ബാക്കി വന്ന നാൻ ചൂടാക്കി പഞ്ഞിപോലെ ആക്കാം; ഈ വിദ്യ പരീക്ഷിക്കാം

Mail This Article
ബട്ടർ നാനും കുബൂസുമൊക്കെ ഇന്ന് നമ്മുടെയും പ്രിയപ്പെട്ട വിഭവങ്ങളാണ്. റസ്റ്ററന്റിൽ നിന്നും ഓർഡർ ചെയ്തു വാങ്ങുന്ന ഭക്ഷണം ചിലപ്പോൾ ബാക്കിയാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇങ്ങനെ വരുമ്പോൾ പിന്നെ ചൂടാക്കി കഴിക്കാമെന്നു കരുതി മാറ്റിവെക്കുകയാണ് പലരുടെയും പതിവ്. നാൻ പോലുള്ളവ തവയിൽ വെച്ച് ചൂടാക്കിയെടുത്താലും വാങ്ങിയപ്പോൾ ലഭിച്ചത്രയും മാർദ്ദവമുണ്ടായെന്നു വരികയില്ല. കഴിക്കാനും ഏറെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇനി നാൻ കഴിച്ചു കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ മൃദുത്വം ഒട്ടും നഷ്ടപ്പെടാതെ ചൂടാക്കിയെടുക്കാൻ ചെറിയൊരു വിദ്യ പരീക്ഷിച്ചാൽ മതിയാകും. എന്താണെന്നല്ലേ?
താക്കൂർ സിസ്റ്റേഴ്സ് ഒഫീഷ്യൽ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് നാൻ ചൂടാക്കിയെടുക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. കടയിൽ നിന്നും വാങ്ങിയപ്പോൾ എത്ര മൃദുത്വത്തോടെയാണോയിരുന്നത് അതേ പോലെ തന്നെ നാൻ ചൂടാക്കിയെടുക്കാമെന്നു വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. തവ നന്നായി ചൂടായതിനുശേഷം നാൻ അതിലേക്ക് വച്ച് മൂന്ന് ടീസ്പൂൺ വെള്ളം കൂടെ ഒഴിച്ച് കൊടുക്കുക്കണം.ഇനി വെള്ളം വറ്റി വരുന്നത് വരെ കാത്തിരിക്കാം. ചൂടാക്കാൻ വെയ്ക്കുമ്പോൾ അടച്ചു വയ്ക്കരുത്. തുറന്നു തന്നെ വയ്ക്കണം. വെള്ളം വറ്റി കഴിയുമ്പോൾ നാൻ പാനിൽ നിന്നും മാറ്റാം. ഇനി കഴിച്ചു നോക്കൂ...കട്ടിയായിരുന്ന നാൻ വളരെ പെട്ടെന്ന് തന്നെ സോഫ്റ്റ് ആയി മാറിയത് കാണാം. ഇങ്ങനെ ചെയ്യുമ്പോൾ രണ്ടുഭാഗവും ചൂടാക്കേണ്ടതില്ല എന്നുകൂടി ഓർക്കണം.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയ്ക്കു വൻസ്വീകാര്യതയാണ് ലഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ 20 ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്. ഏറെ പേരും ഈ പുതുവഴി പരിചയപ്പെടുത്തിയതിനു നന്ദി അറിയിച്ചുകൊണ്ടാണ് കമെന്റുകൾ എഴുതിയിരിക്കുന്നത്. നാൻ പോലുള്ളവ ചൂടാക്കാൻ തങ്ങൾ പരീക്ഷിക്കുന്ന കാര്യങ്ങൾ ചിലർ വിഡിയോയുടെ താഴെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കുക്കറിൽ വെച്ച് ചൂടാക്കിയെടുക്കാമെന്നും കുറച്ചു വെള്ളം തളിച്ച് മൈക്രോവേവിൽ വെച്ച് ചൂടാക്കിയെടുത്താലും ഇതുപോലെ തന്നെ സോഫ്റ്റ് ആയി കിട്ടുമെന്നുമൊക്കെയാണ് ചിലർ കമെന്റ് ആയി എഴുതിയിട്ടുള്ളത്.
English Summary: Viral hack shows how to reheat naan without drying it out