ADVERTISEMENT

ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളില്‍ വെളിച്ചെണ്ണ എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇന്ന് വിപണിയില്‍ ഒട്ടേറെ വെളിച്ചെണ്ണ ബ്രാന്‍ഡുകളുണ്ട്. വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതും വളരെ വ്യാപകമാണ്. പല ബ്രാന്‍ഡ്‌ വെളിച്ചെണ്ണകളും മായം ചേര്‍ക്കല്‍ നിരോധന നിയമ പ്രകാരം നിരോധിക്കപ്പെട്ടതാണെങ്കിലും ഇവ പേരും രൂപവുമെല്ലാം മാറ്റി വീണ്ടും വീണ്ടും വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇങ്ങനെയുള്ള അഡിറ്റീവുകളും പ്രിസർവേറ്റീവുകളും  ഇല്ലാതെ വെളിച്ചെണ്ണ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അല്‍പ്പം പണിയുണ്ടെങ്കിലും രുചിയിലും സൗരഭ്യത്തിലും ഈ വെളിച്ചെണ്ണയ്ക്ക് പകരം നില്ക്കാന്‍ മറ്റൊന്നിനുമാവില്ല. മാത്രമല്ല, പ്രിയപ്പെട്ടവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഇതുവഴി സാധിക്കും. പണ്ടുകാലത്തൊക്കെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ശുദ്ധമായ വെളിച്ചെണ്ണയെ ഉരുക്ക് വെളിച്ചെണ്ണ എന്ന് വിളിക്കാറുണ്ട്.  വളരെ കുറഞ്ഞ ചൂടില്‍ തയ്യാറാക്കിയെടുക്കുന്ന വെളിച്ചെണ്ണയാണിത്‌. ഈ രീതി എണ്ണയുടെ സ്വാഭാവിക പോഷകഗുണങ്ങള്‍  സംരക്ഷിക്കുന്നു. ആന്‍റി ഓക്‌സിഡന്റുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ എന്നിവ നഷ്ടപ്പെടാതെ കാക്കുന്നു. 

ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍
സാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ആരോഗ്യകരമായ രൂപമായി കണക്കാക്കപ്പെടുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടി) കൊണ്ട് സമ്പന്നമാണ് വെളിച്ചെണ്ണ. അപൂരിത ഒമേഗ -6 ഫാറ്റി ആസിഡായ ലിനോലെയിക് ആസിഡും വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡ്, എൻഡോക്രൈൻ ഗ്രന്ഥികളുടെ പ്രവർത്തനത്തെ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നതിൽ പങ്കുവഹിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയിൽ 50% ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്‍റെ അളവ് നിലനിർത്താനും ഉയർന്ന രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാനും സഹായിക്കുന്നു. ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാന്‍ കഴിവുള്ള ലോറിക് ആസിഡ് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉള്ളത് ഉരുക്ക് വെളിച്ചെണ്ണയിലാണ്. ഹൃദയത്തെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കാനും ഉരുക്ക് വെളിച്ചെണ്ണ സഹായിക്കുന്നു.മുതിര്‍ന്നവരില്‍ ഇത് രക്തത്തിലെ ഗ്ലുക്കോസിന്‍റെ ഉപയോഗം ത്വരിതപ്പെടുത്തുകയും ഇന്‍സുലിന്‍ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ പ്രമേഹം നിയന്ത്രിക്കും.  ക്യാന്‍സര്‍പോലുള്ള രോഗങ്ങള്‍ക്കെതിരെപ്പോലും പ്രതിരോധശേഷി നേടിത്തരാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്.

ചർമ സംരക്ഷണത്തിന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുക്കു വെളിച്ചെണ്ണ. പണ്ടുകാലത്ത് കൊച്ചു കുട്ടികള്‍ക്ക് ഈ വെളിച്ചെണ്ണ മാത്രമായിരുന്നു നല്‍കിയിരുന്നത്. ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തലമുടി മുടി തഴച്ചു വളരാനും ഇത് സഹായിക്കും

വീട്ടിൽ  ഉരുക്കു വെളിച്ചെണ്ണ എങ്ങനെ ഉണ്ടാക്കാം?
1. ആദ്യം തന്നെ വെളിച്ചെണ്ണ ഉണ്ടാക്കാനുള്ള തേങ്ങയെടുത്ത് നന്നായി ചിരകി പാല്‍ എടുക്കണം. ഇതിനായി ചിരകിയ തേങ്ങ ഇഡ്ഡലി തട്ടിൽ വച്ച് ആവി കയറ്റി പുഴുങ്ങി എടുക്കുക. ഇത് മസ്ലിൻ തുണിയിൽ കെട്ടി പിഴിഞ്ഞെടുക്കുക. 

2. ചെമ്പിന്റെ ഉരുളിയിൽ തേങ്ങാ പാൽ ഒഴിച്ച് തിളപ്പിക്കുകയാണ് അടുത്ത പടി. 2 മുതൽ 3 മണിക്കൂർ വരെ ചെറിയ തീയില്‍ തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കണം.

3. തേങ്ങാ പാലിന്റെ മൂപ്പറിയാൻ ഒരു കഷ്ണം ഉള്ളി അതിൽ ഇട്ടു നോക്കുക. പാകമായെങ്കിൽ ഉള്ളി ചുവന്നു വരും. 

4. നന്നായി തിളച്ചു വറ്റുമ്പോൾ അടിയില്‍ ബ്രൌണ്‍ നിറത്തില്‍ അതിന്‍റെ മട്ട് ഊറി വരുന്നത് കാണാം.ഈ മട്ട് മാറ്റിയതിനു ശേഷം ബാക്കിവരുന്ന തെളി എണ്ണ എടുത്തു സൂക്ഷിച്ചു വയ്ക്കാം.

വീട്ടിലുണ്ടാക്കുന്ന ഈ വെളിച്ചെണ്ണ വായു കടക്കാത്ത പാത്രത്തിലാക്കി സൂര്യപ്രകാശം നേരിട്ട് കിട്ടാത്ത ഇടത്തില്‍ സൂക്ഷിച്ചാല്‍ 8 മാസം മുതൽ ഒരു വര്‍ഷം വരെ കേടാകാതിരിക്കും.

മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ

English Summary: No Preservatives, No Additives - Make Pure Coconut Oil At Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com