ADVERTISEMENT

രാവിലത്തെ തിരക്കിട്ട അടുക്കള പണിക്കിടയിൽ ഗ്യാസ് തീർന്നു പോയാൽ എന്ത് ചെയ്യും? ഉച്ചഭക്ഷണം തയാറാക്കുന്ന കാര്യമോർത്തു ഒട്ടും തന്നെയും വിഷമിക്കണ്ട. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം തയാറാക്കിയെടുക്കാം. എങ്ങനെയെന്നല്ലേ? സഹായത്തിനു മൈക്രോവേവ് ഉണ്ടെങ്കിൽ പരിപ്പ് കറിയും ചോറും റെഡിയാക്കുക എന്നത് നിസാരമായ കാര്യം തന്നെയാണ്. മൈക്രോ വേവിൽ പരിപ്പ് വേവിക്കുകയോ എന്ന് കേട്ടപ്പോൾ ചിലർക്കെങ്കിലും അതിശയം തോന്നിക്കാണും എന്നാൽ അവ്ൻ അതിനു സഹായിക്കുക തന്നെ ചെയ്യും. എങ്ങനെയെന്ന് നോക്കാം. 

 

അര കപ്പ് ചുവന്ന പരിപ്പും തുവര പരിപ്പും കഴുകിയെടുക്കുക. ഇവ മൈക്രോ വേവിൽ വയ്ക്കാൻ കഴിയുന്ന ഒരു ബൗളിലേക്ക് മാറ്റാം. രണ്ടു കപ്പ് വെള്ളം, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ടതിനുശേഷം ഈ ബൗൾ മൈക്രോവേവിൽ വെയ്ക്കാം. ഇരുപതു മിനിറ്റിലേയ്ക്ക് ടൈമർ സെറ്റ് ചെയ്യണം. ഇരുപതു മിനിട്ടിനു ശേഷം പരിപ്പ് എടുത്തു നോക്കിയാൽ വെള്ളം മുഴുവൻ ആഗിരണം ചെയ്ത നന്നായി വെന്തിരിക്കുന്നതായി കാണുവാൻ കഴിയും. വേണമെങ്കിൽ ഒന്നു ഉടച്ചു കൊടുക്കാവുന്നതാണ്. വെന്ത പരിപ്പിനു കൊഴുപ്പ് കൂടുതലായി തോന്നുന്നുണ്ടെങ്കിൽ അര കപ്പ് വെള്ളം കൂടി ഒഴിച്ച് പാകത്തിന് കട്ടിയാക്കിയെടുക്കാവുന്നതാണ്. 

 

വെറുതെ വേവിച്ച പരിപ്പ് കൂട്ടി ചോറ് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും അവ്നിൽ തന്നെ തട്ക ദാൽ ഉണ്ടാക്കി നോക്കാം. ഒരു വലിയ ബൗൾ എടുത്തു അതിലേയ്ക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിക്കുക. ഒരു ടീസ്പൂൺ ജീരകം, ഒരു നുള്ള് കായപ്പൊടി, ഒരു ബേ ലീഫ്, ഒരു ഉണക്ക മുളക്, ഒരു സവാള അരിഞ്ഞത്, ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞത് എന്നിവ ചേർക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി എന്നിവ കൂടിയിടാം. നല്ലതു പോലെ മിക്സ് ചെയ്തതിനുശേഷം  നാല് മിനിറ്റ് മൈക്രോ വേവിൽ വെക്കണം. തട്ക തയാറായി. ഇനി വേവിച്ചു വെച്ചിരിക്കുന്ന പരിപ്പിലേയ്ക്ക് ഇത് കൂടി ചേർത്ത് കൊടുക്കണം. നന്നായി ഇളക്കിയതിനു ശേഷം ഒരു കപ്പ് വെള്ളം കൂടി ഒഴിക്കാം. ബൗൾ അടച്ചതിനു ശേഷം മൂന്നോ നാലോ മിനിറ്റ് കൂടി അവ്നിൽ വെയ്ക്കണം. കറി തയാറായി കഴിഞ്ഞു. കുറച്ചു മല്ലിയില കൂടി മുകളിലിട്ടു വിളമ്പാവുന്നതാണ്.

 

ഉച്ചയ്ക്ക് കഴിക്കാൻ കറി മാത്രം പോരല്ലോ, ചോറും വേണമല്ലോ. അതും നമുക് മൈക്രോ വേവിൽ തന്നെ ഉണ്ടാക്കാം. ഒരു കപ്പ് അരി നല്ലതുപോലെ കഴുകിയതിനു ശേഷം ഒരു ബൗളിലേക്കിടുക. അതിലേയ്ക്ക് രണ്ടു കപ്പ് വെള്ളം കൂടി ഒഴിച്ച് അവ്നിൽ വെയ്ക്കാവുന്നതാണ്. അരി വെന്തുകിട്ടാൻ പതിനഞ്ചു മിനിറ്റ് മതിയാകും. ദാൽ തട്കയും ചോറും വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാമെന്നു കണ്ടല്ലോ...ഇനി ഗ്യാസ് തീർന്നാലും പേടിക്കണ്ട, അവ്ൻ പാചകം എളുപ്പമാക്കും.

English Summary: How To Cook Dal In Microwave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com