കറിയിൽ ഉപ്പു കൂടിയോ? ഇതാ ചില പൊടിക്കൈകൾ

Woman at Kitchen
Photo Credit: David B Wilson/ Shutterstock.com
SHARE

രുചികരമായ ഒരു കറി ഉണ്ടാക്കി, പക്ഷേ കറിയിൽ അൽപം ഉപ്പ് കൂടി പോയി. ഇനി എന്ത് ചെയ്യും? ഒരിക്കലെങ്കിലും ഇത്തരം പിഴവുകൾ പറ്റാത്തവർ ചുരുക്കമായിരിക്കും. കറികളിൽ ഉപ്പ്, പുളി, എരിവ് എന്നിവയെല്ലാം കൂടിപ്പോയാൽ പിന്നെ അതുപയോഗിക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ മറ്റുള്ള ചേരുവകളെ പോലെയല്ല, ഉപ്പിന്റെ ഉപയോഗം കൂടുതലായാൽ  അത് ശാരീരികമായ പ്രശ്‍നങ്ങളും സൃഷ്ടിക്കും. ചെറിയ ചില കാര്യങ്ങൾ ചെയ്താൽ കറിയിൽ മുന്നിട്ടു നിൽക്കുന്ന ഉപ്പിനെ ഒരു പരിധിവരെ പിടിച്ചു നിർത്താൻ കഴിയും.

കറിയിൽ ഉപ്പ് കൂടിപ്പോയാൽ ആദ്യം തേങ്ങാപാൽ പിഴിഞ്ഞ് ചേർക്കാം. തയാറാക്കിയ കറിയിൽ തേങ്ങാപാൽ ചേർത്താൽ അരുചി ആകില്ലെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ ചേർക്കാവൂ. കടല കറിയോ ചിക്കൻ കറിയോ ആണെങ്കിൽ തേങ്ങാപാൽ കറിയുടെ രുചിയും വർധിപ്പിക്കും. വേവിക്കാത്ത ഉരുളക്കിഴങ്ങ് കറിയിൽ അമിതമായി നിൽക്കുന്ന ഉപ്പിനെ വലിച്ചെടുക്കുമെന്നുള്ളത് കൊണ്ട് കറികളിൽ ഇവ ചേർക്കാം. കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഇരുപതു മിനിറ്റോളം കറിയിലിട്ടു വേവാൻ അനുവദിച്ചതിനു ശേഷം എടുത്തുമാറ്റാം. 

പഞ്ചസാരയുടെ മധുരം ഒരു പരിധിവരെ ഉപ്പിനെ പ്രതിരോധിക്കും. കറിയിൽ ഉപ്പ് കൂടുതലാണെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർത്ത് കൊടുത്താൽ മതിയാകും. കൂടിയ ഉപ്പിനെ ക്രമീകരിക്കാൻ ഇത് സഹായിക്കും. പുഴുങ്ങിയ ഉരുളകിഴങ്ങ് ചേർക്കാൻ പറ്റുന്ന കറിയാണെങ്കിൽ പുഴുങ്ങി ഉടച്ചു ചേർക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഉപ്പ് കുറയും. ഗോതമ്പു പൊടി കുഴച്ചു ചെറിയ ഉരുളകളാക്കി കറിയിലിടാം. അതിനുശേഷം പത്തു മുതൽ പതിനഞ്ചു മിനിറ്റ് വരെ കറി നല്ലതുപോലെ തിളപ്പിക്കണം. കൂടുതലായി നിൽക്കുന്ന ഉപ്പ് ഈ ഗോതമ്പു മാവിനൊപ്പം ചേരും. അതിനുശേഷം ഈ ഉരുളകൾ കറിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.

കറിയിൽ കുറച്ചു ഫ്രഷ് ക്രീം ചേർത്ത് കൊടുത്താൽ ഉപ്പ് കുറയുമെന്ന് മാത്രമല്ല, കറിയുടെ രുചിയും കൂടും കട്ടിയും വർധിക്കും. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം, കറിയുടെ രുചിയുമായി ഫ്രഷ് ക്രീം ചേർന്നുപോകുമോ എന്നതാണ്. ഒരു സ്പൂൺ തൈര് ചേർക്കുന്നതും തക്കാളി അരിഞ്ഞിടുന്നതുമെല്ലാം കറിയിൽ ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്നതാണ്. ഉപ്പ് കുറയ്ക്കാനുള്ള ഫലപ്രദവും എളുപ്പവുമായ മാർഗമാണിത്. ഉപ്പ് മുന്നിട്ടു നിൽക്കുന്ന കറികളിൽ സവാള വട്ടത്തിലരിഞ്ഞു ചേർക്കാം. ഉപ്പിനെ വലിച്ചെടുത്തുകൊള്ളും. മേൽപറഞ്ഞവയൊന്നും ചെയ്യാൻ സമയമില്ലെങ്കിൽ, കുറച്ചു വെള്ളം കറിയിലൊഴിച്ചു തിളപ്പിക്കാം. ഉപ്പിന്റെ കാഠിന്യം ഉറപ്പായും കുറഞ്ഞുകിട്ടും.

English Summary: Tricks to reduce excess salt in curries 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS