വെയ്ക്കുന്ന സമയത്ത് ഈ തേങ്ങ പുറത്തെടുത്തു മസാല പൊടികളെല്ലാം ചേർത്ത് നന്നായി ചൂടാക്കിയെടുക്കാം. തിരക്കുള്ള ദിവസങ്ങളിൽ തേങ്ങ വറുത്തു കറിവയ്ക്കണമെന്നുള്ളവർക്കു ഇനി വഴി പരീക്ഷിക്കാവുന്നതാണ്.

English Summary: Coconut frying in cooker

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS