ADVERTISEMENT

കുറച്ചു നാളുകൾക്കു മുൻപ് വരെ വിലയിൽ മറ്റുള്ള പച്ചക്കറികളെ ഏറെ പിന്നിലാക്കി ഗ്ലാമറായി തിളങ്ങിയ താരമാണ് തക്കാളി. എന്നാലിപ്പോൾ വിലയിൽ കുറവുള്ളത് കൊണ്ട് തന്നെ കൂടുതൽ തക്കാളി വാങ്ങി വച്ചാലോ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. അങ്ങനെ കൂടുതൽ വാങ്ങിച്ചാൽ, ചീഞ്ഞു പോകുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഉണ്ടാകും. ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും. തക്കാളി വളരെ നാളുകൾ കേടുകൂടാതെ സൂക്ഷിക്കാം. 

 

തക്കാളി നല്ലതു പോലെ കഴുകിയെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്തത്തിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ച് നല്ലതു പോലെ മിക്സ് ചെയ്തതിനു ശേഷം തക്കാളി ഒരു പത്തു മിനിറ്റ് നേരം ആ വെള്ളത്തിൽ മുക്കി വെയ്ക്കാം. വെള്ളം മാറ്റിയ തക്കാളി വീണ്ടും പച്ചവെള്ളത്തിൽ കഴുകി, കിച്ചൻ ടവൽ ഉപയോഗിച്ച് തുടച്ചെടുക്കണം. ഇനി ഓരോ തക്കാളിയായെടുത്ത് ന്യൂസ്പേപ്പറിൽ പൊതിഞ്ഞു ഒരു ബൗളിലാക്കി ഫ്രിജിൽ വെയ്ക്കാം. മാസങ്ങളോളം കേടുകൂടാതെയിരിക്കും.

 

ഒരു ബോക്‌സിലേയ്ക്ക് ടിഷ്യു പേപ്പർ മടക്കി വെച്ചതിനു ശേഷം അതിലേയ്ക്ക് കുറച്ചു പൊടിയുപ്പ് വിതറിയിടാം. ഞെട്ടിന്റെ ഭാഗം ഉപ്പിൽ മുട്ടിനിൽക്കുന്ന പോലെ വേണം തക്കാളി ബോക്സിൽ വയ്ക്കാൻ. ഇങ്ങനെ ചെയ്യുമ്പോൾ തക്കാളി ഫ്രിജിൽ സൂക്ഷിക്കണമെന്നില്ല. മാസങ്ങളോളം കിച്ചൻ കൗണ്ടർടോപ്പിൽ കേടുകൂടാതെയിരിക്കും.

 

ആറുമാസത്തോളം തക്കാളി യാതൊരു കേടുകൂടാതെ സൂക്ഷിക്കണമെന്നുള്ളവർക്കു ഇനി പറയുന്ന കാര്യം പരീക്ഷിക്കാവുന്നതാണ്. അതിനായി ചെയ്യേണ്ടത്, തക്കാളിയുടെ ഞെട്ടിന്റെ ഭാഗം കത്തിയുപയോഗിച്ചു എടുത്തു കളഞ്ഞതിനു ശേഷം എതിർഭാഗത്ത് പ്ലസ് രൂപത്തിൽ ഒന്ന് മുറിച്ചു കൊടുക്കണം. ഒരു സിപ് ലോക്ക് കവറിൽ ഈ തക്കാളി മുഴുവൻ നിറച്ചതിനുശേഷം ഒരു സ്ട്രോ ഉപയോഗിച്ച് അതിലെ വായു മുഴുവൻ വലിച്ചു കളഞ്ഞതിനു ശേഷം കവർ അടച്ചു ഫ്രീസറിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ തക്കാളിയുടെ ഫ്രഷ്നെസ് നഷ്ടപ്പെടുകയില്ലെന്നു മാത്രമല്ല, മാസങ്ങളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും.

 

കഴുകി വൃത്തിയാക്കിയ തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടുകൊടുക്കാം. വെള്ളം ഒട്ടും തന്നെയും ചേർക്കാതെ, ഉപ്പ് ചേർത്ത് ഈ തക്കാളി കഷ്ണങ്ങൾ അരച്ചെടുക്കാം. വെള്ളമയം ഒട്ടുമില്ലാതെ ഒരു ഗ്ലാസ് ജാറിലാക്കി ഈ തക്കാളിയുടെ പൾപ്പ് ഫ്രിജിൽ സൂക്ഷിക്കാവുന്നതാണ്. ആവശ്യം വരുന്ന സന്ദർഭങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കുകയും ചെയ്യാം. 

 

തക്കാളി പ്യൂരി തയാറാക്കിയും മാസങ്ങളോളം കേടുകൂടാതെ വെയ്ക്കാം. എങ്ങനെയെന്നല്ലേ? തക്കാളിയുടെ മുകൾ ഭാഗത്ത്, കത്തിയുപയോഗിച്ചു പ്ലസ് രൂപത്തിൽ മുറിച്ചതിനു ശേഷം നന്നായി തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടു ഒരു അഞ്ചു മിനിറ്റ് നേരം വെയ്ക്കണം. തീ അണച്ച്, തണുത്തു കഴിയുമ്പോൾ തക്കാളിയുടെ പുറം ഭാഗത്തു കാണുന്ന തൊലി അടർത്തി മാറ്റാം. ഒട്ടും തന്നെയും വെള്ളം ചേർക്കാതെ, ഉപ്പ് മാത്രം ചേർത്ത് മിക്സിയുടെ ജാറിലേയ്ക്കിട്ടു അരച്ചെടുക്കാം. അരച്ചെടുത്ത ടൊമാറ്റോ പ്യൂരി ഒട്ടും ജലാംശമില്ലാത്ത ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിജിൽ വെയ്ക്കാം. യാതൊരു തരത്തിലുള്ള പ്രിസെർവേറ്റീവ്സും ഇല്ലാതെ ആറു മാസം വരെ കേടുകൂടാതെയിരിക്കും.

English Summary: How To Store Tomato For Long Time 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com