അയ്യോ പാത്രം കരിഞ്ഞു പിടിച്ചോ? ഈ എളുപ്പവഴിയിലൂടെ സ്റ്റീൽ പാത്രങ്ങൾ വെളുപ്പിക്കാം
Mail This Article
പാചകം ഇഷ്ടപ്പെടുന്നവർ പോലും ചിലപ്പോൾ തീരെ താൽപര്യമില്ലാതെ ചെയ്യുന്ന ഒന്നാകും അതൊക്കെ ഉമ്ടാക്കിയ പാത്രങ്ങൾ വൃത്തിയാക്കുന്നത്. സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ ആണെങ്കിൽ പറയുകയും വേണ്ട. കരിഞ്ഞതും അടിക്കുപിടിച്ചതുമായ അത്തരം പാത്രങ്ങൾ വൃത്തിയാക്കിയെടുക്കുക എന്നത് ഒരു ഭരീരഥപ്രയത്നം തന്നെയാണ്. എന്നാൽ ഇനി പറയാൻ പോകുന്ന ചില പൊടികൈകളിലൂടെ നമുക്ക് അടുക്കളയിലെ കരിഞ്ഞ സ്റ്റീൽ പാത്രങ്ങൾ തിളക്കമുള്ളവയാക്കിയെടുക്കാം. എന്നുമാത്രമല്ല നിങ്ങൾ അടുക്കളയിൽ ചെലവഴിക്കുന്ന സമയവും ഊർജവും ലാഭിക്കാനും കഴിയുന്ന സ്‌മാർട്ട് വഴികളാണ് ഇനി പറയാൻ പോകുന്നത്.
1. ബേക്കിങ് സോഡ എപ്പോഴും നിങ്ങളുടെ രക്ഷയ്ക്കുണ്ട്
ബേക്കിങ് സോഡയ്ക്ക് കേക്ക് ബാറ്ററിൽ ചേർക്കുന്നതല്ലാതെ മറ്റൊരു ഉപയോഗവുമില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ തീർത്തും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്ന് വേണം കരുതാൻ. സ്റ്റീൽ പാത്രങ്ങൾ യാതൊരു തടസ്സവുമില്ലാതെ വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു അത്ഭുതകരമായ ഡിറ്റർജന്റാണിത്. കരിപുരണ്ട പാത്രത്തിൽ ബേക്കിംഗ് സോഡയുടെ പേസ്റ്റ് പുരട്ടി രാത്രി മുഴുവൻ വയ്ക്കണം. ഇത് കറകളെ മൃദുവാക്കും, പിന്നെ രാവിലെ കഴുകാൻനേരം കുറച്ച് ഡിഷ്വാഷിംഗ് സോപ്പ് ഉപയോഗിച്ചാൽ എളുപ്പത്തിൽ നീക്കം ചെയ്യാം.
2. കോളയുണ്ട്, വഴിയുണ്ട്
ഗ്യാസുപോയ കോളയെ എന്ത് ചെയ്യണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അതിനുള്ള പരിഹാരം ഇതുതന്നെ. സ്റ്റീൽ പാത്രങ്ങളിലെ കരിഞ്ഞ പാടുകൾ വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാം. കോള അസിഡിറ്റി ഉള്ളതിനാൽ ചട്ടികളിലെ കരിഞ്ഞപാടുകൾ കളയുന്നു. പാനിലേക്ക് കുറച്ച് കോള ഒഴിക്കുക, പതുക്കെ തിളപ്പിക്കുക, തുടർന്നത് ചുടാറാനായി മാറ്റിവയ്ക്കണം. ആറിക്കഴിയുമ്പോൾ ഒന്ന് ഉരച്ചുനോക്കു.
3. നാരങ്ങയും ഉപ്പും
നമ്മളിൽ ചിലരെങ്കിലും ഇത് പരീക്ഷിച്ച് നോക്കിയിട്ടുണ്ടാകും.നാരങ്ങാനീരും ഉപ്പും മിക്‌സ് ചെയ്ത് കരിഞ്ഞ് പാടുവന്ന സ്റ്റീൽ പാത്രത്തിൽ പരത്തുക. ഒരു 15 മിനിറ്റെങ്കിലും അങ്ങനെ ഇരിക്കട്ടെ. അതിനുശേഷം കുറച്ച് ഉപ്പ് കൂടി വിതറി നല്ലതുപോലെ കവുകി കറ കളയുക.
4. തക്കാളി സോസ് കഴിക്കാൻ മാത്രമല്ല, കറ കളയാനും നല്ലതാണ്
പലരുടേയും പ്രിയപ്പെട്ട തക്കാളി സോസ് ഒരു മികച്ച ക്ലീനിംഗ് സഹായിയാണെന്ന് എത്രപേർക്കറിയാം? ഇത് അസിഡിറ്റി സ്വഭാവമുള്ളതിനാൽ സ്റ്റീൽ പാത്രങ്ങളിലെ ഏത് കരിഞ്ഞുണങ്ങിയ കറയും എളുപ്പത്തിൽ കളയാൻ സഹായിക്കുന്നു. തക്കാളി ചതച്ചതും ഇങ്ങനെ ഉപയോഗിക്കാം. പൊള്ളലേറ്റ ഭാഗത്ത് കുറച്ച് തക്കാളി സോസ് അല്ലെങ്കിൽ ചതച്ച തക്കാളി പുരട്ടുക, കുറച്ച് വെള്ളം ചേർത്ത് തിളപ്പിക്കുക. വെറുതെ ഒന്ന് ഉരച്ചുകഴുകിയാൽ തിളങ്ങുന്ന പാത്രം റെഡി
5. പാത്രം കഴുകുന്നതിനുള്ള സോപ്പ് തിളപ്പിക്കുക
കരിഞ്ഞ സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ മാർഗമാണിത്. ഡിഷ് വാഷിംഗ് സോപ്പ് ഉപയോഗിച്ച് നേരിട്ട് സ്‌ക്രബ്ബ് ചെയ്യുന്നതിനു പകരം സ്റ്റീൽ പാനിൽ കുറച്ച് വെള്ളമൊഴിച്ച് സോപ്പും ചേർത്ത് തിളപ്പിക്കുക. തുടർന്ന് നല്ലതുപോലെ സ്ക്രബ് ചെയ്താൽ എല്ലാ കറകളും മാറും. അടുത്ത തവണ സ്റ്റീൽ പാത്രങ്ങളും കരിഞ്ഞുപോയാൽ, ആശയക്കുഴപ്പത്തിലാകരുത്! പകരം, ഈ പറഞ്ഞ വഴികളിലൊന്ന് ചെയ്തുനോക്കു…
English Summary: Burnt Stains! Sparkle Your Steel Cookware In 5 Easy Ways