ഭക്ഷണം കഴിച്ചും തടി കുറയ്ക്കാം; ഓണവിശേഷങ്ങൾക്കൊപ്പം ഓണസമ്മാനവുമായി സാധിക

HIGHLIGHTS
  • കോഴിക്കോട് ഉള്ളവർക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഭക്ഷണകാര്യമാണ്.
  • ഒട്ടും എണ്ണയില്ലാതെ ബിരിയാണി തയാറാക്കാം
SHARE

സിനിമ, സീരിയൽ, മോഡലിങ്, ആങ്കറിങ്, ഇപ്പോൾ പാചകവും. കരിയറിനെ ഇങ്ങനെ മോൾഡ് ചെയ്തെടുത്തിരിക്കുന്നയാളാണ് മലയാളികളുടെ പ്രിയങ്കരിയായ സാധിക വേണുഗോപാൽ. വിവിധ ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിൽ നിറസാന്നിധ്യമാണ് സാധിക. പാചകത്തിൽ ആസാധ്യമായ കഴിവുള്ള സാധിക രണ്ടായിരത്തോളം റെസിപ്പികളാണ് പ്രേക്ഷകർക്കു വേണ്ടി തയാറാക്കിയിരിക്കുന്നത്. മലയാളികളുടെ രുചിക്കനുസരിച്ച്, കോണ്ടിനെന്റൽ വിഭവങ്ങളെ വരെ നാടൻ രുചിക്കൂട്ടിലേക്കു മാറ്റിയിട്ടുള്ള സാധിക ഇഷ്ട വിഭവങ്ങളെക്കുറിച്ചും ഓണവിശഷങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു.

സാധികയും പാചകവും

പാചകത്തെ ഇത്രത്തോളം നെഞ്ചോടു ചേർക്കുന്ന സാധികയ്ക്ക് എന്നും ഓണമാണെന്ന‌ു തന്നെ പറയാം. സ്വാദേറും വിഭവങ്ങൾ തയാറാക്കാൻ ഓണം എത്തേണ്ട കാര്യമില്ലല്ലോ എന്നാണ് സാധികയുടെ പക്ഷം. അച്ചാർ തുടങ്ങി പലതരം പായസങ്ങൾ വരെ തയാറാക്കാറുണ്ട്. എല്ലാ റെസിപ്പികളും ആരാധകർക്കായി പങ്കുവയ്ക്കുന്നതോടെ പ്രേക്ഷകരും ഹാപ്പിയാണ്. പച്ചക്കറിയോ പഴമോ എന്തുമാകട്ടെ, അതിനെ പല രൂപത്തിലും ഭാവത്തിലും രുചിക്കൂട്ടിലും വിളമ്പാം എന്നും സാധിക പറയുന്നു. സേമിയ പായസം തയാറാക്കുന്ന വെർമിസെല്ലി കൊണ്ട് ഉപ്പുമാവ് മാത്രമല്ല. കിഴി, ബിരിയാണി, കട്‍‍ലെറ്റ് എന്നുവേണ്ട സകലതും ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ വാഴപ്പിണ്ടി കൊണ്ടും കാബേജു കൊണ്ടുമൊക്കെ പായസം തയാറാക്കിയിട്ടുണ്ട്. മറ്റുള്ളവർ ചെയ്യുന്നതിൽനിന്നു വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കാനാണ് സാധികയ്ക്ക് ഇഷ്ടം. തന്റേതായ സിഗ്നേചർ ഡിഷ്, അത് അങ്ങനെ തന്നെ വേണം.

