മാജിക്കൽ ഐറ്റം! ബേക്കിങ് സോഡ എന്തിനെല്ലാം ഉപയോഗിക്കാം
Mail This Article
ഏതൊരു അടുക്കളയിലും അവശ്യമായ ഒന്നാണ് ബേക്കിങ് സോഡ. അദ്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്ന ഒരു മാജിക്കൽ വസ്തുവായാണ് പലരുമിതിനെ പരിഗണിക്കുന്നത്. ഉദാഹരണമായി കേക്ക് തയാറാക്കുമ്പോൾ ധാരാളം ബട്ടർ ചേർക്കാറുണ്ട്. ബട്ടറിന്റ മെഴുക്കിനെ പാടെ മാറ്റാൻ ബേക്കിങ് സോഡയ്ക്ക് സാധിക്കും. അതുപോലെ തന്നെ കറയും പാടുകളും കരിപിടിച്ച പാത്രങ്ങളുമൊക്കെ വൃത്തിയാക്കിയെടുക്കാൻ ഒരു നുള്ള് ബേക്കിങ് സോഡ മതിയാകും എന്ന് കേൾക്കുമ്പോൾ തന്നെ ഊഹിക്കാമല്ലോ, ഇവൻ ആള് കേമനാണെന്ന്. ബേക്കിങ് സോഡ എന്നത് സോഡിയം ബൈ കാർബണേറ്റ് ആണ്. നാകോലൈറ്റ് എന്നറിയപ്പെടുന്ന ഇതിലെ ധാതു, ആദ്യകാലങ്ങളിൽ സോപ്പുകളിൽ ഉപയോഗിച്ചിരുന്നു ഈജിപതുകാർ. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ആൽക്കലൈനും ആന്റിസെപ്റ്റിക് വസ്തുക്കളും അഴുക്കിനെ പുറംതള്ളുകളും ചെയ്യുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളായി നമ്മുടെ അടുക്കളയിലെ സ്ഥിരം കൂട്ടുകാരനാണ് വിലയിൽ തുച്ഛമെങ്കിലും ഗുണത്തിൽ മെച്ചമായ ബേക്കിങ് സോഡ. എന്തൊക്കെയാണ് ഇത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്ന് നോക്കാം.
ദുർഗന്ധം അകറ്റാൻ
ബേക്കിങ് സോഡയ്ക്ക് ദുർഗന്ധം അകറ്റാനുള്ള കഴിവുണ്ട്. ചീത്ത ഗന്ധത്തിനെ ആഗിരണം ചെയ്യാനുള്ള കഴിവ് ഉള്ളത് കൊണ്ടുതന്നെ അടുക്കളയിലെ കുറച്ചു ബേക്കിങ് സോഡ വിതറിയിടാം. വൃത്തിയുള്ള കോട്ടൺ തുണിയിൽ കിഴികെട്ടി ഫ്രിജിനുള്ളിൽ വയ്ക്കുന്നത് ദുർഗന്ധമകറ്റാൻ സഹായിക്കും. മൈക്രോവേവിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.
എണ്ണ മെഴുക്ക് അകറ്റി പാത്രങ്ങൾ തിളങ്ങാൻ
എണ്ണമെഴുക്കിനെ പാടെ തുടച്ചു മാറ്റാൻ ബേക്കിങ് സോഡയ്ക്ക് പ്രത്യേക കഴിവുണ്ട്. മെഴുക്കുള്ള പാത്രങ്ങളിലിത് വിതറിയിട്ടതിനു ശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കഴുകാം. അതിനു ശേഷം വെള്ളത്തിൽ കഴുകിയാൽ വ്യത്യാസം കാണാം. എവിടെയെങ്കിലും കുറച്ചു എണ്ണ വീണാലും ബേക്കിങ് സോഡ വിതറിയാൽ മതിയാകും. അതിശയിപ്പിക്കുന്ന വിധത്തിൽ ആ മെഴുക്കിനെ ബേക്കിങ് സോഡ വലിച്ചെടുക്കുന്നത് കാണുവാൻ കഴിയും.
തറ വൃത്തിയാക്കാം
അടുക്കളയിലെ തറ വൃത്തിയാക്കാൻ ബേക്കിങ് സോഡ ഉപയോഗിക്കാം. അതിലെ ആന്റി സെപ്റ്റിക് പദാർത്ഥങ്ങളാണ് അതിനു സഹായിക്കുന്നത്. അണുക്കളെ പാടെ അകറ്റാനും കട്ടിയുള്ള മെഴുക്കിനെ തുടച്ചു മാറ്റാനുമൊക്കെ ബേക്കിങ് സോഡ ഒരല്പം മതിയാകും.
വീട്ടിലുണ്ടാക്കാം ഡിഷ്‌വാഷർ
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പോ ഡിഷ്‌വാഷ് ലിക്വിഡോ തീർന്നുപോയെങ്കിൽ വിഷമിക്കേണ്ട ബേക്കിങ് സോഡയുണ്ടെങ്കിൽ പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം. അതിനായി കുറച്ചു നാരങ്ങ നീരിലോ വിനാഗിരിയിലോ ബേക്കിങ് സോഡ മിക്സ് ചെയ്യാം, കൂടെ കുറച്ചു വെള്ളം കൂടി ചേർത്താൽ സൊല്യൂഷൻ റെഡി.
English Summary: Household Uses of Baking Soda