ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന ബദാം, ഇന്ന് മിക്കവരുടെയും ദൈനംദിന ഭക്ഷണത്തിന്‍റെ ഭാഗമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും വിറ്റാമിൻ ഇ, വിറ്റാമിൻ ബി 2, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യപോഷകങ്ങളുമെല്ലാം അടങ്ങിയ ബദാം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അസ്ഥികളുടെയും മസ്തിഷ്കത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമെല്ലാം ആരോഗ്യത്തിനും സഹായിക്കുന്നു.
ദിവസവും ബദാം കഴിക്കുന്നവര്‍ക്ക് അതിന്‍റെ തൊലി എളുപ്പത്തില്‍ കളയാനുള്ള ചില പൊടികൈകൾ ഇതാ.
തിളപ്പിക്കുക
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ബദാം ഇടുക. ഒരു മിനിറ്റ് തിളപ്പിച്ച ശേഷം, ഉടന്‍ തന്നെ ബദാം ഐസ് വെള്ളത്തിലേക്ക് ഇടുക. ഇത് പുറത്തേക്കെടുത്ത് ഒന്നു ഞെക്കിയാല്‍ തൊലി ഇളകി വരും.
കുതിര്‍ക്കുക
തലേ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് പല വീടുകളിലെയും ശീലമാണ്. രാത്രി കുതിര്‍ത്ത ബദാമിന്‍റെ തൊലി ഒന്നു ചെറുതായി വലിക്കുമ്പോള്‍ തന്നെ ഇളകിപ്പോരും. രാത്രിയില്‍ വെള്ളത്തില്‍ ഇടാന്‍ മറന്നുപോയാല്‍, രാവിലെ ഒരു അരമണിക്കൂറെങ്കിലും ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെച്ചാലും തൊലി എളുപ്പത്തില്‍ ഇളകിപ്പോരും.
റോളിംഗ്
ബദാം ഒരു വൃത്തിയുള്ള ഒരു തുണിയില്‍ നിരത്തുക. ഇത് ഒരു റോള്‍ പോലെ ഉരുട്ടിയെടുക്കുക. ഇത് കിച്ചന്‍ ടേബിളില്‍ വച്ച് അമര്‍ത്തി ഉരുട്ടുക. ഘർഷണവും സമ്മർദ്ദവും മൂലം തൊലി ബദാമില്‍ നിന്ന് വേര്‍പെടും. ഇങ്ങനെ ചെയ്യുമ്പോള്‍ ബദാം പൊടിഞ്ഞു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
മൈക്രോവേവ്
ഒരു മൈക്രോവേവ് സേഫ് പ്ലേറ്റിൽ നനഞ്ഞ പേപ്പർ ടവൽ വയ്ക്കുക. ഇതിനു മുകളിലായി ബദാം നിരത്തുക. മറ്റൊരു നനഞ്ഞ പേപ്പർ ടവൽ കൊണ്ട് മൂടുക. ഇത് ഒരു 10-15 സെക്കൻഡ് മൈക്രോവേവ് ചെയ്യുക.പേപ്പര്‍ ടവ്വലില്‍ നിന്നുള്ള ഈര്‍പ്പം, ബദാം തൊലിയിലേക്ക് ഇറങ്ങി, അവ മൃദുവാകുകയും, തൊലി അനായാസമായി നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ഫ്രീസ് ആൻഡ് സ്ക്വീസ്
ബദാം രണ്ട് മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ, ഇവ പുറത്തെടുത്ത് വൃത്തിയുള്ള രണ്ട് കിച്ചൺ ടവലുകൾക്കിടയിൽ വെച്ച ശേഷം മൃദുവായി സമ്മർദ്ദം ചെലുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊലികൾ അയവുള്ളതാവുകയും എളുപ്പത്തിൽ നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യും
English Summary: How to Peel Almonds easily