sadhika-food-video

പാചകം ഒരു കലയാണ്. എല്ലാവർക്കും അതിൽ അഭിരുചി കിട്ടണമെന്നില്ല, സാധികയ്ക്ക് ഇൗ കഴിവ് അച്ഛനിൽനിന്ന് പകർന്നുകിട്ടിയതാണ്. അച്ഛൻ നല്ലൊന്നാന്തരം കുക്കാണ്. അതേ പാത പിന്തുടർന്നു സാധികയും. ഒരുപാട് ട്രെഡീഷനൽ വിഭവങ്ങളും അച്ഛനിൽനിന്നു പഠിച്ചെടുത്തിട്ടുണ്ട്. അതിൽ വെറൈറ്റിയായി തോന്നിയത് കുമ്പളങ്ങയും ചിക്കനും ചേർന്ന െറസിപ്പിയാണ്. പച്ചക്കറികളിൽ അത്ര വലിയ സ്ഥാനം കുമ്പളങ്ങയ്ക്ക് കിട്ടാറില്ല, വല്ലപ്പോഴും മോര് കാച്ചാനും പേഡ ഉണ്ടാകാനുമൊക്കെയാണ് കുമ്പളങ്ങയെ ഉപയോഗിക്കുക. എന്നാൽ ആരോഗ്യകരമായ നിരവധി ഗുണങ്ങൾ നിറഞ്ഞാണിത്. ഇപ്പോൾ മിക്കവരും തടികുറയ്ക്കുവാനായി കുമ്പളങ്ങ ജ്യൂസ് കുടിക്കാറുണ്ട്. അതേപോലെ തന്നെ കുമ്പളങ്ങയെ സൂപ്പർസ്റ്റാറാക്കുന്ന ഒന്നാണ് കുമ്പളങ്ങയും ചിക്കനും ചേർന്ന ഈ രുചിക്കൂട്ട്. ഇതു പുതിയതായി ഉണ്ടായതല്ലെന്നും പണ്ട് കാലത്ത് ആളുകൾ തയാറാക്കിയിരുന്ന െഎറ്റമാണെന്നും അച്ഛൻ പറഞ്ഞിട്ടുണ്ടെന്നും സാധിക. 

sadhika-venugopal1
Image Credit: Instagram-Sadhika Venugopal

വളരെ എളുപ്പമാണ് കുമ്പളവും ചിക്കനും ചേർന്ന സ്റ്റ്യൂ തയാറാക്കാൻ. നാടൻ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കണം. ഒപ്പം കുമ്പളങ്ങയും. മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് വേവിക്കാം. നന്നായി വെന്ത് വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാലും കുരുമുളക് പൊടിയും കാന്താരിയും ചേർക്കാം. വളരെ എളുപ്പത്തിൽ ചിക്കൻകറി തയാറാക്കാം. സ്റ്റ്യൂപോലെ ഉണ്ടാകും. നല്ല രുചിയാണെന്ന് മാത്രമല്ല, കൊളസ്ട്രോൾ ഉള്ളവർക്കൊക്കെ നല്ലതാണ് ഇൗ വിഭവം.

എന്റെ നാടും രുചി നിറച്ച വിഭവങ്ങളും

ഭക്ഷണപ്രേമികളുടെ ഇഷ്ടനാടായ കോഴിക്കോടാണ് സാധികയുടെ സ്വദേശം. ബിരിയാണിയും മധുരപലഹാരങ്ങളും ഹൽവയും അങ്ങനെ രുചിപ്രേമികളുടെ പ്രിയ വിഭവങ്ങളുടെ നീണ്ടനിര ഇവിടെയുണ്ട്. ഇൗ വിഭവങ്ങളെക്കാളും സാധികയ്ക്ക് ഇഷ്ടം ബീച്ച് സൈഡിൽ ചില്ലു ഭരണികളിൽ നിറഞ്ഞിരിക്കുന്ന ഉപ്പിലിട്ട വിഭവങ്ങളാണ്. 

