മങ്ങിയ ഗ്ലാസ്സുകൾ കണ്ടു മടുത്തോ? പരിഹാരമുണ്ട്
Mail This Article
കുപ്പി ഗ്ലാസുകളും പാത്രങ്ങളും തീൻ മേശയിലെ ആഡംബരത്തിനു അപ്പുറത്ത് ഇന്ന് അത്യാവശ്യമായിരിക്കുന്നു. അതിഥികൾ എത്തുമ്പോൾ മാത്രമല്ലാതെ അത്തരം പാത്രങ്ങളിൽ ഭക്ഷണം വിളമ്പുന്ന ധാരാളം വീടുകളുണ്ട്. എത്ര സൂക്ഷമതയുടെ ഉപയോഗിച്ചാലും ചിലപ്പോൾ ഇത്തരം പാത്രങ്ങളുടെയും ഗ്ലാസുകളുടെയും നിറം മങ്ങാം. അങ്ങനെ സംഭവിച്ചാൽ പിന്നീട് ആ പാത്രങ്ങളിൽ ഭക്ഷണങ്ങൾ വിളമ്പി നല്കാൻ പലർക്കും മടിയാണ്. ഫലമോ, പണം മുടക്കി വാങ്ങിയവ പിന്നീട് ഉപയോഗിക്കാതെയാകും. എന്നാൽ ഇനി സ്‌ഫടിക നിർമിത ഗ്ലാസുകളും പാത്രങ്ങളും തിളക്കം നഷ്ടപ്പെട്ടുവെന്ന കാരണം പറഞ്ഞുകൊണ്ട് ഉപേക്ഷിക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ ഇവ കടയിൽ നിന്നും എങ്ങനെയാണോ വാങ്ങിയത് അത്തരത്തിലാക്കിയെടുക്കാം.
വിനാഗിരി
അഞ്ചു മുതൽ ഏഴ് മിനിറ്റു വരെ വിനാഗിരിയിൽ മുക്കിവെയ്ക്കുന്നത് സ്‌ഫടിക പാത്രങ്ങളുടെ നിറം തിരികെ ലഭിക്കാൻ സഹായിക്കും. വിനാഗിരിയിലെ ആസിഡാണ് ഹാർഡ് വാട്ടർ മൂലം ഉണ്ടായിട്ടുള്ള മങ്ങലുകൾ മാറ്റുന്നത്. ഇങ്ങനെ മുക്കിവെയ്ക്കുന്ന പാത്രങ്ങൾ, നല്ലതുപോലെ ശുദ്ധജലത്തിൽ കഴുകിയതിനുശേഷം വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചുണക്കണം.
ബേക്കിങ് സോഡ
ഗ്ലാസുകളും പാത്രങ്ങളും മങ്ങിയാണോ ഇരിക്കുന്നത്? ഒരല്പം ബേക്കിംഗ് സോഡാ കയ്യിലെടുത്ത് വിരലുകൾ കൊണ്ട് നന്നായി ഉരച്ചു കഴുകാം. അങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. ബേക്കിങ് സോഡയിലെ ചെറിയ തരികൾ ചിലപ്പോൾ പാത്രങ്ങളിൽ പോറലുകൾ വീഴ്ത്താനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു ഒരല്പം വെള്ളം കൂടി ചേർത്ത് വേണം കൈകൾ കൊണ്ട് പാത്രങ്ങൾ കഴുകിയെടുക്കുന്നത്.
പേപ്പർ
വളരെ പണ്ടുകാലം മുതൽ തന്നെ ഉപയോഗിക്കുന്ന ഒരു വിദ്യയാണിത്. എന്നാൽ നിറങ്ങളുള്ള കടലാസുകൾ എടുക്കാതെ കറുപ്പ് നിറത്തിലുള്ളവ തന്നെ പാത്രങ്ങൾ കഴുകാൻ എടുക്കണം. കടലാസിലെ കറുത്ത പ്രിന്റുകൾ ഗ്ലാസ്സുകളിലെ പാടുകൾ മാറ്റാൻ സഹായിക്കും. വെള്ളത്തിൽ നനച്ചെടുത്ത കടലാസുകൊണ്ടു വേണം ഗ്ലാസ്സു പതിയ ഉരച്ചു കഴുകാം. ശേഷം കഴുകി, വൃത്തിയുള്ള തുണി കൊണ്ട് ജലാംശം തുടച്ചെടുക്കണം.
ചൂട് വെള്ളം
കഠിനമായ കറകളും പാടുകളും ഗ്ലാസ്സുകളിൽ ഉണ്ടെങ്കിൽ ചൂട് വെള്ളം തന്നെയാണ് ഏക പോംവഴി. ചൂട് വെള്ളത്തിൽ കുറച്ചു നേരം പാത്രങ്ങളും ഗ്ലാസുകളും മുക്കിവെച്ചതിനു ശേഷം കൈ ഉപയോഗിച്ച് പതുക്കെ ഉരച്ചു കഴുകിയെടുക്കാം.
ചെറുനാരങ്ങ, ബേക്കിങ് സോഡ
ചെറുനാരങ്ങയ്ക്കു പകരമായി വിനാഗിരിയും ഈ കൂട്ടിൽ ഉപയോഗിക്കാവുന്നതാണ്. ചെറുനാരങ്ങ നീര്, ബേക്കിങ് സോഡ എന്നിവ ചൂട് വെള്ളത്തിൽ മിക്സ് ചെയ്തതിനു ശേഷം ഗ്ലാസുകളും സ്‌ഫടിക പാത്രങ്ങളും കഴുകാനായി എടുക്കാം. ചെറുനാരങ്ങയിലെ ആസിഡ് കടുത്ത പാടുകളും കറകളും നീങ്ങാൻ സഹായിക്കുമ്പോൾ ബേക്കിങ് സോഡ ഒരു സ്‌ക്രബർ പോലെ പ്രവർത്തിക്കുകയും ചെയ്യും
English Summary: How to Clean Cloudy Drinking Glasses