അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച കുക്ക്; ഓണം ഗംഭീരമായി ആഘോഷിച്ച് ബോളിവുഡ് താരം
Mail This Article
ഓണം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് താരം മലൈക അറോറ. തൂശനിലയിട്ട് വിഭവസമൃദ്ധമായിരുന്നു സദ്യ. അതിമനോഹരമായ നിരവധി ചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ചോറ്, പപ്പടം, ഓലന്‍, പച്ചടി, കിച്ചടി, അവിയല്‍, പരിപ്പുകറി, എരിശേരി, തോരന്‍, പായസം, ഉപ്പേരി, ചിപ്സ് തുടങ്ങി സകല വിഭവങ്ങളും മലൈകയുടെ ഓണസദ്യയിലും കാണാം. കടുമാങ്ങാ അച്ചാറും പുളിയിഞ്ചിയും ചിപ്സും ശർക്കരവരട്ടിയുമൊക്കെ പ്രത്യേകം പകർത്തിയ ചിത്രങ്ങളുമുണ്ട്. ഒപ്പം തിളക്കുന്ന സാമ്പാറിന്റെ വിഡിയോയുമുണ്ട്. ഓണം തകർത്ത് ആഘോഷിച്ചിരിക്കുകയാണ് താരം. അമ്മ മലയാളിയായതു കൊണ്ട് കേരളരുചിയിൽ നിറഞ്ഞ വിഭവങ്ങൾ എല്ലാമുണ്ട്.
ഹാപ്പി ഓണം എന്നും കുറിച്ചുകൊണ്ട് ഹോദരി അമൃത അറോറയ്ക്കും അമ്മ ജോയ്‌സ് അറോറയ്ക്കുമൊപ്പമുള്ള ചിത്രങ്ങളുമുണ്ട്, അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച കുക്കെന്നും താരം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തിയത്. താരം എത്ര തിരക്കിലാണെങ്കിലും തിരുവോണ നാളിൽ അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാൻ എത്താറുണ്ട്.
ദക്ഷിണേന്ത്യൻ വിഭവങ്ങളോടുള്ള താല്പര്യം മലൈക ഇതിനു മുൻപും പ്രകടിപ്പിച്ചിട്ടുണ്ട്. മിക്കപ്പോഴും ഭക്ഷണത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞിടയ്ക്ക് കേരള സ്റ്റൈൽ മീൻ കറി ആസ്വദിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. നല്ല ടേസ്റ്റി ഭക്ഷണം കണ്ടാൽ ഇഷ്ടത്തോടെ കഴിക്കാനും മടിയില്ല. ലോകമെമ്പാടും യാത്ര ചെയ്യുന്ന താരം ഓരോ നാട്ടിലെയും വിഭവങ്ങൾ രുചിക്കാനും ഏറെ താത്പര്യപ്പെടാറുണ്ട്. സുഹൃത്തുക്കളുമായി സന്ദർശിക്കുന്ന വിദേശ റസ്റ്ററന്റുകളും അവിടുത്തെ വിഭവങ്ങൾ എന്നിവയൊക്കെ സമൂഹമാധ്യമങ്ങളിൽ മലൈക പങ്കുവയ്ക്കാറുമുണ്ട്.
English Summary: Malaika Arora celebrates Onam with family