ADVERTISEMENT

കറികളിൽ മാത്രമല്ല ഔഷധങ്ങളിലും പ്രത്യേക സ്ഥാനമുണ്ട് ഇഞ്ചിയ്ക്ക്. കറികളുടെ രുചിയും മണവും വർധിപ്പിക്കാൻ ഇഞ്ചിയ്ക്ക് സാധിക്കും. പ്രധാനമായും രണ്ടുതരത്തിൽ ഇഞ്ചി കാണുവാൻ കഴിയും. ഉണക്കിയതും പച്ചയും. ഉണക്കിയ ഇഞ്ചി, ചുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. ധാരാളം ഔഷധങ്ങളിൽ പ്രധാന കൂട്ടായി ചുക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ഇഞ്ചിയും ചുക്കും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്നും അവയുടെ ഉപയോഗമെന്തെന്നും നോക്കാം. 

 

വിഭവങ്ങളുടെ രുചി വർധിപ്പിക്കാൻ ഒരു പ്രധാന ചേരുവയായി ഇഞ്ചി ലോകമെങ്ങും ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഗന്ധവും ഗുണങ്ങളും കറികൾക്ക് വേറിട്ടൊരു സ്വാദ് സമ്മാനിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ആർക്കുമുണ്ടാകുകയില്ല. ഫ്രൈ ചെയ്യുന്നതിലും കറികളിലും സൂപ്പിലും എന്നുവേണ്ട പല തരത്തിലുള്ള വിഭവങ്ങളിൽ ഇഞ്ചി ഉപയോഗിച്ച് വരുന്നു. തീർന്നില്ല, ചായ, സ്മൂത്തികൾ, ലെമണേഡ് എന്നിവയിലും ഒരു ചെറിയ കഷ്ണം ഇഞ്ചി ചേർത്താൽ രുചിയും മണവും ഇരട്ടിക്കും. കുക്കീസ്‌, ജിഞ്ചർ ഹൽവ, കേക്ക്, ലഡ്ഡു എന്നിവയിലെന്നു വേണ്ട ഇഞ്ചി പ്രധാന ചേരുവയായ അച്ചാറുകൾ വരെ നമ്മുടെ നാട്ടിൽ സുലഭമാണ്. 

 

ഉണങ്ങിയ ഇഞ്ചിയെ ചുക്ക് എന്നാണ് വിളിക്കുന്നത്. പൊടിച്ചാണ് പലതിലും കൂട്ടായി ഉപയോഗിക്കുന്നത്. കറി പൗഡറുകൾ, ഗരം മസാല, എന്നിവയിലും ചായയിലും എന്നുവേണ്ട പായസങ്ങൾ, ലഡു, കേക്ക്, ചട്ണി, കുക്കീസ്‌ എന്നിവയിലെല്ലാം ചുക്ക് പൊടിച്ചു ചേർക്കാറുണ്ട്. ചുക്ക് ഉപയോഗിച്ച് കാപ്പി ഉണ്ടാക്കി കഴിക്കുന്നത് ചെറിയ ജലദോഷങ്ങൾക്കു പ്രതിവിധിയാണ്. 

 

ഇഞ്ചിയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുവാൻ കഴിയും. ദഹന സംബന്ധമായ പ്രശ്നങ്ങൾ, മനം പിരട്ടൽ, വയറു കമ്പിക്കുക തുടങ്ങിയവയിൽ നിന്നും താൽക്കാലിക ആശ്വാസം നേടാൻ ഇഞ്ചി കൊണ്ട് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി - ഇൻഫ്ളമേറ്ററി വസ്തുക്കൾ പേശിവേദന, വാതം എന്നിവ കുറയ്ക്കാൻ സഹായിക്കും.ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സി യും പ്രതിരോധ ശേഷി വർധിപ്പിക്കും. ഗർഭാവസ്ഥയിലെ ആദ്യത്തെ മാസങ്ങളിൽ രാവിലെ അനുഭവപ്പെടുന്ന ശാരീരിക പ്രശ്നങ്ങൾക്കും ഇഞ്ചി ഒരു പരിഹാരമാർഗമാണ്.

 

ഇഞ്ചി ഉണക്കി ചുക്ക് ആക്കുമ്പോൾ അതിൽ നിന്നും ചെറിയ അളവിൽ പോഷകങ്ങൾ നഷ്ടപ്പെടാനിടയുണ്ട്. എന്നിരുന്നാലും ഏറെ ഉപകാരപ്രദമായ ഗുണങ്ങൾ പ്രദാനം ചെയ്യാനിതിനു കഴിയും. ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളിൽ നിന്നും ആശ്വാസം നൽകും. മാത്രമല്ല, ചില പഠനങ്ങൾ പറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിർത്താൻ ചുക്കിന് കഴിയുമെന്നാണ്. ഛർദ്ദി, വയറിളക്കം പോലുള്ള ഉദരരോഗങ്ങൾക്കു പ്രതിവിധിയായും ചുക്ക് ഉപയോഗിച്ചുവരുന്നു. 

 

ഇഞ്ചിയ്ക്കും ചുക്കിനും രണ്ടുതരത്തിലുള്ള മണവും ഗുണങ്ങളുമാണ്. മാത്രമല്ല, അടുക്കളയിലും വ്യത്യസ്ത ആവശ്യങ്ങൾക്കാണ്‌ ഇവ ഉപയോഗിച്ച് വരുന്നത്. കറികളിൽ കൂടുതലായും ഇഞ്ചി ഉപയോഗിക്കുമ്പോൾ ചുക്ക് ഔഷധങ്ങളിലാണ് പ്രധാനക്കൂട്ടാകുന്നത്. കറികളിലെ രുചിയും മണവും വർധിപ്പിക്കാൻ മാത്രമല്ല, അതിനു പോഷകഗുണം നൽകാനും ഇഞ്ചിയ്ക്കു കഴിയും. നന്നായി ഉണങ്ങിയ ചുക്ക് ഒരുപാട് നാളുകൾ കേടുകൂടാതെയിരിക്കും. മാത്രമല്ല, ലഡ്ഡു പോലുള്ള മധുര പലഹാരങ്ങൾക്കു പ്രത്യേക ഗന്ധവും രുചിയും നല്കാൻ ചുക്ക് പൊടിയ്ക്ക് കഴിയും. ഇനിയിപ്പോൾ കറിയിലിടാൻ നോക്കുമ്പോൾ ഇഞ്ചി തീർന്നുപോയാൽ കടയിലേക്ക് ഓടാൻ നിൽക്കണ്ട. ചുക്ക് പൊടിച്ചത് അല്പം ചേർത്ത് കൊടുത്താലും മതിയാകും.

English Summary: Difference between dry ginger and fresh ginger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com