sadhika-venugopal3
Image Credit: Instagram-Sadhika Venugopal

‘‘ആ കാഴ്ച തന്നെ നാവിൽ വെള്ളമൂറിക്കും. കോഴിക്കോട്ടുകാർക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഭക്ഷണകാര്യമാണ്. കോഴിക്കോടിന്റെ രുചിയല്ല മറ്റൊരിടത്തും. കോഴിക്കോട് എവിടെയും ദം ഇട്ട ബിരിയാണി തന്നെയാണ് കിട്ടുന്നത്. എന്നാൽ മറ്റുള്ള നാടുകളിൽ മിക്കയിടത്തും ചിക്കനായാലും ബീഫായാലും കറിയും ചോറും വേറെയാണ് വേവിക്കുന്നത്. നമ്മൾക്ക് ഇൗ രുചിയറിയാവുന്നതുകൊണ്ട് പെട്ടെന്ന് മനസ്സിലാകും. അതേപോലെ ഇവിടെ കൈമ റൈസ് എല്ലായിടത്തും കിട്ടാറില്ല. നാട് വിട്ട് പോന്നതിനാൽ ഭക്ഷണകാര്യത്തിൽ ഇത്തിരി പ്രശ്നമാണ്. അതെനിക്കു മാത്രമല്ല, കോഴിക്കോടിന്റെ രുചിയറിഞ്ഞവർ ആരും പറയും.’’

യാത്രയും രുചിയും

‘‘കരിയറിലെ ഓരോ തീരുമാനത്തിനും ഉൗർജം നല്‍കുന്നത് എന്റെ യാത്രകളാണ്. ഇന്ത്യയിലും വിദേശത്തേക്കും നിരവധി യാത്രകൾ നടത്താറുണ്ട്. യാത്രയിലൂടെ കിട്ടുന്ന പോസിറ്റീവ് വൈബ് മനസ്സിനും ശരീരത്തിനും മാത്രമല്ല, എന്റെ കരിയറിനും ഒരുപാട് ഗുണം ചെയ്യാറുണ്ട്. ഏറ്റവും വലിയ ഉദാഹരണമായി കുക്കിങ് തന്നെ എടുക്കാം. പല നാടുകളിലൂടെ യാത്ര ചെയ്യുന്നതിനാൽ അന്നാട്ടിലെ പരമ്പരാഗത വിഭവങ്ങളും ട്രൈ ചെയ്യാറുണ്ട്. 

sadhika-venugopal
Image Credit: Instagram-Sadhika Venugopal

ആ വിഭവങ്ങൾ കഴിക്കുമ്പോൾ അതിലെ ഏകദേശം ചേരുവകളൊക്കെ മനസ്സിലാകാറുണ്ട്. അങ്ങനെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തിരികെ നാട്ടിലെത്തിയിട്ട് ഉണ്ടാക്കി നോക്കാറുമുണ്ട്. ഒരിക്കൽ പൊറിഞ്ചു സിനിമയുടെ പ്രേമോഷന്റെ ഭാഗമായി യാത്ര പോയപ്പോള്‍ അവിടെ നിന്നു സ്പ്രൗട്ടിന്റെ ഫ്രൈഡ് റൈസ് കഴിച്ചു. അതെനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെയുള്ളവ ഉണ്ടാക്കി നോക്കാറുണ്ട്. പിന്നെ ചില ഹോട്ടലുകളിലെ ഷെഫുമാർ അവരുടെ റെസിപ്പി പറഞ്ഞു തരാറില്ല, അത് അവരുടെ കീ റെസിപ്പി ആയിരിക്കും. യാത്രയും രുചിയും പുതിയ വിഭവങ്ങൾ പരീക്ഷിക്കാൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.’’

