ഒറ്റ ദിവസം വിൽക്കുന്നത് 25000 സമൂസകള്‍; കണ്ണ് തള്ളി ഭക്ഷണപ്രേമികൾ

samosa
Image Credit: SUSANSAM/Istock
SHARE

വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ഒരു സമൂസ കൂടി കിട്ടിയാൽ ആരാണ് കഴിക്കാത്തത്? പൊതുവെ എല്ലാവർക്കും തന്നെ ഇഷ്ടമാണ് ഉരുളകിഴങ്ങ് മസാല നിറച്ച സമൂസ. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നുള്ളത് കൊണ്ട് തന്നെ നമ്മുടെ തട്ടുകടകളിൽ സ്ഥിരം സാന്നിധ്യമാണ് ഈ എണ്ണക്കടി. നന്നായി കുഴച്ചെടുത്തു പരത്തുന്ന മൈദയുടെ ഉള്ളിൽ വേവിച്ചുടച്ച ഉരുളക്കിഴങ്ങും മറ്റു മസാലകളും ചേർത്താണ് സമൂസയുടെ ഉള്ളിൽ വയ്ക്കുന്ന കൂട്ട് തയാറാക്കിയെടുക്കുന്നത്. സാധാരണ ചെറുകടകളിൽ നിന്നും ലഭിക്കുന്നത് മിക്കവാറും അവിടെ തന്നെ ഉണ്ടാക്കിയതാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ 25000 സമൂസകൾ വരെ ഉണ്ടാക്കുന്ന ഒരു സമൂസ ഫാക്ടറിയെ കുറിച്ച് കേട്ടാൽ ആരുമൊന്നു അതിശയിച്ചു പോകുമല്ലേ? കൈകൾ കൊണ്ടല്ല മെഷീനുകൾ ഉപയോഗിച്ചാണ് ഇവിടെ സമൂസകൾ തയാറാക്കിയെടുക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട സവിശേഷത. 

വിഡിയോ ആരംഭിക്കുമ്പോൾ ഉരുളക്കിഴങ്ങുകൾ ഡ്രമ്മിനോട് സാമ്യമുള്ള ഒരു പാത്രത്തിലേക്ക് ഇട്ടു നല്ലതുപോലെ കഴുകി തൊലി കളഞ്ഞു വരുന്നത് കാണാം. അതിനുശേഷം തൊലി കളഞ്ഞ ഈ ഉരുളക്കിഴങ്ങുകൾ വേവിക്കാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റുന്നു. വെന്ത ഉരുളക്കിഴങ്ങിലേയ്ക്ക് മസാലയും മല്ലിയിലയും ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുന്നു. ഇനിയാണ് സമൂസയുടെ പുറമേയുള്ള ഭാഗത്തിന് വേണ്ട മാവ് കുഴച്ചെടുക്കുന്നത്. അതും മെഷീൻ ഉപയോഗിച്ച് തന്നെയാണ് ചെയ്യുന്നത്. പരത്തി വരുന്ന മാവ് ആവശ്യമുള്ള രൂപത്തിൽ മുറിച്ചെടുക്കുക എന്നത് തൊഴിലാളികളുടെ ജോലിയാണ്. അതിനുശേഷം നേരത്തെ തയാറാക്കിയ ഉരുളകിഴങ്ങ് മസാല ഈ മാവിലേയ്ക്ക് വെച്ച് സമൂസയുടെ രൂപത്തിലാക്കിയെടുക്കുന്നു. തിളച്ച എണ്ണയിലേക്കിട്ടു സ്വർണനിറമാകുമ്പോൾ കോരിയെടുക്കുന്നതോടെ സമൂസകൾ കഴിക്കാൻ പാകമാകുന്നു. വിഡിയോയിൽ സമൂസകൾ തയ്യാറാക്കുന്നതിന്റെ ഓരോ ഘട്ടവും വിശദമായി തന്നെ കാണിച്ചിട്ടുണ്ട്. തയാറാക്കിയെടുക്കുന്നവ പച്ചമുളകിന്റെ അകമ്പടിയോടെയാണ് ആവശ്യക്കാർക്ക് നൽകുന്നത്. ഒരെണ്ണത്തിന് 12 രൂപയാണ് ഈടാക്കുന്നതെന്നും വിഡിയോയിൽ പറയുന്നുണ്ട്.

വിഡിയോ

ഈറ്റ് വിത്ത് ഡൽഹി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഓട്ടമാറ്റിക് മെഷീനിൽ 25000 സമൂസകൾ വരെ ഒരു ദിവസം ഉണ്ടാക്കിയെടുക്കുന്നു എന്ന തലക്കെട്ടോടെയാണ്  പങ്കുവെച്ചിരിക്കുന്നത്. വൈറലായ വിഡിയോ ഇപ്പോൾ തന്നെ ഏകദേശം 9 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. എന്നാൽ കൂടുതൽ പേരും വളരെ ആശങ്കയോടെയാണ് പ്രതികരിച്ചിരിക്കുന്നത്. സമൂസ തയാറാക്കാനായി എടുത്തിരിക്കുന്ന എണ്ണയുടെ നിറത്തെ കുറിച്ചാണ് കൂടുതൽ പേരുടെയും കമെന്റുകൾ. ഡീസലിൽ ആണോ സമൂസ വറുത്തെടുക്കുന്നത് എന്നൊരാൾ ചോദിച്ചപ്പോൾ കരി ഓയിൽ എന്നാണ് മറ്റൊരു കമെന്റ്. മാത്രമല്ല, 12 രൂപ സമൂസയ്ക്ക് കൂടുതലാണെന്നും മിക്കയിടങ്ങളിലും 7 രൂപ മാത്രമേയുള്ളുവെന്നും ചിലർ എഴുതിയിട്ടുണ്ട്. 25000 സമൂസ ഒരു ദിവസം വിറ്റാൽ ദിവസവും 300000 രൂപ സമ്പാദിക്കാമെന്നു കണക്കുകൂട്ടിയവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.

English Summary: This Automatic Machine Makes 25,000 Samosas In A Day, Video Goes Viral 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS