ADVERTISEMENT

പോഷക സമ്പുഷ്ടമാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനു അത്യുത്തമവുമാണ്. മുട്ട നമ്മുടെ ഭക്ഷണത്തിലെ പ്രധാനിയാണെങ്കിലും മുട്ടയുടെ തോട് പൊതുവെ ഒന്നിനും തന്നെയും എടുക്കാറില്ല. എന്നാൽ ഇനി മുട്ടയുടെ തോട് കളയേണ്ട, കാൽസ്യവും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ ഇതുകൊണ്ടു വേറെയും ഉപയോഗങ്ങളുമുണ്ട്. എന്തൊക്കെയാണെന്നു നോക്കാം. 

 

പാത്രങ്ങൾ വൃത്തിയാക്കാം

 

പാത്രങ്ങൾ കഴുകാൻ മുട്ടയുടെ തോട് ഉപയോഗിക്കാമെന്ന് കേട്ട് അതിശയിക്കേണ്ട. പാത്രങ്ങൾ നല്ലതു പോലെ വൃത്തിയായി കിട്ടാൻ സോപ്പുവെള്ളത്തിൽ ബേക്കിങ് സോഡയും മുട്ടയുടെ തോടും മിക്സ് ചെയ്തു കഴുകിയാൽ മതിയാകും. 

 

വിത്തുകൾ മുളപ്പിക്കാം 

 

ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും വീടിനു ചുറ്റും അധികം സ്ഥലമില്ലാത്തവർക്കും മുട്ട തോടിൽ വിത്തുകൾ മുളപ്പിക്കാം. എങ്ങനെയെന്നല്ലേ? മുട്ടയുടെ തോടിൽ മണ്ണ് നിറച്ച് അതിൽ വിത്തുകൾ നടാം. അധികം സ്ഥലം വേണ്ട എന്നുള്ളത് കൊണ്ടുതന്നെ ഫ്ലാറ്റുകളിൽ എളുപ്പത്തിൽ തൈകൾ മുളപ്പിച്ചു എടുക്കാൻ ഈ വിദ്യ സഹായിക്കും.

 

പക്ഷികൾക്കും കോഴികൾക്കും തീറ്റയാക്കാം 

 

ബേക്ക് ചെയ്ത മുട്ടത്തോടുകൾ പക്ഷികൾക്കും കോഴികൾക്കുമെല്ലാം തീറ്റയായി കൊടുക്കാവുന്നതാണ്.  മുട്ടയിട്ടതിനു ശേഷം അവയ്ക്കാവശ്യമായ കാൽസ്യം നല്കാൻ മുട്ടത്തോടുകൾ നൽകുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

 

ബ്രോത് ഉണ്ടാക്കാം 

 

മുട്ടത്തോടിലെ  കൊളാജൻ, കാൽസ്യം, ഗ്ളൂക്കോസാമൈൻ എന്നിവ ആരോഗ്യകരമായതു കൊണ്ടുതന്നെ എല്ലുകൾ ഉപയോഗിച്ചുള്ള ബ്രോത് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം. മാംസം, മൽസ്യം, പച്ചക്കറികൾ എന്നിവയെല്ലാം ഉപയോഗിച്ച് ബ്രോത് ഉണ്ടാക്കാം. തനിച്ചു കഴിക്കാമെങ്കിലും സൂപ്, ഗ്രേവികൾ, സോസുകൾ തുടങ്ങിയ വിഭവങ്ങൾ തയാറാക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. 

 

കാപ്പിയിൽ ചേർക്കാം 

 

കാപ്പിയിൽ മുട്ടത്തോട് ചേർക്കുന്നത് അമ്ലത്വം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. നാലു കപ്പ് കാപ്പിയിൽ ഒരു മുട്ടയുടെ തോട് ചേർക്കാവുന്നതാണ്. 

 

ആപ്പിൾ സൈഡർ വിനഗറിലും 

 

നല്ലതുപോലെ ഉണങ്ങിയ മുട്ടത്തോടുകൾ ആപ്പിൾ സൈഡർ വിനഗറിൽ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ചർമത്തിലെ ചെറുപ്രശ്നങ്ങളെ അകറ്റാനും ആസിഡ് റിഫ്ലെക്സ്‌ ഒഴിവാക്കാനും ഈ മിശ്രിതത്തിനു കഴിയും.

 

വീട്ടിലുണ്ടാക്കാം ടൂത്തപേസ്റ്റ് 

 

കാൽകപ്പ് മുട്ടത്തോടിലേക്ക് രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡ, അര ടീസ്പൂൺ കാസ്റ്റൈൽ സോപ്പ്, രണ്ടോ മൂന്നോ തുള്ളി പെപ്പെർമിൻറ് എസ്സൻഷ്യൽ ഓയിൽ എന്നിവ ചേർക്കണം. ഇത് നല്ലതുപോലെ മിക്സ് ചെയ്താൽ പേസ്റ്റ് തയാറായി കഴിഞ്ഞു. 

 

സൂപ്പിലും ജ്യൂസിലുമൊക്കെ ചേർക്കാം 

 

മുട്ടത്തോട് കാൽസ്യത്താൽ സമ്പന്നമാണെന്നു പറഞ്ഞുവല്ലോ. നമ്മുടെ ഒരു ദിനത്തിലേക്ക് ആവശ്യമുള്ള കാൽസ്യം നൽകാൻ മുട്ടത്തോടിന് കഴിയുമെന്നത് കൊണ്ടുതന്നെ സൂപ്പുകൾ, ജ്യൂസുകൾ സ്‌റ്റൂ, സ്മൂത്തി എന്നിവയിലെല്ലാം ഇവ നല്ലതുപോലെ പൊടിച്ചു ചേർക്കാവുന്നതാണ്. പഠനങ്ങൾ പ്രകാരം ഒരു മനുഷ്യൻ ഒരു മുട്ടയുടെ പകുതി തോട് ഒരു ദിവസം കഴിച്ചാൽ മതിയാകും.

English Summary: Useful Ways To Reuse Eggshells In The Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com