മിക്ക വീടുകളിലും ഫ്രിജില്‍ മുട്ടകള്‍ സ്റ്റോക്ക് ചെയ്തു വയ്ക്കുന്നത് പതിവാണ്. പ്രോട്ടീനിന്‍റെയും അവശ്യപോഷകങ്ങളുടെയും കലവറയാണ് മുട്ട. മറ്റൊന്നും ഇരിപ്പില്ലെങ്കില്‍ ഒരു ഓംലറ്റെങ്കിലും ഉണ്ടാക്കിക്കഴിച്ച് വിശപ്പ് തീര്‍ക്കാം. ആരോഗ്യകരമായതിനാല്‍ വിശ്വസിച്ച് കഴിക്കുകയും ചെയ്യാം. എന്നാല്‍ നമ്മള്‍ കടയില്‍ നിന്നും വാങ്ങിക്കുന്ന മുട്ട പഴകിയതല്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാവും? അഥവാ ഇനി പഴകിയ മുട്ട കഴിച്ചാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ?
മുട്ടകള്‍ എത്ര കാലം കേടുകൂടാതെ ഇരിക്കും?
സാധാരണയായി അത്ര പെട്ടെന്ന് കേടുവരുന്ന ഒന്നല്ല മുട്ട. നല്ല ഫ്രഷ് മുട്ട വാങ്ങി കഴുകിയ ശേഷം, ഫ്രിജില്‍ സൂക്ഷിക്കാം. ഇത് അഞ്ചാഴ്ച വരെ കേടുകൂടാതെയിരിക്കും.
പഴകിയ മുട്ട എങ്ങനെ തിരിച്ചറിയാം?
കടയില്‍ നിന്നും വാങ്ങിക്കുന്ന മുട്ടകള്‍ എല്ലായ്പ്പോഴും പുതിയതായിക്കൊള്ളണമെന്നില്ല. ഇത് തിരിച്ചറിയാന്‍ വീട്ടില്‍ത്തന്നെ ഫ്ലോട്ട് ടെസ്റ്റ് ചെയ്യാം. ഒരു ഗ്ലാസില്‍ വെള്ളം നിറച്ച്, മുട്ട അതിലേക്ക് ഇടുക. മുട്ട പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് കേടായതാണ് എന്നാണര്‍ത്ഥം.
ഇതു കൂടാതെ മുട്ട കുലുക്കി നോക്കാം. ഉള്ളില്‍ നിന്നും കുലുങ്ങുന്ന ശബ്ദം കേട്ടാല്‍, മുട്ട കേടായതാണെന്ന് ഉറപ്പിക്കാം. മുട്ട പൊട്ടിച്ച് ഒരു ചട്ടിയിലേക്ക് ഒഴിക്കുന്നതാണ് മറ്റൊരു വഴി. മുട്ടയുടെ മഞ്ഞക്കരു വല്ലാതെ പരന്നു പോകുകയാണെങ്കില്‍ മുട്ട പഴക്കമുള്ളതാണ് എന്ന് ഉറപ്പിക്കാം.
കേടായ മുട്ട കഴിച്ചാല്‍ എന്ത് സംഭവിക്കും?
പഴകിയ മുട്ടയില്‍ സാൽമൊണെല്ല പോലുള്ള ബാക്ടീരിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. മുട്ട കഴിച്ച് 12 മുതൽ 72 മണിക്കൂറിനുള്ളിൽ വയറിളക്കം, ഛർദ്ദി, പനി തുടങ്ങിയ അസുഖലക്ഷണങ്ങള്‍ കാണും. ഇങ്ങനെ സംഭവിച്ചാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
മുട്ട എങ്ങനെ സൂക്ഷിക്കാം?
സാധാരണയായി ചെയ്യുന്നതുപോലെ, മുട്ടകള്‍ ഫ്രിജില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഇത് അത്ര പെട്ടെന്ന് കേടാവില്ല. മുട്ടകള്‍ സൂക്ഷിക്കാന്‍ വേണ്ടി എടുത്തുവയ്ക്കുന്നതിന് മുന്‍പ് കഴുകാതിരിക്കുന്നതാണ് ഉചിതം. കഴുകുമ്പോള്‍, പുറത്തുള്ള ബാക്ടീരിയകള്‍ അകത്ത് പ്രവേശിക്കാനും ഉപയോഗസമയമാകുമ്പോഴേക്കും അവ പെരുകാനും സാധ്യതയുണ്ട്. അതിനാല്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുന്‍പ് മാത്രം മുട്ടകള്‍ കഴുകുക.
English Summary: Is it safe to eat expired eggs?