ADVERTISEMENT

പച്ചക്കറികളിൽ പ്രഥമസ്ഥാനീയൻ ആണെങ്കിലും പാവയ്ക്ക ചിലരുടെയെല്ലാം മനസിൽ അപ്രിയ കഥാപാത്രമാണ്. കാരണം അതിന്റെ കയ്പ് തന്നെ. എന്നാൽ ഗുണങ്ങൾ ഏറെയുള്ള ഈ പച്ചക്കറിയെ അങ്ങനെയങ്ങു കഴിക്കാതെ വെറുതെ വിട്ടാൽ ശരിയാകുമോ? ഇല്ല. ഇതാ പാവയ്ക്കയുടെ കയ്പ് അകറ്റാൻ ചില എളുപ്പ പണികൾ. ഇനി ധൈര്യമായി പാവയ്ക്ക കറി വെക്കാമെന്നു മാത്രമല്ല, കയ്പ് കാരണം ഇഷ്ടമല്ലെന്നും പറയുന്നവരെ കഴിപ്പിക്കുകയും ചെയ്യാം.

തൊലി ചുരണ്ടി കളയാം
പാവയ്ക്കയുടെ പരുക്കൻ മേൽഭാഗമാണ് കയ്‌പിന്റെ പ്രധാന ഉറവിടം. ആ മേൽഭാഗം ഒരു കത്തി ഉപയോഗിച്ച് ചുരണ്ടി കളയാം. പാവയ്ക്കയുടെ കയ്പ് നല്ലതുപോലെ കുറഞ്ഞു കിട്ടും. ഒരു പീലർ ഉപയോഗിച്ച് ചുരണ്ടി കളയുകയാണെങ്കിൽ പാവയ്ക്കയുടെ പുറംഭാഗം കാഴ്ച്ചയിൽ ഒരുപോലെയായി കിട്ടും.

ശർക്കര ചേർക്കാം 
പാവയ്ക്ക പൊതുവെ തേങ്ങ വറുത്തരച്ച് തീയൽ വെയ്ക്കുകയാണ് നമ്മുടെ പതിവ്. അങ്ങനെ ചെയ്യുമ്പോൾ  കയ്പ് കൂടുതലാണെങ്കിൽ കുറച്ചു ശർക്കര ചേർത്താൽ മതിയാകും. പാവയ്ക്കയുടെ കയ്‌പിനെ നല്ലതുപോലെ പ്രതിരോധിക്കും ശർക്കരയുടെ മധുരം. 

എണ്ണയിൽ വറുത്തെടുക്കാം 
പാവയ്ക്ക വറുത്തും കടലമാവിൽ മുക്കി പൊരിച്ചുമൊക്കെ ഉപയോഗിക്കാറുണ്ട്. എണ്ണയിൽ നല്ലതു പോലെ വറുത്തെടുത്താൽ പാവയ്ക്കയുടെ കയ്പ് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കുറേശ്ശെ എണ്ണയിലിട്ട് നല്ലതുപോലെ വറുത്തെടുക്കണം. 

കുരു ഒഴിവാക്കണം
പാവയ്ക്ക തോരനോ മെഴുക്ക് പുരട്ടിയോ എന്ത് തയാറാക്കുമ്പോഴും അതിനകത്തുള്ള കുരുക്കൾ പൂർണമായും നീക്കം ചെയ്യണം. നല്ലതു പോലെ മൂത്ത കുരുക്കളാണെങ്കിൽ മുളപ്പിച്ചു പാവൽ തൈകൾ ഉൽപാദിപ്പിക്കാം.

ഉപ്പ് ചേർക്കാം, കയ്പ് കുറയ്ക്കാം 
പാവയ്ക്കയിൽ ഉപ്പ് പുരട്ടി വെയ്ക്കുന്നത് കയ്പ് കുറയ്ക്കാൻ സഹായിക്കും. ഉള്ളിലെ കുരുക്കളും പുറത്തെ പരുക്കൻ പ്രതലവും കളഞ്ഞതിനു ശേഷം ഉപ്പ് പുരട്ടി നല്ലതു പോലെ തിരുമ്മി വെയ്ക്കണം. മുപ്പതു മിനിറ്റ് ഇത് മാറ്റിവെച്ചതിനു ശേഷം  ഉപ്പ് കഴുകി കളയാം.  ജലാംശം പൂർണമായും മാറിക്കഴിയുമ്പോൾ എന്ത് കറിയാണോ തയാറാക്കുന്നത് അതിനുള്ള രീതിയിൽ അരിഞ്ഞെടുക്കാം. 

പഞ്ചസാരയും വിനാഗിരിയും; കയ്പ് ഉറപ്പായും കുറയും 
ഒരു ബൗളിൽ അര കപ്പ് വെള്ളവും അത്രയും തന്നെ വിനാഗിരിയും എടുക്കുക. രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര ഈ ലായനിയിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം അരിഞ്ഞു വെച്ച പാവയ്ക്ക ഇതിലേയ്ക്കിടാം. ഇരുപതു മുതൽ മുപ്പതു മിനിറ്റ് വരെ കുതിർത്തു വെച്ചതിനു ശേഷം പാവയ്ക്ക ഒരു അരിപ്പയിലേക്കിട്ടു പച്ചവെള്ളത്തിൽ നന്നായി കഴുകിയെടുക്കാം. ഇനി പാകം ചെയ്യാവുന്നതാണ്. കയ്പ് നല്ലതുപോലെ കുറയും.

തിളപ്പിച്ച് എടുക്കാം 
രണ്ടോ മൂന്നോ കപ്പ് വെള്ളമെടുത്തു നല്ലതുപോലെ തിളപ്പിക്കണം.അതിലേയ്ക്ക് ഒരു ടീസ്പൂൺ ഉപ്പ് കൂടി ചേർക്കാൻ മറക്കരുത്. നന്നായി വെട്ടി തിളയ്ക്കുന്ന ഈ വെള്ളത്തിലേയ്ക്ക് പാവയ്ക്ക ഇട്ടുകൊടുക്കാം. ശേഷം തീ കൂട്ടി തന്നെ രണ്ടു മിനിറ്റ് നേരം തിളപ്പിച്ചെടുക്കണം. തിളച്ച വെള്ളത്തിൽ നിന്നും കോരിയെടുത്ത പാവയ്ക്ക തണുത്ത വെള്ളത്തിൽ രണ്ടു മിനിറ്റ് നേരം മുക്കിവെച്ചതിനു ശേഷം വെള്ളം നല്ലതുപോലെ വാർന്നു പോകുന്നതിനായി ഒരു അരിപ്പയിലേയ്ക്കിടാം. ഇനി കറി തയാറാക്കാം. കയ്പ് കുറവായിരിക്കും.

English Summary: 7 ways to make bitter gourd less bitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com