ഭക്ഷണം കഴിച്ച് തടി കുറയ്ക്കാം

ഇത്രയും ഭക്ഷണപ്രേമിയായിട്ടും സാധികയ്ക്ക് എങ്ങനെ ശരീരഭാരം നിയന്ത്രിക്കാനാകുന്നു? ജിമ്മിൽ പോകുന്നുണ്ടോ? എന്നൊക്കെയാണ് മിക്കവരും ചോദിക്കുന്നതെന്നു സാധിക പറയുന്നു. ജിമ്മിൽ പോകാറില്ല, ഭക്ഷണം കഴിച്ച് തടി കുറയ്ക്കുന്നതാണെന്നാണ് സാധികയുടെ മറുപടി. ‘‘ചോക്ലേറ്റും െഎസ്ക്രീമുമൊക്കെ കഴിക്കാറുണ്ട്. എല്ലാത്തിനും ഒരു കണക്കുണ്ട്, വലിച്ച് വാരി കഴിക്കുന്ന ശീലമില്ല. കൃത്യമായ അളവിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ് എന്റേത്.‌

sadhika-venugopal2
Image Credit: Instagram-Sadhika Venugopal

സാധാരണ ആളുകൾ തടി കുറയ്ക്കാനായി ഭക്ഷണം ഒഴിവാക്കാറാണ് പതിവ്, അതെനിക്കു പറ്റില്ല, എന്റെ ശരീരത്തിന് ആവശ്യമുള്ളവ കൃത്യ സമയത്ത് ഞാൻ കഴിക്കും. കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരുന്ന് നല്ല ഭക്ഷണമൊക്കെ കഴിച്ച് തടിച്ചുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആ സമയത്താണ് ഞാനേറ്റവും മെലിഞ്ഞത്. കൃത്യമായി ഭക്ഷണം കഴിച്ചിരുന്ന സമയമായിരുന്നല്ലോ കോവിഡ് കാലം. എവിടെയും പോകാൻ പറ്റാത്ത സമയമായിരുന്നല്ലോ, കൂടാതെ ഈയടുത്ത് ട്രെൻഡായ ഇന്റർമീഡിയേറ്റ് ഡയറ്റ് അച്ഛൻ പണ്ട് മുതലേ ചെയ്യുന്നതാണ്.

sadhika-venugopal5
Image Credit: Instagram-Sadhika Venugopal

തടി വയ്ക്കുന്നു എന്നത് ഇന്ന് എല്ലാവരും നേരിടുന്ന പ്രശ്നമാണ്. തടി കുറയ്ക്കാനായി ആരും പട്ടിണി കിടക്കരുത്. ആരോഗ്യമുള്ള ഭക്ഷണം കൃത്യമായി കഴിച്ച് തടി കുറയ്ക്കണം. അങ്ങനെയുള്ളവർക്കായി ഓയിൽ ഫ്രീ ബിരിയാണി റെസിപ്പിയൊക്കെ ഞാൻ കുക്കറി ഷോയിൽ പങ്കുവച്ചിട്ടുണ്ട്. സാവാള തലേന്ന് അരിഞ്ഞ് ഉണക്കിയെടുക്കും. സാധാരണ സവാള വഴറ്റാനാണ് ഏറ്റവുമധികം എണ്ണ ചേർക്കാറുള്ളത്. കൂടാതെ ചിക്കന്റെ നെയ്യിലും ചെയ്യാം. ഇങ്ങനെ എടുക്കുമ്പോൾ എണ്ണ ചേർക്കാതെ ബിരിയാണി തയാറാക്കാവുന്നതാണ്.’’

ഓണവും പാചകവും സാധികയും

‘‘എല്ലാ ഒാണവും പോലെ ഇത്തവണയും എനിക്ക് സ്പെഷൽ തന്നെയാണ്. അച്ഛനും അമ്മയും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെയുള്ള ഒാണം. വിഭവങ്ങളൊക്കെ അച്ഛന്റെ കൈപ്പുണ്യത്തിൽ തയാറാക്കും. അമ്മ ക്ലീനിങ്ങിനും ഞാൻ ഭക്ഷണം കഴിച്ചും സഹായിക്കും. ഞാനും അച്ഛനോടൊപ്പം കൂടും. വിഭവസമൃദ്ധമായ സദ്യ ഒരുക്കും.

