ADVERTISEMENT

ഉണ്ടാക്കിയ ഭക്ഷണം ആരെങ്കിലുമൊരാൾ കഴിക്കാതെ വന്നാലോ കുറഞ്ഞ അളവ് മാത്രം കഴിച്ചാലോ ചിലപ്പോൾ മിച്ചം വരും. ഇത് മിക്ക വീടുകളിലും സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ്. ഇങ്ങനെ ബാക്കി വരുന്ന ഭക്ഷണ വസ്തുക്കൾ എന്താണ് ചെയ്യാറ്?  വീട്ടിലെ ഫ്രിജിനെ തന്നെ ആശ്രയിക്കുമപ്പോൾ എല്ലാവരും. പാകം ചെയ്തു, ബാക്കി വരുന്ന ഭക്ഷണവസ്തുക്കൾ എങ്ങനെ ഫലപ്രദമായ രീതിയിൽ, കേടുകൂടാതെ സൂക്ഷിക്കാമെന്നു ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ഇനി പറയുന്ന കാര്യങ്ങൾ അവർക്കാണ്. ഈ വഴികൾ പരീക്ഷിച്ചു നോക്കൂ. പാകം ചെയ്ത ഭക്ഷണം കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കാം. 

 

വായുകടക്കാത്ത പാത്രങ്ങൾ തന്നെ ഉപയോഗിക്കണം 

 

ബാക്കിവന്ന ഭക്ഷണം സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വായു കടക്കാത്ത പാത്രങ്ങളിലാക്കി അവ സൂക്ഷിക്കണമെന്നതു തന്നെയാണ്. ഭക്ഷണം എത്രയാണോ ബാക്കിയുള്ളത് അതിനു അനുസരിച്ചുള്ള പാത്രം തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പാത്രത്തിൽ കൂടുതൽ ഭാഗം ഒഴിഞ്ഞു കിടക്കാൻ ഇടവരുത്തരുത്. ആ ഭാഗത്തുള്ള കൂടുതൽ വായു ഭക്ഷണം എളുപ്പത്തിൽ കേടുവരുത്തും.

 

കൂടുതൽ കുത്തിനിറയ്ക്കരുത് 

 

ഫ്രിജിൽ ഒരു പരിധിയിൽ കൂടുതൽ സാധനങ്ങൾ കുത്തിനിറച്ചു വെയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തും ഫലമോ അസമമായ  ഒരു തണുപ്പായിരിക്കും ഫ്രിജിൽ അനുഭവപ്പെടുക. തണുത്ത വായു  ഫ്രിജിൽ മുഴുവൻ വ്യാപിച്ചാൽ മാത്രമേ ഭക്ഷണ സാധനങ്ങൾ കേടുകൂടാതെയിരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം എളുപ്പത്തിൽ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.

 

ഫ്രീസർ ബാഗുകൾ ഉപയോഗിക്കാം 

 

ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനായി പ്രത്യേകം തയാറാക്കിയ ഫ്രീസിങ് ബാഗുകളോ കണ്ടെയ്നറുകളോ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ബാഗുകളിൽ ഭക്ഷണം നിറയ്ക്കുന്നതിനു മുൻപ് അതിനുള്ളിലെ വായു മുഴുവൻ പുറത്തുകളയാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം മാത്രം ഭക്ഷണം നിറച്ച് ഫ്രീസ് ചെയ്യാനായി വെയ്ക്കാം.

 

ഒരേ പോലുള്ളവ ഒരുമിച്ചു സൂക്ഷിക്കാം 

 

ഫ്രിജിലും ഫ്രീസറിലും ഭക്ഷണ വസ്തുക്കൾ വെയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ്. ഒരേ ഗന്ധത്തിലുള്ളവ ഒരുമിച്ചു സൂക്ഷിക്കുക എന്നത്. ഉദാഹരണത്തിന് പാലും പാലുൽപ്പന്നങ്ങളും ഒരുമിച്ചു വയ്ക്കാം. ഒന്നിൽ കൂടുതൽ മാംസമുണ്ടെങ്കിലത് ഒരുമിച്ചു തന്നെ വെയ്ക്കണം. പച്ചക്കറികളും പഴങ്ങളും ഫ്രിജിൽ അവയ്ക്കായി പ്രത്യേകം തന്നിരിക്കുന്ന ഭാഗത്തു തന്നെ സൂക്ഷിക്കാം.

English Summary: The Ultimate Guide to Storing Every Type of Food in the Refrigerator for Long-Lasting Freshness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com