തൈര് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ചിലർ ഉപ്പ് ചേർത്ത് തൈര് കഴിക്കുമ്പോൾ ചിലരാകട്ടെ മധുരത്തെ കൂട്ടുപിടിക്കും. എന്നാൽ മറ്റു ചിലർക്കാകട്ടെ ഇത് രണ്ടുമില്ലാതെ കഴിക്കാനായിരിക്കും താല്പര്യം. ഭക്ഷണത്തിൽ പ്രധാനിയാണ് തൈര്. ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. വിറ്റാമിനുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. എന്നാൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോ അല്ലയോ എന്നൊരു ആശങ്ക ചിലർക്കിടയിലെങ്കിലുമുണ്ട്. വാസ്തവത്തിൽ ഉപ്പ് ചേർത്ത് തൈര് കഴിക്കാമോ?
തൈരിന്റെ രുചി വർധിപ്പിക്കാൻ ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ടു തന്നെ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിനു ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയിൽ തൈര് കഴിക്കുമ്പോൾ ഉപ്പ് ചേർത്ത് തന്നെ കഴിക്കണമെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. എന്ത് കൊണ്ടെന്നാൽ ഉപ്പ് ചേർക്കുമ്പോൾ ദഹനം എളുപ്പത്തിലാകും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അമ്ലത്വം കൂടുതലുള്ള ഭക്ഷ്യവസ്തുവാണ് തൈര്. അതുകൊണ്ടു കൂടുതൽ ഉപ്പ് ചേർത്ത് ഒരിക്കലും തൈര് കഴിക്കരുത്. അത് പിത്തരസം, കഫം എന്നിവ വർധിപ്പിക്കാൻ ഇടയാക്കും.
വിദഗ്‌ധരുടെ അഭിപ്രായത്തിൽ കടയിൽ നിന്നും വാങ്ങുന്ന തൈരിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവായിരിക്കും. എന്നാൽ വീട്ടിലുണ്ടാക്കുന്നതിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ആയതിനാൽ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപ്പ് ചേർത്താൽ മതിയാകും. വീട്ടിൽ പാല് പുളിപ്പിച്ചു തൈര് ഉണ്ടാക്കുമ്പോൾ മുകൾ ഭാഗത്തു വെള്ളം കാണാൻ സാധിക്കും. ഈ വെള്ളത്തിൽ ഉപ്പുണ്ട്. അതുകൊണ്ടു തൈര് കഴിക്കുമ്പോൾ കൂടുതൽ അളവിൽ ഉപ്പ് ചേർക്കേണ്ടതില്ല. ഏറ്റവും മികച്ചത്, ഉപ്പ് ഒട്ടും ചേർക്കാതെ തൈര് കഴിക്കുക എന്നത് തന്നെയാണ്. അപ്പോൾ ചിലരെങ്കിലും ചിന്തിക്കും കുറച്ചു മധുരം ചേർത്തലോ എന്ന്. അങ്ങനെയുള്ളവർക്കു ഒരല്പം ശർക്കര ചേർക്കാം. രുചിയ്ക്കു വേണ്ടി മാത്രം. രാത്രിയിൽ ഉപ്പ് ചേർത്ത തൈര് കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആയുർവേദവും പറയുന്നത്. മുഖത്ത് കുരുക്കൾ, അകാല നര, തലമുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകാനിടയുണ്ട്.
English Summary: Does Adding Salt To Curd Improve Health? What Experts Say