ഇതുവരെ കാണുകയും കേൾക്കുകയുമൊന്നും ചെയ്യാത്ത ഒരു വിഭവം പരിചയപ്പെടുത്തുകയാണ് ചൈനക്കാർ. പുതിയ വിഭവത്തിലെ പ്രധാനക്കൂട്ടെന്തെന്നു കേട്ടാൽ ആരുമൊന്നു മൂക്കത്തു വിരൽ വച്ച് പോകും. എന്താണ് ഇത്ര അതിശയിക്കാൻ എന്നല്ലേ? കാര്യമുണ്ട്. ഇത്തവണ ചൈനയിൽ നിന്നും പരിചയപ്പെടുത്തുന്ന പുതുവിഭവം ഗ്രിൽഡ് ഐസ് ആണ്. എങ്ങനെ ഇത് തയാറാക്കുന്നു എന്നതിനെ കുറിച്ചുള്ള വിശദമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വിചിത്രമായ പുതിയ വിഭവത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ ലോകത്തു നിന്നും ലഭിക്കുന്നത്.
ഗ്രിൽഡ് ഐസ് തയാറാക്കിയെടുക്കുന്നതു കാണേണ്ട കാഴ്ച തന്നെയാണ്. നല്ലതുപോലെ ചൂടായിരിക്കുന്ന ഗ്രില്ലിനു മുകളിലേയ്ക്ക് ഐസ് കട്ടകൾ ഇട്ടതിനു ശേഷം മസാലകളും സോസും ചേർത്ത് കൊടുക്കുന്നു. സാധാരണ കാണുന്ന ഐസ് ക്യൂബുകളെക്കാളും വലുപ്പമുള്ളവയാണ് ഗ്രിൽഡ് ഐസ് തയാറാക്കുന്നതിനായി എടുക്കുന്നത്. ഗ്രില്ലിനു മുകളിലേയ്ക്കു ഇട്ട ഐസ് ക്യൂബുകളിൽ വളരെ വേഗത്തിലാണ് ഷെഫ് മസാലകളും സോസുകളുമെല്ലാം ചേർക്കുന്നത്. അതിനുശേഷം സീസണിംഗ് കൊണ്ട് അലങ്കരിച്ച് പാത്രത്തിലാക്കി വിളമ്പി നൽകുന്നു. മസാലകൾ കൊണ്ട് പൊതിഞ്ഞ ഐസ് കട്ടകൾ കാണുന്നവരിൽ കൊതിയുണർത്തും. പുറമെ നല്ലപോലെ സ്പൈസിയും അകം തണുപ്പുമെന്നാണ് പുതുവിഭവത്തിനെ സോഷ്യൽ ലോകം പരിചയപ്പെടുത്തുന്നത്
എക്സ് പ്ലാറ്റ്ഫോമിലാണ് ഗ്രിൽഡ് ഐസിന്റെ വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ചൈനയിലെ നാൻചാങ്ങിൽ നിന്നുമുള്ള വളരെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ആണിതെന്നു വിഡിയോയുടെ ക്യാപ്ഷൻ ആയി എഴുതിയിട്ടുണ്ട്. നേരത്തെയും ചൈനയിൽ നിന്നുമുള്ള ഏറെ വ്യത്യസ്തമായ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. നദികളിൽ നിന്നുമുള്ള ഉരുളൻ കല്ലുകൾ മുളകും വെളുത്തുള്ളിയുമൊക്കെ ചേർത്ത് വറുത്തെടുക്കുന്ന പെബിൾസ് ഫ്രൈ എന്ന വിഭവത്തിനു 16 യുവാൻ ആയിരുന്നു വില.
English Summary: Grilled Ice Cubes are Now a Popular Dish in Northern China And The World is Asking Why