Image Credit: Instagram-Sadhika Venugopal
Image Credit: Instagram-Sadhika Venugopal

എനിക്കേറ്റവും ഇഷ്ടം പ്രഥമനാണ്. പാലട ഇഷ്ടമാണ് എങ്കിലും ശർക്കരയും തേങ്ങാപ്പാലും ചേർന്ന പായസമാണ് ഏറ്റവും പ്രിയം. ഒാണം പോലെ തന്നെ ഞാനേറെ കാത്തിരിക്കുന്നതാണ് എന്റെ പുതിയ സിനിമ. നല്ല കഥാപാത്രം ചെയ്യാൻ സാധിച്ചതിലും ഏറെ സന്തോഷമുണ്ട്.’’

സാധികയുടെ ഓണസമ്മാനം

ഇത്തവണത്തെ ഓണത്തിന് അടിപൊളി പായസമാണ് സാധിക പ്രേക്ഷകർക്ക് സമ്മാനമായി നൽകുന്നത്–  മത്തൻ പ്രഥമൻ. അടപ്രഥമനും പാലടയും കടലപ്പരിപ്പുപായസവുമൊക്കെ മാറ്റിവച്ച് ഇത്തവണത്തെ ഓണത്തിന് മത്തൻ പ്രഥമൻ തന്നെ പരീക്ഷിക്കാം. വളരെ കുറച്ച് ചേരുവ കൊണ്ട് രുചികരമായ പായസം ആർക്കും എളുപ്പം തയാറാക്കാം. 

ചേരുവകൾ

∙മത്തൻ

∙ശർക്കര

∙നെയ്യ്

∙തേങ്ങാപ്പാൽ ( ഒന്നാം പാൽ, രണ്ടാം പാല്‍)

∙കശുവണ്ടി

∙ഉണക്കമുന്തിരി

∙കറുത്ത എള്ള്

തയാറാക്കുന്നവിധം

ചുവടുരുണ്ട പാന്‍ ചൂടാകുമ്പോൾ 2 സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് വേവിച്ച് ഉടച്ചെടുത്ത മത്തങ്ങ ചേർക്കാം. രണ്ടുംകൂടി നന്നായി ‍യോജിപ്പിക്കണം. മത്തനിലെ വെള്ളമയം പോകുന്നതു വരെ നന്നായി വഴറ്റണം. 

ശേഷം ശർക്കരപ്പാനി ചേർത്ത് നന്നായി ഇളക്കണം. അടിക്കു പിടിക്കാതെ വഴറ്റിക്കൊടുക്കാം. നല്ല പരുവത്തിനാകുമ്പോൾ തേങ്ങയുടെ രണ്ടാം പാല്‍ ചേർക്കാം. ശേഷം ഒന്നു കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് തീ അണയ്ക്കാം. മറ്റൊരു പാനിൽ നെയ്യ് ചേർത്ത് ചൂടാക്കി കശുവണ്ടി, ഉണക്കമുന്തിരി, കറുത്ത എള്ള് എന്നിവ മൂപ്പിച്ചെടുത്ത് പായസത്തിലേക്ക് ചേർക്കാം. മത്തൻ പ്രഥമൻ റെഡി. ഇതിൽ ഏലയ്ക്ക ചേർക്കേണ്ടതില്ല. പച്ചക്കറികൾ, പഴം, എന്നിവ ചേർത്ത് തയാറാക്കുന്ന വിഭവങ്ങളിൽ അതിന്റേതായ സ്വാദ് കിട്ടണമെങ്കിലും ഏലയ്ക്കാപ്പൊടി ചേർക്കേണ്ടതില്ലെന്നാണ് സാധിക പറയുന്നത്. ഈ ഓണത്തിന് എന്തായാലും മത്തന്‍ പ്രഥമൻ തയാറാക്കാം.

English Summary: Onam Special Interview with Actress Sadhika Venugopal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS